Categories
opinion

മതേതര മലയാളി വോട്ടര്‍ ഇപ്പോഴുണ്ടോ കേരളത്തില്‍ …?

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് എന്റെ ഒരു സുഹൃത്ത് ഉന്നയിച്ച സംശയം ജാതി,മത, വിശ്വാസ വോട്ടുബാങ്കില്‍പ്പെടാത്ത വോട്ടുകള്‍ എത്രയുണ്ടാവും കേരളത്തില്‍ എന്നതായിരുന്നു. മാധ്യമങ്ങളില്‍, രാഷ്ട്രീയ പാര്‍ടികളുടെ ഗൂഢമായ ആലോചനകളില്‍, വോട്ടു ചര്‍ച്ചകളില്‍ എല്ലാം ചൂടുപിടിച്ചിരുന്ന പ്രധാന വിഷയം വോട്ടുകളുടെ വിവിധ ബ്ലോക്കുകളെക്കുറിച്ചായിരുന്നു. ജാതി, മതം, മതത്തില്‍ തന്നെയുള്ള പക്ഷങ്ങള്‍, ദൈവ വിശ്വാസം എന്നിവയ്ക്കനുസരിച്ച് തരംതിരിക്കപ്പെട്ട വോട്ടുകൂട്ടങ്ങള്‍. ഇത്തരം ബ്ലോക്കുകള്‍ എത്രയെണ്ണം ആര്‍ക്ക് ലഭിക്കും എന്ന ആലോചന, അവ ലഭ്യമാക്കാന്‍ എന്തു ചെയ്യണമെന്ന ആലോചന. ജാതിമത സമവാക്യങ്ങളിലൂന്നിയ ബലാബല ചര്‍ച്ചകള്‍ കേരളത്തില്‍ ഇത്രയധികം അരങ്ങേറിയ മറ്റൊരു തിരഞ്ഞെടുപ്പുവേള മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് മതേതര കേരളത്തിന്റെ നവോത്ഥാനമൂല്യത്തുടര്‍ച്ചയില്‍ ഇ്‌പ്പോള്‍ നാം കാണേണ്ട പ്രഹേളിക.

മുമ്പ് ന്യൂനപക്ഷങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന അംഗീകൃത വോട്ടു ബാങ്കുകള്‍. പ്രധാനമായും മുസ്ലീങ്ങളും ക്രിസ്ത്യാനികളും. ക്രിസ്ത്യാനികളില്‍ തന്നെ യാക്കോബായക്കാരും ഓര്‍ത്തഡോക്‌സ്‌കാരും ലത്തീന്‍ കത്തോലിക്കരും എന്നിങ്ങനെ. ഹിന്ദുക്കള്‍ എന്ന ഭൂരിപക്ഷ സമുദായ വോട്ടര്‍മാര്‍ ബാങ്കുവല്‍ക്കരിക്കപ്പെട്ട വോട്ടുസമൂഹമായി കണക്കാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കുറച്ചു കാലമായി ഹിന്ദുക്കള്‍ എന്ന പൊതുവിഭാഗം ഇല്ലാതാവുകയും നായന്‍മാര്‍, ഈഴവന്‍മാര്‍ എന്നിങ്ങനെ വോട്ടുബാങ്കുകളായി മാറുകയും ചെയ്തു എന്ന നിലയിലുള്ള ചര്‍ച്ചകളാണ്. സവര്‍ണഹിന്ദുക്കള്‍, അവര്‍ണ ഹിന്ദുക്കള്‍ എന്നിങ്ങനെ വേര്‍തിരിച്ച് വോട്ടുകൂട്ടങ്ങളാക്കി നിര്‍ത്തുന്ന രീതിയും വികസിച്ചു വന്നിരിക്കുന്നു. അതായത് വിവിധ ബ്ലോക്കുകളിലായല്ലാതെ ചിന്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന ഒരു സമൂഹം കേരളത്തില്‍ ഇല്ലാതായിക്കഴിഞ്ഞു എന്ന കാലാവസ്ഥ. ഇതിനിടയില്‍, രാഷ്ട്രീയമായ അളവു തൂക്കങ്ങള്‍ നോക്കി വോട്ടു ചെയ്യുന്ന മതനിരപേക്ഷ സാമൂഹ്യ മലയാളി എന്ന ഒരു വിഭാഗം ഇല്ലാതായോ… നായരും ഈഴവനും ദളിതനും ഇ.കെ.സുന്നിയും എ.പി.സുന്നിയും യാക്കോബായയും ഓര്‍ത്തഡോക്‌സും ലത്തീന്‍ കത്തോലിക്കനും ഹിന്ദു നാടാരും ക്രിസ്ത്യന്‍ നാടാരും ഒക്കെയായി മലയാളി പൂര്‍ണമായും മാറ്റപ്പെട്ടുവോ. സ്വന്തം മത, വിശ്വാസ അതിരുകളില്‍ നിന്നും അകന്നു നിന്ന് രാഷ്ട്രീയം കൊണ്ട്, മൂല്യങ്ങള്‍ കൊണ്ട് സര്‍ക്കാരുകളെ അളക്കുന്ന തിരഞ്ഞെടുപ്പു കാലം പഴങ്കഥയാണോ..ഇതാണ് ഉയരുന്ന ചില ചോദ്യങ്ങള്‍.

thepoliticaleditor

ഹിന്ദു വോട്ട്ബാങ്ക്

നേരത്തെ മുസ്ലീം, ക്രിസ്ത്യന്‍ വോട്ടു ബാങ്കുകളെ കുറിച്ചു മാത്രമാണ് ഇടതു വലതു രാഷ്ട്രീയമുന്നണികള്‍ വ്യാകുലപ്പെടാറുള്ളത്. പ്രീണിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കാറുള്ളതും. എന്നാല്‍ ബി.ജെ.പി. എന്ന രാഷ്ര്ടീയ പാര്‍ടി മറ്റൊരു തരം വോട്ടുബാങ്ക് ഇവിടെ ഉയര്‍ത്തിക്കൊണ്ടുവന്നു–ഹിന്ദു വോട്ട്ബാങ്ക്. ബി.ജെ.പി. ഇക്കാര്യം ചെയ്യുന്നതിനു മുമ്പ് നായര്‍ വോട്ടുബാങ്കാണെന്ന് അവകാശപ്പെട്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയും ഈഴവ വോട്ടുബാങ്ക് ആണെന്ന് അവകാശപ്പെട്ട് എസ്.എന്‍.ഡി.പി.യും ഇവിടെ ഉണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ ഇടതിനൊപ്പമെന്ന് തോന്നിപ്പിക്കും, മറ്റു ചിലപ്പോള്‍ കോണ്‍ഗ്രസിനൊപ്പമെന്ന് തോന്നിപ്പിക്കും. എന്ത് തോന്നിപ്പിച്ചാലും ഈ ഹിന്ദുവോട്ടുകള്‍ ഏറെയൊന്നും മത,വിശ്വാസാധിഷ്ഠിത വോട്ടുകളായി മാറിയില്ല. സമുദായ നേതാക്കള്‍ പറയുന്നതനുസരിച്ച് ആ വോട്ടുകള്‍ വീണതുമില്ല. ഹിന്ദുവോട്ടിനെ സ്വാധീനിച്ചത് വോട്ടര്‍മാരുടെ വ്യക്തിപരമായ രാഷ്ട്രീയം തന്നെയായിരുന്നു.

മൂന്നാം മുന്നണി

അവിടേക്കാണ് പത്തു കൊല്ലം മുമ്പ് ബി.ജെ.പി. ഒരു മൂന്നാം മുന്നണിയുണ്ടാക്കി രംഗത്തു വരുന്നത്. അവര്‍ ആദ്യം നമ്പൂതിരി, നായര്‍, ഈഴവ സമുദായ വോട്ടുകളിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചു. എസ്.എന്‍.ഡി.പി. എന്ന സംഘടനയെക്കൊണ്ട് ഒരു രാഷ്ട്രീയപാര്‍ടി ഉണ്ടാക്കിച്ചു. ആ പാര്‍ടിയുടെ പേര് ഒന്നിരുത്തി ഉരുവിട്ടു നോക്കൂ- ഭാരത ധര്‍മ ജനസേന. ഈ പേരിലെ ചില മൗനമുദ്രകള്‍ എന്തിനെ സൂചിപ്പിക്കുന്നു. ബി.ഡി.ജെ.എസ് എന്ന പാര്‍ടിയുടെ പ്രധാന ഭാരവാഹികളിലൊരാള്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരി ആയതിന്റെ പിന്നിലെന്താണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഏകോപിപ്പിക്കാനായി എന്‍.എസ്,എസും എസ്.എന്‍.ഡി.പി.യും സഖ്യമാകുകയും ആ സഖ്യം സ്വാഭാവികമായ വൈരുദ്ധ്യങ്ങളാല്‍ പൊട്ടിപ്പിളരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബി.ഡി.ജെ.എസ്. എന്ന മറ്റൊരു പരീക്ഷണത്തിന് വെള്ളാപ്പള്ളി നടേശന്റെ സംഘടന തയ്യാറായത് എന്നത് ഓര്‍ക്കണം. ബി.ജെ.പി.ക്ക് കൃത്യമായും പാകമായ ഒരു ടെയ്‌ലര്‍ മെയ്ഡ് പാര്‍ടി ഉണ്ടാക്കുക എന്ന ഹിന്ദുത്വ തന്ത്രം ഈ രീതിയിലാണ് ഫലിച്ചത് എന്നും കാണാം. ബി.ജെ.എസ്-നെ ബി.ജെ.പി. സ്വന്തം പക്ഷത്തേക്കെടുത്ത് എന്‍.ഡി.എ. മുന്നണിയിലാക്കി. ഇടതുപക്ഷത്തിന്റെ അതിശക്തമായ വോട്ടുബാങ്കിലേക്കുള്ള കടന്നുകയറ്റശ്രമമായിരുന്നു അത്.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയിലൂടെ ഭൂരിപക്ഷ ഹിന്ദു വോട്ടുബാങ്കിനെ വശത്താക്കാനും ബി.ജെ.പി. ശ്രമിച്ചു. പെരുന്നയിലേക്ക് ബി.ജെ.പി.യുടെ അഖിലേന്ത്യാ നേതാക്കള്‍ എത്തി മന്നം സമാധിയില്‍ മുട്ടുകുത്തി. കേരളത്തിനു പുറത്ത് സവര്‍ണഹിന്ദു വോട്ടുകള്‍ പിടിച്ചെടുത്താണ് ബി.ജെ.പി. വളര്‍ന്നതെങ്കില്‍ കേരളത്തില്‍ ഹിന്ദുക്കളുടെ പാര്‍ടി എന്ന സ്വത്വം ഉണ്ടാക്കാന്‍ നാളിതുവരെയും അവര്‍ക്ക് സാധിച്ചിരുന്നില്ല. കാരണം സവര്‍ണഹിന്ദുക്കളില്‍ ഗണ്യമായൊരു വിഭാഗം കമ്മ്യൂണിസ്റ്റുകാരും ഇടത് അനുഭാവികളുമായിരുന്നു. ബാക്കിയുള്ളവര്‍ ഉറച്ച കോണ്‍ഗ്രസുകാരും. ഈ കുത്തക തകര്‍ത്ത് ഹിന്ദുഭൂരിപക്ഷത്തെ സ്വന്തം തട്ടകത്തിലേക്കു നേരിട്ടു കൊണ്ടുവരാനുള്ള കെല്‍പ് കേരളത്തില്‍ ബി.ജെ.പി.ക്ക് ഇല്ലായിരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ പച്ചവര്‍ഗീയത പറഞ്ഞും പ്രവര്‍ത്തിച്ചും ഹിന്ദു-മുസ്ലീം ധ്രുവീകരണമുണ്ടാക്കാന്‍ എളുപ്പമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം തന്ത്രങ്ങള്‍ ഫലിപ്പിക്കുക എളുപ്പമല്ലായിരുന്നു. അതിനാലാണ് എന്‍.എസ്.എസിലൂടെ കടന്നുകയറുക എന്ന സാഹസത്തിന് ബി.ജെ.പി. മുതിര്‍ന്നത്.

എന്നാല്‍ ഇത് രണ്ടും ഫലപ്രദമായില്ല. ബി.ഡി.ജെ.എസിന് ഈഴവരെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയത്തിനു കീഴില്‍ കൊണ്ടുക്കെട്ടാന്‍ കഴിഞ്ഞില്ല. അതു പോലെ ശബരിമലസമരത്തിലൂടെ തിരിച്ചറിയപ്പെട്ട വലിയൊരു യാഥാര്‍ഥ്യം സവര്‍ണ ഹിന്ദുസമുദായം ഇടതുപക്ഷത്തിനൊപ്പം നിന്നില്ലെങ്കില്‍ പോലും ബി.ജെ.പി.ക്കൊപ്പം നില്‍ക്കുകയില്ല എന്നതായിരുന്നു. ശബരിമലസമരം നയിച്ചത് മുഴുവന്‍ ആര്‍.എസ്.എസും ബി.ജെ.പി.യും പക്ഷേ രാഷ്ട്രീയ നേട്ടം കൊയ്തത് കോണ്‍ഗ്രസും. എങ്കിലും, വളരെ വ്യക്തമായി ഹിന്ദുക്കളെ വൈകാരികമായി ഒന്ന് ഇളക്കി പ്രതിഷ്ഠിക്കാന്‍ ശബരിമല സമരത്തിലൂടെ സംഘപരിവാറിന് കഴിഞ്ഞു. ഇടതു, കോണ്‍ഗ്രസ് മുന്നണികളിലെ ഹിന്ദുക്കളില്‍ മൃദുഹിന്ദുത്വ വിത്തുകള്‍ വിതയ്ക്കാന്‍ സാധിക്കുകയും ചെയ്തു.

ബി.ജെ.പി.യുടെ വോട്ടു വിഹിതം

ശബരിമല വിധിയും പ്രക്ഷോഭവും എല്ലാമുണ്ടായതിനു പിറകെ നടന്ന 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വോട്ടു വിഹിതം 15.54 ആയി ഉയര്‍ന്നത് ഇതിനുദാഹരണമാണ്. കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി. അതിന്റെ വോട്ടുവിഹിതം കൂട്ടാന്‍ കഠിനശ്രമം നടത്തി വരികയായിരുന്നു. 2006-ല്‍ അവരുടെ വോട്ടുവിഹിതം 4.72 മാത്രമായിരുന്നു. അക്കാലത്ത് ഇടതുമുന്നണിക്ക് 48.63 ശതമാനവും യു.ഡി.എഫിന് 42.98 ശതമാനവും വോട്ട് ഉണ്ടായിരുന്നു. 2011 ആയപ്പോള്‍ ബി.ജെ.പി.യുടെ വോട്ട് 6.03 ശതമാനമായി വര്‍ധിച്ചു. അഞ്ചു വര്‍ഷം കൊണ്ട് ഒരു ശതമാനം മാത്രം. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ബി.ജെ.പി.യുടെ വോട്ടു വിഹിതം 14.96 ശതമാനമായി ഉയര്‍ന്നു. ഏകദേശം 15 ശതമാനം തന്നെ. ഈ സമയത്ത് യു.ഡി.എഫിന്റെ വോട്ടുവിഹിതം ഏഴ് ശതമാനം കുറഞ്ഞ് 38.81 ആവുകയും ചെയ്തു. സൂചന വ്യക്തമാണ്. കോണ്‍ഗ്രസില്‍ നി്ന്നും ബി.ജെ.പി.യിലേക്കുള്ള അടിയൊഴുക്കിന്റെ തുടക്കം. കോണ്‍ഗ്രസ് ജയിക്കുന്ന നേമം മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഒ.രാജഗോപാലിനെ വിജയിപ്പിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുകളാണ് എന്നത് പരസ്യമായി. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തായ തിരഞ്ഞെടുപ്പായിരുന്നു 2016-ലെത്. കോണ്‍ഗ്രസിലെ ഹിന്ദുവോട്ടുകളില്‍ കുറേ പിടിച്ചെടുക്കാന്‍ ബി.ജെ.പി.ക്ക് പിന്നീടും കഴിഞ്ഞു. നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും കുറച്ച് സംസ്ഥാന നേതാക്കളും ബി.ജെ.പി.യിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു.

കേന്ദ്ര ഭരണകക്ഷിയെന്ന സ്വാധീനവും മതേതരഹിന്ദുക്കളില്‍ വേരൂന്നിയ മൃദുഹിന്ദുത്വവും ചേര്‍ന്ന് ബി.ജെ.പി.ക്ക് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ നല്ലൊരു കസേരയാണ് കിട്ടിയത്. അതോടെയാണ് ഹിന്ദുവോട്ട്ബാങ്കിനെ ഇടതു-വലതു രാഷ്ട്രീയ മുന്നണികള്‍ മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ കാണാനാരംഭിച്ചത്. ബി..ജെ.പി.യോട് മതേതര കേരളത്തിന് മുമ്പത്തെപ്പോലെ തൊട്ടുകൂടായ്മ ഇല്ല എന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞു. 15 ശതമാനം വോട്ട് വിഹിതം എന്നത് ഇടതു മുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും ആകുലത ഉണ്ടാക്കുന്ന കണക്കായി മാറി. ബി.ജെ.പി.ക്ക് കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിലും ജയിക്കാന്‍ സാധിക്കില്ലെങ്കില്‍പ്പോലും ഏത് മുന്നണി ജയിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന പ്രതിച്ഛായ വന്നത് നമ്മുടെ സംസ്ഥാനത്തെ പരാമ്പരാഗത അടിസ്ഥാന രാഷ്ട്രീയ ബലാബലത്തില്‍ വന്ന മാറ്റമായി കാണേണ്ടതുണ്ട്.

ശബരിമല പ്രക്ഷോഭാനന്തര തിരഞ്ഞെടുപ്പു ഫലം ബി.ജെ.പി.യെ പഠിപ്പിച്ച രണ്ടു പ്രധാന കാര്യങ്ങള്‍ ഇവയായിരുന്നു. ഒന്ന്- തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ ഹിന്ദുവോട്ട് ബാങ്ക് തങ്ങള്‍ക്കനുകൂലമായി ഉണ്ടാക്കിയെടുക്കുക വളരെ ശ്രമകരമാണ്. അത് സാധിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഇല്ലാതാക്കിയാലേ കഴിയൂ. രണ്ട്-ന്യൂനപക്ഷ വോട്ട്ബാങ്കുകളില്‍ തങ്ങള്‍ക്ക് കൂട്ടത്തില്‍ കിട്ടാവുന്ന സമുദായത്തെ ഒപ്പം കൊണ്ടുവന്നാലേ രാഷ്ട്രീയ അധികാരകക്ഷിയായി കേരളത്തില്‍ മാറുക സാധ്യമാകൂ. സംഘടിതവും പ്രബലവുമായ മുസ്ലീം വോട്ട് ബാങ്ക് തങ്ങള്‍ക്ക് സ്വാഭാവികമായും കിട്ടുകയില്ല. നിലവില്‍ കോണ്‍ഗ്രസിനൊപ്പമുള്ള മുസ്ലീങ്ങള്‍ പോലും മാനസികമായി ബി.ജെ.പി. വിരുദ്ധപക്ഷത്താണ്. മുസ്ലീങ്ങളെ മാറ്റി നിര്‍ത്തിയാല്‍ രണ്ടാമത്തെ പ്രബല ന്യൂനപക്ഷം ക്രിസ്ത്യാനികളാണ്. അവരെ സ്വാധീനിച്ചാല്‍ മധ്യ തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാവും. ഐക്യജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയശക്തിയില്‍ വിള്ളല്‍ വീഴ്ത്താനും കഴിയും. ഇതിനായി ബി.ജെ.പി. കെ.എം.മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനെയും കത്തോലിക്കാ സഭയെയും പാട്ടിലാക്കാന്‍ പല ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. കെ.എം.മാണിയുമായി ഇടഞ്ഞ് പുതിയ പാര്‍ടിയുണ്ടാക്കിയ പി.സി.തോമസിനെ മാത്രമേ എന്‍.ഡി.എ.ക്ക് കിട്ടിയുള്ളൂ.

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഇടതുപക്ഷം

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പരമ്പരാഗത രാഷ്ട്രീയപക്ഷം യു.ഡി.എഫിന്റെതായി മാറിയത് കുപ്രസിദ്ധമായ വിമോചന സമരത്തിനു ശേഷമാണ്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഇടതുപക്ഷം പിന്നീട് കിണഞ്ഞു ശ്രമിക്കുകയും പരാജയപ്പെട്ട ചില സാഹസനീക്കങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം കോണ്‍ഗ്രസില്‍ നിന്നും മാനസികമായി അകന്ന മുസ്ലീങ്ങളെ ഒപ്പം കൊണ്ടുവരാന്‍ സി.പി.എം. കാര്യമായി ശ്രമിച്ചു. ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലീംലീഗ് വിട്ട് പുറത്തു വന്നപ്പോള്‍ പുതിയ രാഷ്ട്രീയപ്രസ്ഥാനം ഉണ്ടാക്കി ഇടതുപക്ഷത്തേക്കു കൊണ്ടുവരാന്‍ പ്രോല്‍സാഹനം നല്‍കിയത് അന്നത്തെ സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ആയിരുന്നു. സേട്ട് രൂപീകരിച്ച പാര്‍ടിയെ കുടെ നിര്‍ത്താന്‍, ആ പാര്‍ടിയുടെ പേരില്‍ മുസ്ലീം എന്ന വാക്ക് ഒഴിവാക്കി ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പേര് നല്‍കാന്‍ ചരടുവലിച്ചത് സുര്‍ജിതിന്റെ പ്രായോഗിക ബുദ്ധി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഐ.എന്‍.എല്‍. എന്ന പാര്‍ടി പക്ഷേ മുസ്ലീംലീഗിന് പകരം വെക്കാവുന്ന ആള്‍ബലമുള്ള പ്രസ്ഥാനമായില്ല. ഐ.എന്‍.എലിന് കേരളത്തിലെ ഇടതുമുന്നണിയില്‍ അതുകൊണ്ടു തന്നെ പ്രവേശനം കിട്ടാന്‍ ഏറെക്കാലം കാത്തു നില്‍ക്കേണ്ടിയും വന്നു. അതേസമയം ക്രിസ്ത്യന്‍ സമുദായത്തിന്റെ ആധികാരിക രാഷ്ട്രീയ മുദ്ര വഹിക്കുന്ന കെ.എം.മാണി വിഭാഗം കേരള കോണ്‍ഗ്രസിന് ഈ കാത്തുനില്‍പ് വേണ്ടി വന്നതുമില്ല എന്ന കാര്യവും ശ്രദ്ധേയം. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.യുമായും പിന്നീട് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ.യുമായും ഉണ്ടാക്കിയ ്അനൗദ്യോഗിക സഖ്യങ്ങള്‍ ഇടതുമുന്നണിക്ക് രാഷ്ട്രീയമായി ഗുണം ഒന്നും ചെയ്തില്ല.

മാണിയുടെ ക്രിസ്ത്യന്‍ വോട്ടുബാങ്ക്

2015-ലെ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം.മാണി കോണ്‍ഗ്രസ്സുമായി ഇടഞ്ഞ് മുന്നണി വിട്ടപ്പോള്‍ മാണിയുടെ ക്രിസ്ത്യന്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ബി.ജെ.പി.യും ഇടതുപക്ഷവും ശ്രമങ്ങള്‍ നടത്തി. വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്നതു പോലെ ഇടതുമുന്നണി ഏറെക്കാലമായി തേടിക്കൊണ്ടിരുന്ന സഖ്യകക്ഷിയായിരുന്നു മാണിയുടെ കേരള കോണ്‍ഗ്രസ്. ജോസ് കെ.മാണി ഇടതുമുന്നണിയില്‍ വന്നതോടെ ക്രിസ്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം വ്യക്തമായ മേല്‍ക്കൈ നേടി. കേരളത്തിലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി നേട്ടം പ്രതീക്ഷിക്കുന്നു.
ബി.ജെ.പി. ഏറ്റവും കൂടുതല്‍ കേരളത്തില്‍ അടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷവോട്ടുബാങ്ക് ക്രിസ്ത്യാനികളുടെതാണ്. പാര്‍ടികളെ സ്വന്തം പക്ഷത്തേക്കു കൊണ്ടുവരാന്‍ കഴിയാത്തതിനെ മറികടക്കാന്‍ അവര്‍ ഇപ്പോള്‍ കേരളത്തിലെ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തെ ഉപയോഗപ്പെടുത്തി വിശ്വാസിസമൂഹത്തെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. താരതമ്യേന നിഷപക്ഷമായിരിക്കേണ്ട ഗവര്‍ണര്‍ പദവിയെ പോലും ഇതിനായി ദുരുപയോഗപ്പെടുത്താന്‍ ബി.ജെ.പി.ക്ക് മടിയില്ല. മിസോറാം ഗവര്‍ണറായ പി.ശ്രീധരന്‍പിള്ള പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തോടെ നടത്തുന്ന നീക്കങ്ങള്‍ ഈ വഴിക്കുള്ളതാണ്. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ അടുത്ത കാലത്ത് വേരൂന്നിയിട്ടുള്ള മുസ്ലീംവിരോധം മുതലെടുത്ത് സ്വാധീനമുറപ്പിക്കാനും ബി.ജെ.പി. ശ്രമിക്കുന്നുണ്ട് എന്നു കാണാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ജേക്കബ് തോമസിനെ നിര്‍ത്തുമ്പോള്‍ പോലും ബി.ജെ.പി. ക്രിസ്ത്യാനികളുടെ വോട്ടുബാങ്കിന്റെ പ്രീണനം ലക്ഷ്യമിടുന്നുണ്ടെന്നാണ് പറയുന്നത്.

കേരളത്തിന്റെ അധികാര രാഷ്ട്രീയത്തിലേക്കുള്ള വഴിയില്‍ ബി.ജെ.പി. നടത്തുന്ന തേരോട്ടം ഫലപ്രദമാകണമെങ്കില്‍ പരമ്പരാഗത ഇടതു-വലതു വോട്ടുബാങ്കുകളായി കരുതിപ്പോരുന്ന ഈഴവ, ക്രിസ്ത്യന്‍ സമുദായങ്ങളിലേക്കുള്ള നേരിട്ടുള്ള കടന്നുകയറ്റം അനിവാര്യമെന്ന് സംഘപരിവാര്‍ കരുതുന്നു. ഈഴവ സമുദായത്തെ ബി.ഡി.ജെ.എസിലൂടെ സ്വാധീനിക്കാമെന്ന് വിചാരിച്ചെങ്കിലും പരാജയപ്പെട്ടതായി ബി.ജെ.പി. തിരിച്ചറയുന്നു. ബി.ഡി.ജെ.എസിനും ബി.ജെ.പി.യോട് പഴയ ആത്മാര്‍ഥത ഇല്ല. ബി.ഡി.ജെ.എസിലൂടെയല്ലാതെ ഈഴവരെ നേരിട്ട് സ്വാധീനിക്കാനാണ് ഇപ്പോള്‍ സംഘപരിവാറിന്റെ നീക്കം. ഇതിന് ചില ഫലങ്ങള്‍ ഉണ്ടാകുന്നു എന്നതിന് പ്രത്യക്ഷമായ ഒരു ദൃഷ്ടാന്തം പറയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനം തിട്ട ജില്ലയിലെ പന്തളത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മല്‍സരിച്ച സ്ഥാനാര്‍ത്ഥിയുടെ കാര്യമാണ്. അദ്ദേഹം ബി.ഡി.ജെ.എസ് നേതാവായിരിക്കെ ആ പാര്‍ടിയില്‍ നിന്നും രാജിവെച്ചാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായത്. രസകരമായ കാര്യം സി.പി.എമ്മിന്റെ ലോക്കല്‍ നോതാവയിരിക്കെയാണ് ഇദ്ദേഹം ആ പാര്‍ടി വിട്ട് ബി.ഡി.ജെ.എസിലെത്തുന്നത് എന്നതാണ്. ആ സഞ്ചാരപഥം നോക്കുക–സി.പി.എമ്മിന്റെ നേതാവായിരുന്നയാള്‍ പിന്നീട് ബി.ഡി.ജെ.എസില്‍, ഇപ്പോള്‍ ബി.ജെ.പി മുന്നണിയില്‍.

മതേതര മലയാളി ബാക്കിയുണ്ടോ

ബി.ജെ.പിയും സംഘപരിവാറും ചേര്‍ന്ന് കേരളത്തെ ഉന്നം വെച്ചതോടെ ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടു ബാങ്കുകളായി കേരളീയ ജനസമൂഹത്തിലെ വിവിധ ജാതിമതസമുദായവിഭാഗങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയകക്ഷികള്‍ അവരെ വോട്ടുബാങ്കുകളായി അടയാളപ്പെടുത്തുകയും പൊതു രാഷ്ട്രീയത്തില്‍ നിന്നും മാറിയുള്ള പ്രത്യേക പാക്കേജുകളായി തിരിച്ചറിയാവുന്ന വാഗ്ദാനങ്ങള്‍ എല്ലാവരുടെയും പ്രകടന പത്രികയില്‍ ഇടം നേടുകയും ചെയ്യുന്നു. ഹിന്ദുവോട്ടര്‍, മുസ്ലീം വോട്ടര്‍, ക്രിസ്ത്യന്‍ വോട്ടര്‍ എന്നിങ്ങനെ മനുഷ്യരെ വീക്ഷിക്കുന്ന, സ്വാധീനിക്കുന്ന രീതി മുമ്പത്തേക്കാള്‍ പതിന്മടങ്ങ് ശക്തിയോടെ കേരളീയ സമൂഹത്തിന്റെ ഉപരിഘടനയില്‍ തന്നെ മുദ്രണം ചെയ്തു കഴിഞ്ഞിരിക്കുന്നു. പൊതു മതേതര മലയാളി എന്ന നിലയിലുള്ള രാഷ്ട്രീയ ഇടം ഇല്ലായ്മ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. നവോത്ഥാന മലയാളിയില്‍ നിന്നും ജാതി,മത മലയാളിയിലേക്ക് നമ്മുടെ രാഷ്ട്രീയപാര്‍ടികള്‍ നമ്മളെ തിരിച്ചു നടത്തിക്കൊണ്ടിരിക്കുന്നു.

(wtp live മാസികയിൽ 22-04-21 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന്)

Spread the love
English Summary: where is the secular voting culture of kerala...a detailsed analysis

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick