Categories
kerala

പി.സായ്‌നാഥ് ഉള്‍പ്പെടെ ഇടപെട്ടു; സിദ്ദിഖ് കാപ്പന് ചികില്‍സ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു

യു.പി. പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കൊവിഡ് ബാധിച്ച് മഥുര ആശുപത്രിയില്‍ ദയനീയാവസ്ഥയില്‍ ആണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തിനു വേണ്ടി ഇടപെടല്‍ ആവശ്യപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.സായ്‌നാഥ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കാപ്പന്റെ ഭാര്യ റെയ്ഹാനത്തും മാധ്യമപ്രവര്‍ത്തകരുടെ സംഘടന കേരള പത്രപ്രവര്‍ത്തക യൂണിയനും ഇതേ ആവശ്യം ഉന്നയിച്ചു.

തുടര്‍ന്ന് മുഖ്യമന്ത്രി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്യാന്തര പ്രശസ്തനായ അഭിഭാഷകനും തന്റെ സാമൂഹ്യമാധ്യമക്കുറിപ്പില്‍ സിദ്ദിഖ് കാപ്പന്റെ പ്രശ്‌നം പരാമര്‍ശിച്ചിരുന്നു. കേരളത്തിലെ പതിനൊന്ന് യു.ഡി.എഫ്. പാര്‍ലമെന്റ് അംഗങ്ങള്‍ സിദ്ദിഖ് കാപ്പന് ചികില്‍സ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കാപ്പന് ഡല്‍ഹി എയിംസിലോ സഫ്ദര്‍ജങ് ആശുപത്രിയിലോ ചികില്‍സ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. ഈ ഹര്‍ജി മെന്‍ഷന്‍ ചെയ്യാതെ മാറ്റി വെച്ചരിക്കയായിരുന്നു. കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പുതിയ ചീഫ് ജസ്റ്റിസിന് ഭര്‍ത്താവിന്റെ ദയനീയ സ്ഥിതി വിവരിച്ച് നേരിട്ട് കത്തയച്ചതും വാര്‍ത്തയായി.

thepoliticaleditor

വളരെ ശക്തമായ പ്രതികരണമാണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സായ് നാഥ് മുഖ്യമന്ത്രിക്കയച്ച കത്തിലൂടെ പ്രകടിപ്പിച്ചത്. സിദ്ദിഖ് കാപ്പന്റെ നിയമവിരുദ്ധമായ അറസ്റ്റിനെയും തടവിനെയും ശക്തമായി നേരിടണമെന്നും സര്‍ക്കാര്‍ തലത്തിലും നിയമപരമായും ശക്തമായ ഇടപെടല്‍ നടത്തണമെന്നും സായ്‌നാഥ് ആവശ്യപ്പെട്ടു. ഇതിലൂടെ സിദ്ദിഖ് കാപ്പന്‍ എന്ന ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്റെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും അഭിമുഖീകരിക്കുന്ന ഭീകരതയും വേട്ടയാടലും ചെറുക്കാനുള്ള നടപടി കൂടിയാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

തന്റെ 40 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇത്രയും അധികാര,നിയമ ദുര്‍വിനിയോഗത്തിനുള്ള ഉദാഹരണം വേറെ കാണാന്‍ കഴിയഞ്ഞിട്ടില്ലെന്ന് പറയാന്‍ മടിയില്ലെന്ന് സായ്‌നാഥ് തന്റെ കത്തില്‍ പറഞ്ഞു. സിദ്ദിഖ് കാപ്പന്റെ വ്ക്കീലിനു പോലും തന്റെ കക്ഷിയെ ബന്ധപ്പെടാന്‍ ആഴ്ചകള്‍ കഠിനമായി ശ്രമിക്കേണ്ടി വന്നു. കാപ്പന്റെ കുടുംബത്തിന് അദ്ദേഹത്തെ ഒന്നു ഫോണില്‍ വിളിക്കാന്‍ സാധിച്ചത് തന്നെ അറസ്റ്റിലായി ഏകദേശം ഒരു മാസമായപ്പോള്‍ മാത്രമാണ്. അതായത് നവംബര്‍ രണ്ടിന് മാത്രം. ചുമത്തപ്പെട്ട കുറ്റത്തിന് ഒരു തരത്തിലുള്ള തെളിവും പൊലീസിന്റെ കയ്യില്‍ ഇതു വരെ ഇല്ല. രാജ്യത്ത് അടുത്ത കാലത്തായി നടന്നുകൊണ്ടിരിക്കുന്ന അറസ്റ്റുകള്‍ക്ക് ഉത്തമ ദൃഷ്ടാന്തമാണ് ഈ അറസ്റ്റ്. പൊലീസ് വെറുതെ ഒരു ഗൂഢാലോചനക്കഥ ഉണ്ടാക്കുന്നു, എന്നിട്ട് അറസ്റ്റ് ചെയ്യുന്നു. ഇത്തരം കേസുകള്‍ വര്‍ഷങ്ങളോളം കോടതിയില്‍ നിന്നും പുറത്തു വരാതെ നില്‍ക്കുന്നു. അറസ്റ്റും തടവിലിടലും എല്ലാം ചേര്‍ന്ന് വന്‍ പ്രചാരണത്തിലൂടെ സ്വഭാവഹത്യയിലൂടെയുള്ള ദീര്‍ഘമായ പീഢനമായി മാറുന്നു. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് ഭരണകൂടത്തിന്റെ താക്കീതായി മാറ്റുന്നു. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്–സായ്‌നാഥ് കത്തില്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ കേരള സര്‍ക്കാര്‍ സിദ്ദിഖ്കാപ്പനു വേണ്ടി ശക്തമായി ഇടപെടണമെന്ന് സായ്‌നാഥ് ആവശ്യപ്പെട്ടു.

വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായി. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സര്‍ക്കാര്‍ കത്തയച്ചു. സിദ്ദീഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന്, അദ്ദേഹത്തെ അടിയന്തരമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

യു. എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്.
ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം.

കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യു.പി. മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യർഥിച്ചു.

Spread the love
English Summary: INTERVENTION IN SIDDIK KAPPAN CASE BY KERALA CHIEF MINISTER PINARAYI VIJAYAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick