Categories
kerala

കോവിഡ് വ്യാപനം: പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കണം – ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് വ്യാപനം അതീവ ഗുരുതരമായ രീതിയിൽ തുടരുകയുകയും പരിശോധന സ്ഥിരീകരണ നിരക്ക് 22 ശതമാനമാനത്തോളം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകളും എസ്.എസ്.എൽ.സി- ഐ.ടി പരീക്ഷയും മാറ്റിവെക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഏ. പി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി രാധന്‍. കെ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

കോവിഡ് രണ്ടാം തരംഗം ഭീതിതമായ അവസ്ഥാവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനം ഒരു അഗ്നി പർവ്വതത്തിന് മുകളിലാണെന്ന് വിദഗ്ധർ പറയുന്നു. അതിനിടയില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി എഴുത്തു പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തിയാവുകയാണ്. എന്നാല്‍ പ്രായോഗിക പരീക്ഷകള്‍‍ക്ക് തിയറി പരീക്ഷയ്ക്ക് വരുത്തിയ ക്രമീകരണങ്ങൾ മതിയാവില്ല. രണ്ടിന്റേയും രീതി തികച്ചും വ്യത്യസ്തമാണ്. തിയറി പരീക്ഷയിൽ ശാരീരിക അകലം, സ്വന്തം ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കാനാകുമെങ്കിലും പ്രാക്ടികൽ പരീക്ഷയിൽ അത് അത്രത്തോളം കഴിയില്ല. കുട്ടികൾക്ക് പരസ്പരം ഉപകരണങ്ങൾ കൈമാറേണ്ടിവരും.

thepoliticaleditor

ശാസ്ത്രവിഷയം പഠിക്കുന്ന ഒരു കുട്ടി 5 തവണ വിദ്യാലയത്തിൽ എത്തി പരീക്ഷയിൽ പങ്കെടുക്കണം. ഇത്തവണ ഗണിതത്തിനും പ്രാക്ടിക്കൽ പരീക്ഷയുണ്ട്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ കുട്ടികളും രണ്ടോ മൂന്നോ തവണ പരീക്ഷയ്ക്കായി എത്തേണ്ടിവരും. ഒരു ദിവസം രണ്ടും മൂന്നും ബാച്ച് ആയാണ് പരീക്ഷ നടത്തുക. രസതന്ത്രം, ജീവശാസ്ത്രം പോലുള്ള പരീക്ഷകൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൈ ഉപയോഗിച്ചും വായ് ഉപയോഗിച്ചും പ്രവർത്തിപ്പിക്കേണ്ടവയാണ്. പിപ്പറ്റ്, ബ്യൂററ്റ് പോലുള്ള ഉപകരണങ്ങൾ ഓരോ തവണയും സാനിറ്റൈസ് ചെയ്ത ഉപയോഗിക്കുന്നതിലും പരിമിതികളുണ്ട്. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പരീക്ഷകളിൽ മൗസ്, കീബോർഡ്‌ എന്നിവ ശുചിയാക്കുന്നതിലും ഇതേ പ്രശ്നമുണ്ട്. മാത്രമല്ല പരീക്ഷാ നടത്തിപ്പുകാരായ അധ്യാപകർ കുട്ടിയുടെ സമീപത്ത് ചെന്ന് നിർദ്ദേശം നൽകേണ്ട സാഹചര്യവും ഉപകരണങ്ങളിൽ സ്പർശിക്കേണ്ട സ്ഥിതിയുമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രായോഗിക പരീക്ഷ നടത്തുന്നതിൽ വലിയ പ്രയാസമുണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്.

ഇതേ സ്ഥിതിയാണ് എസ്.എസ്.എൽ.സി- ഐ.ടി. പരീക്ഷയ്ക്കുമുള്ളത്. മാത്രമല്ല രാജ്യത്തെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുകയാണ്. അവ നടന്നതിനു ശേഷം മാത്രമല്ലേ അഖിലേന്ത്യാ തലത്തിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുകയുള്ളൂ. എത്രയും വേഗം പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തേണ്ട അടിയന്തിര സാഹചര്യം ഇപ്പോഴില്ല. തിയറി പരീക്ഷകൾ പൂർത്തിയാക്കി മൂല്യനിര്‍ണയം നടത്തുകയും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിൽ പ്രായോഗിക പരീക്ഷകൾ നടത്തി ഫലപ്രഖ്യാപനം നടത്തുകയും ചെയ്യുക എന്നതാണ് ഈ അവസരത്തില്‍ അഭികാമ്യം.

ഈ സാഹചര്യത്തിൽ ഏപ്രിൽ 28 മുതൽ ആരംഭിക്കാനിരിക്കുന്ന ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകളും മെയ് 5 മുതൽ തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ള എസ്.എസ്.എൽ.സി- ഐ.ടി പരീക്ഷയും മാറ്റിവെക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

Spread the love
English Summary: POSTPONE PRACTICAL EXAMS REQUESTS KSSP TO CHIEF MINISTER

One reply on “കോവിഡ് വ്യാപനം: പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കണം – ശാസ്ത്രസാഹിത്യ പരിഷത്ത്”

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick