കേരളത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ട് ശതമാനം വര്‍ധിക്കുമെന്ന വാദം തള്ളി ആര്‍.എസ്.എസ്. കേന്ദ്രങ്ങള്‍. ഇത്തവണ വോട്ടുവിഹിതം കൂടാന്‍ സാധ്യത ഇല്ലെന്നാണ് ഇവരുടെ നിഗമനം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വോട്ടുവിഹിതം 15.54 ശതമാനമായിരുന്നുവെങ്കില്‍ 2020-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ അത്15.02 ശതമാനമായി കുറയുകയാണുണ്ടായത്.
ഇത്തവണ വോട്ട് കൂടില്ലെന്ന് പറയാന്‍ പ്രധാനമായും രണ്ട് കാരണമാണ് ആര്‍.എസ്.എസ്. കണ്ടെത്തിയിരിക്കുന്നത്.
- നേരത്തെ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ്. പണ്ടത്തെ പോലെ സജീവമല്ല. അവര്‍ക്ക് ബി.ജെ.പി.യോട് പഴയ ആവേശമില്ല. അതിനാല്‍ അവരുടെ വോട്ടുകള്‍ മുഴുവന്‍ നേരത്തേ കിട്ടിയതു പോലെ ഇപ്പോള്‍ ബി.ജെ.പി.യുടെ പെട്ടിയില്‍ വീഴില്ല.
- 2019-ല്‍ ബി.ജെ.പിക്ക് കിട്ടിയിരിക്കാവുന്ന വോട്ടുകളില്‍ കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വവോട്ടുകള്‍ ധാരാളം ഉണ്ടാവാനിടയുണ്ട്. ശബരിമല വിഷയത്തില്‍ ധാരാളം കോണ്‍ഗ്രസ് അനുഭാവികള്‍ ബി.ജെ.പി.ക്കനുകൂലമായി വോട്ടു ചെയ്തിരിക്കണം. എന്നാല്‍ ഇത്തവണ അത്തരം മൃദുഹിന്ദുത്വ വോട്ടുകളെല്ലാം കോണ്‍ഗ്രസിനു തന്നെ ചെയ്യപ്പെടും. കാരണം ഇത്തവണ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. മൃദുഹിന്ദുത്വ വോട്ടുകളില്‍ പലതും കോണ്‍ഗ്രസിനു തന്നെ കിട്ടാനുള്ള സാധ്യത കേരളത്തിലുള്ളതിനാല്‍ ബി.ജെ.പി.ക്ക് തീവ്രഹിന്ദുത്വ വോട്ടുകളും ന്യൂനപക്ഷ വിരുദ്ധ വോട്ടുകളും മാത്രമായി ചുരുങ്ങും.
കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി. തങ്ങളുടെ വോട്ടു വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. 2006-ല്‍ അവരുടെ വോട്ടു വിഹിതം 4.72 ശതമാനമായിരുന്നു. അക്കാലത്ത് ഇടതുമുന്നണിക്ക് 48.63 ശതമാനവും യു.ഡി.എഫിന് 42.98 ശതമാനവും വോട്ട് കിട്ടിയിരുന്നു.
2011 ആയപ്പോള്‍ ബി.ജെ.പി.വോട്ട് 6.03 ശതമാനമായി വര്‍ധിച്ചു. അതോടൊപ്പം സംഭവിച്ചത് ഇടതുമുന്നണിയുടെ വോട്ടു വിഹിതം കുറയുകയും (44.94) യു.ഡി.എഫിന്റെത് കൂടുകയും (45.83) ചെയ്തു എന്നതാണ്.
2016-ല്‍ ബി.ജെ.പി.യുടെ വോട്ടുവിഹിതം വളരെയധികം വര്‍ധിച്ചു. ഒന്‍പത് ശതമാനം വര്‍ധന. അതായത് 14.96 ശതമാനം. ആ സമയം യു.ഡി.എഫിന്റെ വോട്ട് ഏഴ് ശതമാനം കുറയുകയാണുണ്ടായത്. അതായത് 38.81 ശതമാനമായി. ഇത് നല്‍കുന്ന സൂചന കോണ്‍ഗ്രസ് വോട്ടുകള്‍ ധാരാളമായി ബി.ജെ.പി.ക്ക് അനുകൂലമായി ചാഞ്ഞു എന്നതാണ്.
2019-ലേക്കെത്തുമ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നില അല്‍പം കൂടി മെച്ചപ്പെടുത്തി, 15.54 ശതമാനമായി. അതേസമയം കോണ്‍ഗ്രസിന്റെ വോട്ടുവിഹിതവും വളരെയധികം വര്‍ധിച്ചു–47.48 ശതമാനം. ബി.ജെ.പി.ക്കും യു.ഡി.എഫിനും കൂടിയപ്പോള്‍ ഇടതുമുന്നണിക്ക് വോട്ട് ശതമാനം 36.29 ആയി കുറഞ്ഞു. ശബരിമല ഇഫക്ട് വ്യക്തം. യു.ഡി.എഫിന് 19 സീറ്റുകള്‍ കിട്ടുന്നത് ഈ സാഹചര്യത്തിലാണ്.
ഇനി 2020-ലേക്കെത്തുമ്പോള്‍ 2019-ലെ നില മാറുന്നു. ഇടതുപക്ഷം വോട്ടു വിഹിതം മെച്ചപ്പെടുത്തി 40.18 ശതമാനമാക്കി. യു.ഡി.എഫിന് പത്ത് ശതമാനം വോട്ടാണ് കുറഞ്ഞത്. ബി.ജെ.പി.ക്കും നേരിയ കുറവാണ് ഉണ്ടായത്.
ഇത്തവണ മൃദുഹിന്ദുത്വ നിഷ്പക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്കു തന്നെ കേന്ദ്രീകരിക്കുകയാണെങ്കില്‍ യു.ഡി.എഫ് വോട്ടുകള്‍ വര്‍ധിക്കുകയാണ് ചെയ്യുക. ഇത് ബാധിക്കുക ആത്യന്തികമായി ഇടതുമുന്നണിയുടെ വിജയസാധ്യതയായിരിക്കും.