മാറ്റം വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും അതിനായിട്ടാണ് താനും വോട്ടു ചെയ്തിരിക്കുന്നതെന്നും നേമം എം.എല്‍.എ.യും ബി.ജെ.പി. നേതാവുമായ ഒ.രാജഗോപാല്‍. നേമത്തെ സ്ഥിതി എന്തെന്ന് മാധ്യമപ്രതിനിധി ചോദിച്ചപ്പോഴായിരുന്നു രാജഗോപാലിന്റെ അസാധാരണമായ മറുപടി. ബി.ജെ.പി. തുടര്‍സീറ്റായി ആഗ്രഹിക്കുന്ന മണ്ഡലമാണ് നേമം എന്നിരിക്കെ രാജഗോപാലിന്റെ മാറ്റത്തിനായുള്ള ആഗ്രഹം എന്ന പ്രയോഗം പല അര്‍ഥതലവും ഉള്ളതാണ്.
നേമത്ത് ഒരു തവണ എം.എല്‍.എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും രാജഗോപാല്‍ എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു.

നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏര്‍പ്പാടല്ലെന്നായിരുന്നു മറുപടി. ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് അവര്‍ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു. പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.