കേരളത്തിന്റെ മുഖ്യമന്ത്രിയെ തരം കിട്ടിയാല്‍ കടിച്ചുകീറാനുള്ള ഒരു അവസരവും പാഴാക്കാത്ത നേതാവാണ് കെ.സുധാകരന്‍. സി.പി.എമ്മിനെ കട്ടയ്ക്ക് എതിര്‍ക്കുന്ന കണ്ണൂരിന്റെ പോരാട്ട മുഖം. തന്റെ ആക്രമണോല്‍സുക സ്വഭാവം മറച്ചുവെക്കാത്ത സുധാകരന് വലിയൊരു ആരാധക വൃന്ദവും കണ്ണൂര്‍ കോണ്‍ഗ്രസിലുണ്ട്.
എന്നാല്‍ ഇത്തരം പോരാളികള്‍ക്കുള്ള ഒരു പ്രശ്‌നം പരാജയഭീതിയായിരിക്കും. ഒരിക്കല്‍ പരാജയപ്പെട്ടാല്‍ പിന്നെ വിലയുണ്ടാവില്ല എന്ന തോന്നലില്‍ ഇത്തരക്കാര്‍ ഏതു ഫൈറ്റിലും പരാജയം സമ്മതിക്കില്ല. പിണറായി വിജയനെതിരായ ജാത്യധിക്ഷേപം തെറ്റാണെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കളെല്ലാം തള്ളിപ്പറഞ്ഞിട്ടും സുധാകരന്‍ അതിലൊരു തെറ്റും കാണാത്തതും ഇനിയും പറയും എന്ന് പ്രഖ്യാപിക്കുന്നതും പരാജയം ഇഷ്ടപ്പെടാത്ത മാനസികാവസ്ഥ കാരണമാണ്.
ഇതേ മാനസികാവസ്ഥ തന്നെയാണ് സുധാകരനെ ധര്‍മ്മടത്തെ സ്ഥാനാര്‍ഥിത്വത്തില്‍ പല തവണ ചാഞ്ചാടാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിനകം അര ഡസന്‍ തവണയാണ് സുധാകരന്‍ വാക്കു മാറ്റിക്കൊണ്ടിരുന്നത്. കേരളത്തിലും ദേശീയതലത്തിലും ഏറ്റവും അധികം ശ്രദ്ധ കിട്ടുന്ന ഒരു മല്‍സരത്തില്‍ പോരാടണമെന്നും വീരപരിവേഷം അണിയണമെന്നും സുധാകരന് അതിയായ ആഗ്രഹമുണ്ടെങ്കിലും പോരാട്ടത്തില്‍ പരിക്കേല്‍ക്കുമ്പോള്‍ ഉണ്ടാകാവുന്ന ഇമേജ് നഷ്ടവും ശക്തിക്ഷയം വരുമെന്ന ഭയവും തോന്നലും സുധാകരനെ പിന്‍തിരിപ്പിക്കുന്നു. പദവികളോടും അധികാരതലങ്ങളോടും അദമ്യമായ ആഗ്രഹമുള്ള സുധാകരന് പക്ഷേ, നേമത്ത് മുരളീധരനുള്ള വിജയ സാധ്യത പോലും ധര്‍മ്മടത്ത് പിണറായി വിജയന് എതിരെ ഇല്ല എന്ന യാഥാര്‍ഥ്യം കെ. സുധാകരന് അരുചികരമാണ്. പിണറായിയോട് എതിരിട്ട് തോറ്റു എന്ന ഡാര്‍ക്ക് ഇമേജ് സുധാകരന്‍ എന്ന ഫൈറ്റര്‍ ഇഷ്ടപ്പെടുന്നില്ല.
മല്‍സരിക്കാം, ആക്രമണോല്‍സുകമായ പ്രചാരണം നയിക്കാം എന്നല്ലാതെ പിണറായി വിജയന് മുന്നില്‍ നല്ല വോട്ടിന് തോല്‍ക്കേണ്ടിവരും എന്നത് ധര്‍മ്മടത്തിലെ വോട്ടിങ് പാറ്റേണ്‍ അറിയാവുന്നവര്‍ക്ക് ഇപ്പോഴേ അറിയാം. സുധാകരന്റെ ഫൈറ്റര്‍ ഇമേജിന് ആ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ക്കപ്പുറത്ത് വന്‍തോതില്‍ നിഷ്പക്ഷ വോട്ടുകളൊന്നും നേടിയെടുക്കാനാവില്ല എന്നതാണ് സാഹചര്യം.
ഇതിനു കാരണം സുധാകരന്റെ എതിരാളി ആ മണ്ഡലത്തിന്റെ നിലവിലുള്ള പ്രതിനിധിയും സാക്ഷാല്‍ മുഖ്യമന്ത്രിയും തന്നെ ആണ് എന്നതാണ്. സുധാകരന്‍ മണ്ഡലത്തിന് പുറത്തു നിന്നും വരുന്നയാളുമാണ്.
ചുരുക്കത്തില്‍ ചൂരും ചൂടുമുള്ള മല്‍സരം ഉണ്ടാക്കാമെന്നതിനപ്പുറം പ്രയോജനമൊന്നും ഇല്ലാത്ത മല്‍സരമായിരിക്കും അത്. നേമത്തെ മല്‍സരത്തില്‍ നിന്നും തീര്‍ത്തും ഭിന്നം. തന്റെ ടാര്‍ജറ്റഡ് രാഷ്ട്രീയ എതിരാളിയെന്ന് താന്‍ തന്നെ തുറന്നു പറഞ്ഞിട്ടുള്ള പിണറായി വിജയനോട് തോല്‍ക്കുക എന്നതിലെ പരാജയജാള്യതയുടെ മനശ്ശാസ്ത്രം കെ.സുധാകരനെ തുടര്‍ച്ചയായി പ്രേരിപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തു എന്നതാണ് കാര്യം. നേരത്തെ താന്‍ പിണറായിയോടല്ല് ആരോടും എതിരിടാന്‍ തയ്യാറെന്ന് പ്രഖ്യാപിക്കുകയും ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ഒടുവില്‍ ആവശ്യപ്പെടുമ്പോഴേക്കും സുധാകരന്‍ സ്വയം ഒഴിഞ്ഞുമാറിുകയും ചെയ്തതിലെ വൈചിത്ര്യം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സുധാകരന് ഇനിയും അജയ്യന്റെ മാനസികാവസ്ഥയിലേ ജീവിക്കാനാവൂ. അതിന് നല്ലത് ജില്ലയില്‍ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന് പോയി പിണറായിയെ വെല്ലുവിളിക്കല്‍ തന്നെയാണ്.
കെ.പി.സി.സി. പ്രസിഡണ്ടാവാന്‍ ഏറെ ആഗ്രഹിച്ചിട്ടും മുല്ലപ്പള്ളി കടത്തനാടന്‍ അടവിലൂടെ അത് ഇല്ലാതാക്കിയത് സുധാകരന്‍ മറച്ചുവെച്ചില്ല. വര്‍ക്കിങ് പ്രസിഡണ്ട് പദവിയില്‍ താന്‍ തൃപ്തനല്ല. മടുത്തു എന്ന് പഴയ സഹപ്രവര്‍ത്തകന്‍ പി.സി.ചാക്കോയോട് പറഞ്ഞെങ്കിലും പരസ്യമായ് പിന്നീടത് നിഷേധിക്കേണ്ടിവന്നു. രാഷ്ട്രീയമായ തിരിച്ചടിക്കു പുറമേ പാര്‍ലമെന്റി രംഗത്തുള്ള, പ്രത്യേകിച്ചും പിണറായിയോടുള്ള തോല്‍വി സുധാകരനെ സംബന്ധിച്ച് രാഷ്ട്രീയമായ നഷ്ടമാണ്. അത് അദ്ദേഹത്തിന് കൃത്യമായി ഒടുവില്‍ തിരിച്ചറിയാനായി.
എന്നാല്‍ അതിനിടയിലും ഒരു നേട്ടം സുധാകരന്‍ സ്വന്തമാക്കി–കോണ്‍ഗ്രസില്‍ പിണറായിയോട് എതിര്‍ക്കാന്‍ എല്ലാവരും ശുപാര്‍ശ ചെയ്യുന്ന പ്രബലന്‍, പ്രമാണി താന്‍ ആണ് എന്ന് പാര്‍ടിയിലും സമൂഹത്തിലും ഒരു ഇമേജ് സ്ഥാപിച്ചെടുക്കാന്‍. യഥാര്‍ഥത്തില്‍ ഈ നാടകത്തിലൂടെ സുധാകരന്‍ ഉദ്ദേശിച്ചതും ഈ ഇമേജ് ഉണ്ടാക്കുക എന്നതു തന്നെയായിരിക്കാം.
ധര്‍മടത്ത് പിണറായി വിജയനെതിരെ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ നിര്‍ത്താനാവുന്നില്ല എന്നത് കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യമായി മാത്രമല്ല വലിയ നാണക്കേടായി വിലയിരുത്തപ്പെടുകയാണ്. പിണറായിയെ തോല്‍പിക്കുക എന്നത് വിട്ട് നല്ലൊരു പ്രചാരണം നടത്തുക എന്നതിലേക്ക് ആദ്യമേ ആലോചിച്ച്, ഒരു യുവരക്തത്തെ അവിടെ നേരത്തേ തന്നെ ഫീല്‍ഡ് ചെയ്യാനുള്ള യുക്തി കോണ്‍ഗ്രസിന് ഇല്ലാതെ പോയി. പുതുപ്പള്ളിയില്‍ സി.പി.എം. ജെയ്ക് സി.തോമസിനെ ഇറക്കിയതു പോലുള്ള നല്ലൊരു ചെറുപ്പക്കാരനെ നിയോഗിക്കുകയും ഇടതിനെതിരായ നല്ലൊരു കാമ്പയിന്‍ ഉണ്ടാക്കുകയും വേണ്ടിടത്ത് പ്രബലനെയും പ്രമുഖനെയും കാത്ത് കാത്ത് ഇപ്പോള്‍ ഹൈക്കമാന്‍ഡ് പോലും പറഞ്ഞാല്‍ പ്രബലന്‍മാര്‍ നിഷേധിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസം നാളെയാകുമ്പോഴും മുഖ്യമന്ത്രിക്കെതിരെ സ്ഥാനാര്‍ഥി എന്നത് കോണ്‍ഗ്രസില്‍ അനിശ്ചിതാവസ്ഥയാണ് !!!