കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യസൗഹാര്‍ദ്ദ മുഖമായ സ്‌കറിയ തോമസ്(77) അന്തരിച്ചു. കോവിഡ് ബാധിക്കുകയും നെഗറ്റീവ് ആകുകയും ചെയ്തതിനു ശേഷം കോവിഡനന്തര അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചികില്‍സയ്ക്കായി കൊച്ചിയിലെ ആസ്റ്റര്‍ മെഡി സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് മരണം. കരളിനെ ഗുരുതരമായി ബാധിച്ച അസുഖം കാരണമായാണ് അന്ത്യം. ഇപ്പോള്‍ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പൈസസ് ചെയര്‍മാനാണ്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനോട് ഏറ്റവും അടുപ്പുമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് നേതാവായിരുന്നു സ്‌കറിയ തോമസ്. 2015-ല്‍ കേരള കോണ്‍ഗ്രസ്-സ്‌കറിയ തോമസ് വിഭാഗം എന്ന സ്വന്തം പാര്‍ടി ഉണ്ടാക്കി. ജോസ് കെ.മാണി വിഭാഗം വരുന്നതിന് വളരെ മുമ്പു തന്നെ സ്‌കറിയാ തോമസ് കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലെ ഘടകകക്ഷിയായിരുന്നു. 1977-ലും 1980-ലും കോട്ടയം മണ്ഡലം പാര്‍ലമമെന്റ് അംഗമായിരുന്നു. 1984-ല്‍ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. ക്‌നാനായ സഭയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തില്‍ കെ.ടി. സ്‌കറിയ-അച്ചാമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ-ലളിത. മക്കള്‍-നിര്‍മ്മല, അനിത, സക്കറിയ, ലത.