അനിശ്ചിതത്വത്തിന് അവസാനമായി, കേരളത്തിലെ ഏറ്റവും താരമൂല്യമുള്ള മണ്ഡലമായ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒടുവില്‍ പടത്തലവനിറങ്ങി–സി.രഘുനാഥ്. പഴയ കെ.എസ്.യു. നേതാവും ഇപ്പോള്‍ കെ.പി.സി.സി. അംഗവുമാണ് രഘുനാഥ്. മണ്ഡലത്തിലെ വോട്ടറും കൂടിയായ 63 വയസ്സുള്ള രഘുനാഥ് ധര്‍മ്മടം മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പു സമിതി ചെയര്‍മാനുമായിരുന്നു.
രഘുനാഥ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. പത്രിക നല്‍കാനുള്ള അവസാന ദിവസം അടുക്കവേ സ്ഥാനാര്‍ഥിയെ തീരുമാനിക്കാത്തതില്‍ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധവും അങ്കലാപ്പും ഉണ്ടായിരുന്നു.
കെ.സുധാകരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് അവസാന നിമിഷം വരെ തോന്നിച്ചിരുന്നെങ്കിലും താന്‍ മല്‍സരിക്കാനില്ലെന്ന് സുധാകരന്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് അന്തിമമായി വ്യക്തമാക്കിയത്. ഇതോടെ സി.രഘുനാഥ് മാത്രമായി പരിഗണനാ പട്ടികയില്‍.
ധര്‍മടത്ത് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് സാധ്യതാലിസ്റ്റില്‍ ഒന്നുരണ്ടു പേരേ തുടക്കത്തിലുണ്ടായിരുന്നുള്ളൂ. അവസാനം ഒന്നുമാത്രമായി. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനുള്‍പ്പെടെയുള്ളവര്‍ സി.രഘുനാഥിനെയാണ് പിന്തുണച്ചത്. ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതില്‍ മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തിയിരുന്നു.പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു.
വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മടത്ത് മത്സരിക്കുന്നുണ്ട്. ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തീരുമാനം വന്നിട്ടില്ല.