സാമ്പത്തികമായ ബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ആഫ്രിക്കന്‍ രാജ്യത്ത് വന്ന് കുറേ നാളുകള്‍ താമസിക്കേണ്ടിവന്നതെന്നും വൈകാതെ അക്കാര്യങ്ങള്‍ തുറന്നു പറയുമെന്നും നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലാണ് അന്‍വര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഖനി വ്യവസായവുമായി ബന്ധപ്പെട്ടാണ് അന്‍വര്‍ പശ്ചിമാഫ്രിക്കന്‍ രാജ്യത്തേക്ക് പോയത് എന്നായിരുന്നു ഇതു വരെയുള്ള പ്രചാരണങ്ങള്‍.
സ്വത്തുണ്ടായിട്ടും ബാധ്യത തീര്‍ക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാനാണ് താന്‍. ബാധ്യതയെക്കാള്‍ ഇരട്ടി സ്വത്തുണ്ട്. എന്നാല്‍ തന്റെ ഭൂമിയില്‍നിന്ന് ഒരിഞ്ച് ഭൂമി വാങ്ങാന്‍ ആരും ധൈര്യപ്പെടുന്നില്ല. അന്‍വറിന്റെ ഭൂമിയോ അപാര്‍ട്‌മെന്റോ വീടോ വാങ്ങിയാല്‍ അതൊന്നും നിയമപരമല്ല, അതിനുമേല്‍ നാളെ കേസ് വരും കുടുങ്ങുമെന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ബാധ്യത തീര്‍ക്കാനുള്ള ഭൂമിയും സമ്പത്തും കയ്യിലുണ്ടായിട്ടും അത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ഇനിയെന്ത് ചെയ്യണം എന്ന ആലോചനയിലാണ് നിയമസഭാ സാമാജികന്റെ അവസാനത്തെ മൂന്നുമാസം മണ്ഡലത്തില്‍നിന്ന് പുറത്തേക്ക് വരേണ്ടിവന്നതെന്നും അന്‍വര്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍നിന്ന് ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടില്ല. ബ്രിട്ടാനിയ ബിസ്‌കറ്റു വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്കു നല്‍കുന്ന ശമ്പളത്തില്‍നിന്ന് എടുത്തിട്ടില്ല. ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ ശമ്പളത്തില്‍നിന്ന് താന്‍ എടുത്തിട്ടില്ല. എം.എല്‍.എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മൂന്നുലക്ഷം രൂപയുടെ ഡീസലും 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സും അല്ലാതെ ഒരു പൈസയും സര്‍ക്കാരില്‍ന്ന് സ്വീകരിച്ചിട്ടില്ല.