പാലക്കാട്: വിവാദങ്ങള്‍ക്കും മന്ത്രി എ.കെ.ബാലനെതിരായി പ്രചരിച്ച പോസ്റ്ററുകള്‍ക്കും അവസാനം തരൂര്‍ മണ്ഡലത്തില്‍ ഡോ.ജമീലയുടെ സ്ഥാനാര്‍ഥിത്വം ഒഴിവാക്കി. ഈ സംവരണ മണ്ഡലത്തില്‍ പി.പി. സുമോദ് സ്ഥാനാര്‍ഥിയാകും. നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേര് പറഞ്ഞിരുന്നത്. ഇതും സംവരണ മണ്ഡലമാണ്.
ഞായറാഴ്ച ചേര്‍ന്ന സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റും ജില്ലാകമ്മിറ്റിയും ആണ് പുതിയ തീരുമാനത്തിലേക്കെത്തുന്നതിന് മുന്‍കൈ എടുത്തതെന്നറിയുന്നു. ഇതേ ജില്ലാ സെക്രട്ടറിയറ്റ് തന്നെയായിരുന്നു തരൂര്‍ മണ്ഡലത്തിലേക്ക് ഡോ.ജമീലയുടെ പേര് നിര്‍ദ്ദേശിച്ചത്.
തരൂരിലേക്ക് ഇടതു സ്ഥാനാര്‍ഥിയായി എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ.ശാന്തകുമാരിയുടെ പേരായിരുന്നു. പെട്ടെന്നാണ് എ.കെ.ബാലന്റെ ഭാര്യ ജമീലയുടെ പേര് ഉയരുകയും തീരുമാനം ആവുകയും ചെയ്തത്. ഇത് സി.പി.എമ്മില്‍ വലിയ പ്രതിഷേധം തന്നെയാണ് ഉണ്ടാക്കിയത്. ഇത് പാലക്കാട് ജില്ലയിലെ ശ്ക്തനായ ഏ.കെ.ബാലനെതിരെ വലിയ എതിര്‍പ്പായി വളരുന്ന സാഹചര്യം പാര്‍ടി അണികളില്‍ ഉണ്ടായി. പാര്‍ടിതലത്തില്‍ ഉറങ്ങിക്കിടക്കുന്ന വിഭാഗീയതയും ശക്തമായ വ്യക്തിതാല്‍പര്യങ്ങളും നിഴലിക്കുന്ന ജില്ലയാണ് പാലക്കാട് എ്ന്നതിനാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകാനിടയുണ്ട് എന്ന് പാര്‍ടി നേതൃത്വം വൈകിയായാലും വിലയിരുത്തിയെന്നാണ് സൂചന.
എന്തടിസ്ഥാനത്തിലാണ് ജമീലയെ പരിഗണിക്കുന്നതെന്ന് പാര്‍ടിക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. അഡ്വ. ശാന്തകുമാരിയെ പോലുള്ള മികച്ച സ്ഥാനാര്‍ഥികള്‍ ഇരിക്കെയാണ് മന്ത്രിയുടെ ഭാര്യയെ പരിഗണിക്കുകയും ഏകദേശം തീരുമാനിച്ചതു പോലെ തന്നെ ഉള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തത്. ഇതാണ് വലിയ പ്രതിഷേധം ഉയരാനിടയാക്കിയത്.
ഞായറാഴ്ച എടുത്ത തീരുമാനം പാര്‍ടിയുടെ മുഖം രക്ഷിക്കുന്നതായി മാറി. മാത്രമല്ല, ജമീലയുടെ സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ മണ്ഡലത്തില്‍ മാത്രമല്ല, ജില്ലയില്‍ ആകെ തന്നെ പാര്‍ടി അനുഭാവികളുടെ ഇടയില്‍ വലിയ പിണക്കം ഉണ്ടാവുകയും ഇതര മണ്ഡലങ്ങളിലെയും ഇടതു വിജയ സാധ്യതയെ ബാധിക്കുന്ന രീതിയില്‍ വിപരീത വോട്ടുകള്‍ക്ക് ഇടയാക്കുകയും ചെയ്യുമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അത് ഒഴിവാക്കി ഐക്യത്തോടെ മുന്നോട്ടു പോകാനുള്ള മാനസികാവസ്ഥ പാര്‍ടിയില്‍ ഉണ്ടാക്കാനായി എന്നതാണ് ജമീലയുടെ സ്ഥാനാര്‍ഥിത്വം ഒഴിവാക്കിയതിലൂടെ സാധിച്ചത് എന്നാണ് നിഗമനം. അപ്പോഴും മുഖം രക്ഷിക്കാനായി അഡ്വ.ശാന്തകുമാരിക്കു പകരം സുമോദിനെയാണ് തരൂരിലേക്ക് പരിഗണിച്ചത്. ഇനി കോങ്ങാടേക്ക് ശാന്തകുമാരിയെയു പരിഗണിക്കുമെന്നാണ് അഭ്യൂഹം. ഇത്തരം നിര്‍ബന്ധ ബുദ്ധികള്‍ സി.പി.എമ്മിന് മുന്‍പും ഉണ്ടാക്കിയിട്ടുള്ള തിരിച്ചടികള്‍ മനസ്സിലാക്കി മറികടക്കാന്‍ കഴിയുന്നില്ല എന്നത് വലിയൊരു വിഷയമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.