ഈ ചോദ്യം ഇന്നലെ കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉയര്‍ത്തിയതാണ്. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പി. പച്ചയായ വര്‍ഗീയ പരാമര്‍ശങ്ങളും മുസ്ലീം വിരുദ്ധതയും പ്രസംഗിക്കുന്നതിനെതിരെയാണ് ഒമാറിന്റെ പ്രതികരണം. ഇന്നലെ വരെ മമതയോടൊപ്പം നിന്നശേഷം പാര്‍ടിയില്‍ ചില നീരസമുണ്ടായപ്പോള്‍ ചാടി ബി.ജെ.പി.യിലെത്തിയ ശേഷം എല്ലാത്തിനെയും തള്ളിപ്പറഞ്ഞ് പ്രസംഗിക്കുന്ന സുവേന്ദു അധികാരി വലിയ തോതിലാണ് മുസ്ലീം വിരുദ്ധ പ്രസംഗം നടത്തുന്നത്. മമത ബംഗാളിന്റെ മകളല്ല, രോഹിംഗ്യകളുടെ ആന്റി ആണ് എന്നും തൃണമൂല്‍ ഇനിയും വന്നാല്‍ ബംഗാള്‍ കാശ്മീരാകും എന്നും സുവേന്ദു അധികാരി പ്രസംഗിച്ചു. ബംഗാളിലെ ഭൂരിപക്ഷ ഹിന്ദു വോട്ട് ലക്ഷ്യമിട്ടാണ് ഈ പ്രസംഗം എല്ലാം.
ശ്യാമപ്രസാദ് മുഖര്‍ജി ജീവിച്ചിരുന്നില്ലായിരുന്നെങ്കില്‍ ഈ രാജ്യം ഇസ്ലാമിക രാജ്യമായി മാറുമായിരുന്നു എന്നും നമ്മള്‍ ബംഗ്ലാദേശിലാകുമായിരുന്നു എന്നും സുവേന്ദു ഹിന്ദു വികാരം കത്തിക്കാനായി പ്രസംഗിക്കുന്നുണ്ട്.


കാശ്മീരുമായുള്ള താരതമ്യത്തിന് ചുട്ട മറുപടിയാണ് ഒരു ട്വീറ്റിലൂടെ ഒമാര്‍ അബ്ദുള്ള നല്‍കുന്നത്. ‘ബി.ജെ.പി. തന്നെ അവകാശപ്പെടുന്നത് കാശ്മീര്‍ 2019-നു ശേഷം ഇപ്പോള്‍ സ്വര്‍ഗം ആയി എന്നാണ്. എങ്കില്‍ പിന്നെ എന്താണ് ബംഗാള്‍ കാശ്മീര്‍ ആയാല്‍ കുഴപ്പം’–ഒമാര്‍ ചോദിക്കുന്നു.