പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊവിഡ് പ്രതിരോധ മരുന്നായി കൊവാക്‌സിന്‍ സ്വീകരിച്ചതോടെ ഏതാനും മാസം മുമ്പ് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിലൂടെ കത്തിജ്വലിച്ച വാക്‌സിന്‍ രാഷ്ട്രീയം വീണ്ടും ചര്‍ച്ചായായിരിക്കയാണ്.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിനു അനുകൂലമായി വളരെക്കാലം മുമ്പേ ബി.ജെ.പി. നിലപാട് സ്വീകരിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ ഗവേഷണത്തില്‍ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കൊവിഷീല്‍ഡ് ആയിരിക്കും ഇന്ത്യയില്‍ ആദ്യം ഇറങ്ങാന്‍ പോകുന്ന വാക്‌സിന്‍ എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. മൂന്ന് ഘട്ട പരീക്ഷണവും അവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് കൊവാക്‌സിനു അനുകൂലമായ വാര്‍ത്തകളായിരുന്നു. ആത്മനിര്‍ഭര്‍ എന്ന പദ്ധതി ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന് തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം വാക്‌സിന്‍ എന്ന ലേബലുള്ള കൊവാക്‌സിനോട് സ്വാഭാവികമായും വലിയ താല്‍പര്യമാണുണ്ടായിരുന്നത്. അതിനപ്പുറം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നതും മാധ്യമങ്ങളിലെ വരികള്‍ക്കിടയില്‍ വ്യക്തമായിരുന്നു. പ്രധാനമന്ത്രി വാക്‌സിന്‍ ഉല്‍പാദനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ആദ്യം പോയതും ഭാരത് ബയോ ടെകിലേക്കായിരുന്നു. ഇന്ത്യ വികസിപ്പിച്ച വാക്‌സിന്‍ എന്നത് കേന്ദ്രസര്‍ക്കാര്‍ ലോകത്താകെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ലോകത്തിന് മാതൃക എന്ന്
അവകാശപ്പെടാനായി തദ്ദേശീയ വാക്‌സിനെയും ബി.ജെ.പി. നേതാക്കള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.
അപ്പോഴും കൊവിഷീല്‍ഡ് തന്നെയായിരുന്നു ആദ്യ ലക്ഷ്യം ഭേദിക്കുക എന്നത് ഉറപ്പായിരുന്നു.
കൊവിഷീല്‍ഡ് ട്രയല്‍ പൂര്‍ത്തിയാക്കി വിപണിയിലിറക്കിയ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ട്രയല്‍ പൂര്‍ത്തിയാക്കാത്ത കൊവാക്‌സിനും അനുമതി നല്‍കിയതാണ് വാക്‌സിന്‍ രാഷ്ട്രീയം വലിയ വിവാദമുയര്‍ത്തിയത്. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഇത് ചൂടുള്ള ചര്‍ച്ചയായി.
മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത കാര്യം മറച്ചു വെച്ചായിരുന്നു അനുമതി നല്‍കിയത് എന്നും വാര്‍ത്തകള്‍ പുറത്തുവന്നു. രാഷ്ട്രീയ നേട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ ധൃതി പിടിച്ച് അധാര്‍മികമായ കാര്യം ചെയ്യുന്നു എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
കോണ്‍ഗ്രസ് അതിരൂക്ഷമായാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. രാജ്യത്തെ മെഡിക്കല്‍ ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയായി കൊവാക്‌സിനു വേണ്ടിയുള്ള ധൃതി വ്യാഖ്യാനിക്കപ്പെട്ടു. മൂന്നാമത്തെ ട്രയല്‍ പൂര്‍ത്തിയാക്കാതെയാണ് കൊവാക്‌സിന് അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആരോപിക്കുകയുണ്ടായി. ഈ അനുമതി അപകടകരമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ജയ് റാം രമേശും ഇക്കാര്യം സൂചിപ്പിച്ച് രംഗത്തു വന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കൊവാക്‌സിന് വേണ്ടി ലംഘിക്കുന്നതില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.
ഇതൊക്കെ ചേര്‍ന്ന് വിവാദം പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പതുക്കെ പിന്‍വാങ്ങുകയും കൊവിഷീല്‍ഡിന് തന്നെ ആദ്യ പരിഗണന നല്‍കുകയും അതേസമയം കൊവാക്‌സിന്‍ സുരക്ഷിതമാണ് എന്ന് പറയുകയും ചെയ്തു. ആദ്യഘട്ടത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് വിവിധ സംസ്ഥാനങ്ങളിലേക്ക് അയക്കപ്പെട്ടത്. സുരക്ഷിതത്വം സംബന്ധിച്ച ഭീതി കാരണം കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും വകുപ്പധികൃതരും തയ്യാറായില്ല. ഇപ്പോഴും തയ്യാറായിട്ടില്ല.
ഈ ഒരു സന്നിഗ്ധാവസ്ഥയ്ക്ക് വിരാമമിടാനുള്ള നീക്കമായിട്ടാണ് പ്രധാനമന്ത്രിയുടെ വാക്‌സിന്‍ സ്വീകരിക്കലിനെ കാണേണ്ടത്. കൊവാക്‌സിന്‍ സുരക്ഷിതമെങ്കില്‍ എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിമാരും രാഷ്ട്രിയനേതാക്കളും ആദ്യം അത് സ്വീകരിച്ച് മാതൃക കാട്ടാത്തത് എന്ന് ജനുവരിയില്‍ വിവാദം കത്തി നില്‍ക്കവേ പ്രതിപക്ഷം പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഇനി കൊവാക്‌സിന്‍ സ്വീകരിക്കാനുള്ള വിമുഖതയും പേടിയും ജനത്തിന് ഇല്ലാതാവും എന്നാണ് സര്‍ക്കാരിന്റെ നിഗമനം.
ഭാരത് ബയോടെക് ചെയര്‍മാന്‍ കൃഷ്ണ യെല്ല പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ നടപടി രാജ്യതത്തെ ജനങ്ങള്‍ക്കുള്ള ശക്തമായ മാതൃകയായി മാറിയെന്ന് പ്രശംസിച്ചിരിക്കയാണ്.