തന്റെ മധ്യസ്ഥതയില്‍ പിണറായി വിജയനും ആര്‍.എസ്.എസിന്റെ ഗോപാലന്‍കുട്ടിയും സംസാരിച്ച രണ്ടു യോഗങ്ങളുടെ ഫലമായാണ് കണ്ണൂരില്‍ സി.പി.എം.-ആര്‍.എസ്.എസ്. സംഘര്‍ഷം ഇല്ലാതായി സമാധാനം കൈവന്നതെന്ന് പ്രമുഖ യോഗാചാര്യന്‍ ശ്രീ എം. വെളിപ്പെടുത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ജോണിക്കനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തിലാണ് ശ്രീഎം. ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീഎമ്മിന് യോഗ സെന്റര്‍ സ്ഥാപിക്കാനായി സര്‍ക്കാര്‍ നാല് ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സി.പി.എമ്മുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ചര്‍ച്ചാവിഷയമായിട്ടുള്ളത്. ശ്രീഎം. ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള ആളാണെന്നും ഈ ഭൂമി നല്‍കിയതിനു പിന്നില്‍ ആര്‍.എസ്.എസ്-സി.പി.എം. രഹസ്യ ബാന്ധവം ആണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.
‘ കണ്ണൂരിലും തിരുവനന്തപുരത്തും രണ്ട് യോഗങ്ങള്‍ നടന്നു. ഒരു നല്ല കാര്യത്തിനു വേണ്ടിയുള്ള ഇടപെടലായിരുന്നു അത്. ഞാനൊരു ഭാരതയാത്ര നടത്തി മടങ്ങിവന്ന ശേഷമായിരുന്നു കണ്ണൂരിലെ സംഘര്‍ഷത്തെപ്പറ്റി ചിന്തിച്ചത്. പി.ജയരാജനായിരുന്നു അന്ന് ജില്ലാ സെക്രട്ടറി. ആദ്യം ജില്ലാ നേതാക്കളുമായി സംസാരിക്കാമെന്നു കരുതി. ജയരാജനെ കണ്ടപ്പോള്‍ അദ്ദേഹം സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. നിങ്ങളൊക്കെ വിചാരിക്കുന്നതു പോലെ ഞാന്‍ ഒരു മോണ്‍സ്റ്ററല്ല എന്നാണ് ജയരാജന്‍ എന്നോട് പറഞ്ഞത്. അതിനടുത്ത ദിവസം എനിക്ക് ഡെല്‍ഹിയില്‍ പോകേണ്ടതുണ്ടായിരുന്നു. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതിനെ യാദൃച്ഛികമായി അവിടെ വെച്ച് കാണാനിടയായി. അദ്ദേഹത്തോട് കണ്ണൂരിലെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ നല്ല കാര്യമാണെന്നും എന്നാല്‍ ആര് മുന്‍കൈ എടുക്കുമെന്ന് എന്നദ്ദേഹം ചോദിച്ചു. ഞാന്‍ മുന്‍കൈ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. തുടര്‍ന്നാണ് സി.പി.എം.നേതാക്കളെ ബന്ധപ്പെട്ടത്. അതിനു ശേഷമാണ് തിരുവനന്തപുരത്തെ യോഗം നടന്നത്. ചില്ലറ തര്‍ക്കങ്ങളുണ്ടായെങ്കിലും ചര്‍ച്ച വിജയമായിരുന്നു. അതിനുശേഷമായിരുന്നു കണ്ണൂരിലെ യോഗം. പിണറായിയും പി.ജയരാജനും കോടിയേരിയുമുണ്ടായിരുന്നു.’-ശ്രീഎം പറയുന്നു.
അതോടെ സംഘര്‍ഷം കുറഞ്ഞു. കണ്ണൂരില്‍ സമാധാനം വന്നത് ആഘോഷിച്ചതായും അതിനായി സംഘടിപ്പിച്ച യോഗം ചരിത്രം കുറിച്ച ഒന്നായിരുന്നു എന്നും യോഗവേദിയില്‍ തന്റെ ഇടതുഭാഗത്ത് പി.ജയരാജനും വലതുവശത്ത് ഗോപാലന്‍കുട്ടിയുമുണ്ടായിരുന്നു എന്നും ശ്രീഎം അഭിമുഖത്തില്‍ പറഞ്ഞു.
ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ ആദ്യം അത് വേണ്ടെന്നു വെക്കാന്‍ തോന്നിയതായും എന്നാല്‍ അപേക്ഷിച്ചിട്ട് കിട്ടിയതായതിനാലും നല്ല കാര്യത്തിനായാണ് എന്നതിനാലും ഒടുവില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ശ്രീഎം. പറയുന്നു. താന്‍ ചെറുപ്പത്തില്‍ കമ്മ്യൂണിസ്റ്റ് വിശ്വാസിയായിരുന്നു എന്നും പിന്നീട് ആര്‍.ബാലശങ്കര്‍ വഴി ആര്‍.എസ്.എസ്.മുഖപത്രമായ ഓര്‍ഗനൈസറുമായി ബന്ധമുണ്ടായെന്നും ശ്രീഎം. വെളിപ്പെടുത്തുന്നുണ്ട്.