മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.വി.പ്രകാശിനും ഇടുക്കിയില്‍ മുന്‍ പ്രസിഡണ്ട് റോയ്കെ.പൗലോസിനും സീറ്റ് നല്‍കില്ല എന്ന വാര്‍ത്ത പരന്നതിനിടെ രണ്ട് ജില്ലയിലും പാര്‍ടിയില്‍ കടുത്ത ചേരിതിരിവും രാജിബഹളവും.
ഇടുക്കി കോൺഗ്രസ്സിൽ 5 ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, 15 ഡിസിസി ഭാരവാഹികളുൾപ്പെടെ അറുപതോളം പേരാണ് രാജി പ്രഖ്യാപിച്ചത്.
റോയ് കെ. പൗലോസിന്റെ ഉടുമ്പന്നൂരിലെ വീട്ടിൽ ചേർന്ന യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം സീറ്റുകളിൽ പരിഗണിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയിരുന്നു.പീരുമേടല്ലെങ്കിൽ മറ്റേതെങ്കിലും സീറ്റ് നൽകണമെന്നും മറിച്ചായാൽ ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലും വിജയത്തെ ബാധിക്കുമെന്നും കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിററി അധ്യക്ഷന് സ്വന്തം തട്ടകമായ നിലമ്പൂരില്‍ ടിക്കറ്റ് നല്‍കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ടി.സിദ്ദിഖിനാണ് അവിടെ സ്ഥാനാര്‍ഥിത്വം എന്നറിഞ്ഞതു മുതല്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ചേരി തിരഞ്ഞിരിക്കയാണ്. നിലമ്പൂരുകാരനായ സ്ഥാനാര്‍ഥി തന്നെ വേണമെന്ന് മണ്ഡലം കമ്മിറ്റികള്‍ രാഹുല്‍ഗാന്ധിക്ക് സന്ദേശമയിച്ചിരുന്നു. തനിക്ക് സീറ്റ് കിട്ടയില്ലെങ്കില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനം ഒഴിയുമെന്നാണ് പ്രകാശ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.