കേന്ദ്ര ബി.ജെ.പി. ആസ്ഥാനത്തു നിന്നും കര്‍ക്കശമായ നിര്‍ദ്ദേശം വന്നതോടെ ശോഭ സുരേന്ദ്രന്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടുമ്പോള്‍ അവര്‍ മല്‍സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തില്‍ തോല്‍വി അറിഞ്ഞു കഴിഞ്ഞ ഒരാളുണ്ട്–കേന്ദ്രമന്ത്രി വി. മുരളീധരന്‍. അവസാന നിമിഷം വരെ ശോഭയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചത് മുരളീധരന്‍ പക്ഷം ആണെന്ന ആക്ഷേപം അന്തരീക്ഷത്തില്‍ ശക്തമായി നില്‍ക്കുകയാണ്.
ശോഭ ദേശീയ തലത്തില്‍ പാര്‍ടിയില്‍ സ്ഥാനങ്ങളില്‍ വരുന്നതോടെ സംസ്ഥാനത്ത് അവരെ തഴയാനുള്ള പദ്ധതികളും തുടങ്ങി. കേരളത്തിലെ ബി.ജെ.പി.യില്‍ ഇത്രയധികം തഴയപ്പെട്ട മറ്റൊരു വനിതാ നേതാവ് അടുത്ത കാലത്ത് ഉണ്ടായിരിക്കില്ല. കെ.സുരേന്ദ്രനാണ് ഈ ശോഭാ വിരുദ്ധ നീക്കങ്ങളുടെ മുന്നണിയിലെങ്കിലും ചരടുവലിക്കുന്നത് മുരളീധരനാണെന്നത് പരസ്യമായ രഹസ്യമാണ്. സുരേന്ദ്രന്‍ പ്രസിഡണ്ടായി, പാര്‍ടി പുനസ്സംഘടിപ്പിച്ചപ്പോള്‍ മുതല്‍ ശോഭ കറിവേപ്പില പോലെയായി മാറി എന്ന് പരസ്യമായി. അവരെ ഒന്നിനും കാര്യമായി പരിഗണിച്ചില്ല. അതോടെ ഇടക്കാലത്ത് ആറുമാസത്തിലധികം ശോഭ സംഘടനാരംഗത്തു നിന്നു തന്നെ മാറി നിന്നു. നവംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പു ഘടത്തില്‍ ശോഭ ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാതെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുക തന്നെ ചെയ്തു. ഏകദേശം പാര്‍ടിയില്‍ നിന്നും പുറംതള്ളപ്പെടുന്നു എന്ന തോന്നല്‍ തന്നെ ഉണ്ടായി. ശോഭ മറ്റ് പാര്‍ടികളിലേക്ക് പോകുന്നു എന്നു പോലും ശ്രുതി പരന്നു.
പിന്നീട് ഫിബ്രവരിയില്‍ സെക്രട്ടറിയറ്റ് നടയില്‍ പി.എസ്.സി. റാങ്കലിസ്റ്റുകാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ഉപവാസം നടത്തിയാണ് വീണ്ടും പൊതുപ്രവര്‍ത്തനത്തിലേക്ക് വന്നത്. ഈ ഉപവാസം തന്നിഷ്ടപ്രകാരം ചെയ്തതാണെന്നും പാര്‍ടിയില്‍ ആലോചിച്ചിട്ടില്ലാത്തതും പാര്‍ടി അനുവദിച്ചിട്ടില്ലാത്തതുമാണെന്ന് കെ.സുരേന്ദ്രന്‍ പരസ്യപ്രസ്താവനയും ഇറക്കി. അച്ചടക്ക നടപടി പോലും ശോഭയ്ക്ക് നേരിടേണ്ടി വരുമെന്ന സൂചന പുറത്തു വന്നു. എന്നാല്‍ ശോഭ കൂസലില്ലതെ പിടിച്ചു നിന്നു. അവര്‍ക്കൊപ്പം പാര്‍ടിയിലെ മുരളീധര വിരുദ്ധരുടെ രഹസ്യമായ ചില അനുഭാവങ്ങള്‍ ഉണ്ടെന്നു പറയാമെങ്കിലും പരസ്യമായ പിന്തുണയൊന്നും കൊടുക്കാന്‍ ആ ഗ്രൂപ്പ് താല്‍പര്യപ്പെട്ടില്ല. സെക്രട്ടറിയേറ്റ് ഉപവാസത്തിന് ശോഭയ്ക്ക് സഹായം ചെയ്തു കൊടുത്ത തിരുവനന്തപുരത്തെ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്കനടപടിക്കും ജില്ലാ നേതൃത്വം തുനിഞ്ഞു. സംസ്ഥാന അധ്യക്ഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണെന്നു പറയുന്നു ഏതാനും പ്രവര്‍ത്തകരോട് ജില്ലാ പ്രസിഡണ്ട് വിശദീകരണം ആവശ്യപ്പെട്ട സംഭവവും ഉണ്ടായി.
എന്നാല്‍ ദേശീയ നേതൃത്വവുമായി ശോഭ നല്ല ബന്ധം എന്നും സൂക്ഷിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ കേരളത്തില്‍ പര്യടനത്തിനായി വന്നപ്പോഴാണ് ഏറെക്കാലത്തെ അജ്ഞാതവാസം വെടിഞ്ഞ് ശോഭ ബി.ജെ.പി. വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എങ്കിലും നദ്ദ പ്രത്യേകിച്ച് ശോഭയ്ക്കായി ഓഫറുകളൊന്നും നല്‍കിയില്ല. അതിനു കാരണം വി.മുരളീധരന് നദ്ദയോടുള്ള വ്യക്തിബന്ധസ്വാധീനം കാരണമാണെന്ന് പറയപ്പെടുന്നുണ്ട്.
ഇതിനിടെ ശോഭ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് ഒരു പുസ്തകം തന്നെ എഴുതി. അത് ഡെല്‍ഹിയില്‍ പോയി മോദിയെക്കൊണ്ട് ആശീര്‍വദിപ്പിക്കുകയും ചെയ്തു. അമിത് ഷായുമായും ശോഭ ഇടയാതെ നല്ല ബന്ധം സൂക്ഷിച്ചു.
നിയമസഭാ സ്ഥാനാര്‍ഥിപട്ടികയിലും ശോഭയ്ക്ക് സംസ്ഥാന നേതൃത്വം ഇടം കൊടുക്കില്ല എന്ന് ഉറപ്പായിരുന്നു. അതിനാല്‍ മുന്‍കൂട്ടി എറിഞ്ഞു കൊണ്ട് , താന്‍ സ്ഥാനാര്‍ഥിയാകാന്‍ ഇല്ല എന്ന് ശോഭ പ്രഖ്യാപിച്ചു. എങ്കിലും അവര്‍ സ്ഥാനാര്‍ഥിയാകാന്‍ ഉള്ളില്‍ ആഗ്രഹിച്ചിരുന്നു.
ശോഭയെ ഏകദേശം തഴഞ്ഞു കൊണ്ടുതന്നെ പട്ടിക പുറത്തിറക്കിയ ശേഷമാണ് ലതികാസുഭാഷിനെ കോണ്‍ഗ്രസ് തഴഞ്ഞതുമായി ചേര്‍ത്ത് വെച്ച് പാര്‍ടിയിലും പുറത്തും ശോഭയെ നേതൃത്വം തഴഞ്ഞ സംഭവം ചര്‍ച്ചായകുന്നത്. അതോടെ പ്രശ്‌നം വീണ്ടും ദേശീയ നേതൃത്വം ശ്രദ്ധിച്ചു. ശോഭയ്ക്ക് അവസരം നല്‍കണമെന്ന കേന്ദ്ര നിര്‍ദ്ദേശം വന്നതിനാലാവാം, അതു വരെ ശോഭയെ ഒരു തരത്തിലും അടുപ്പിക്കില്ല എന്ന് സൂചിപ്പിച്ചിരുന്ന സുരേന്ദ്രന്‍ സ്വരം മാറ്റി. എന്നാല്‍ ശോഭയുടെ സ്ഥാനാര്‍ഥിത്വം പരമാവധി ഇല്ലാതാക്കാന്‍ ശ്രമം നടന്നുകൊണ്ടിരുന്നു.
കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയെ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നില്ല എന്നതിനാല്‍ അവിടെ ശോഭയെ മല്‍സരിപ്പിക്കാന്‍ നിര്‍ദ്ദേശം ഉണ്ടായി. അല്ലെങ്കില്‍ ചാത്തന്നൂരില്‍ സീറ്റ് എന്ന നിര്‍ദ്ദേശവും ഉണ്ടായി. എന്നാല്‍ ശോഭയ്ക്ക് സീറ്റ് നല്‍കിയാല്‍ രാജിവെക്കും എന്ന് കെ.സുരേന്ദ്രന്‍ ഭീഷണി മുഴക്കി തീരുമാനം റദ്ദാക്കിച്ചു എന്ന് വാര്‍ത്ത പരന്നു. ഇത് പിന്നീട് സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു.
ശോഭ കഴക്കൂട്ടത്ത് വരും എന്ന വാര്‍ത്ത വന്നതിനു ശേഷവും അതിനെതിരായ വാര്‍ത്തകള്‍ പിന്നീട് വന്നു. പക്ഷേ ഏറ്റവും ഒടുവില്‍ സംസ്ഥാന നേതൃത്വത്തെ തള്ളി അമിത് ഷാ തന്നെ ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയതോടെ കേരളത്തിലെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് പൂട്ടുവീണു. ശോഭയെ കഴക്കൂട്ടത്ത് അന്തിമമായി തീരുമാനിക്കപ്പെട്ടു.
കഴക്കൂട്ടത്ത് ശോഭ മല്‍സരിക്കുമ്പോള്‍ തന്നെ തോല്‍ക്കുന്നത് വി.മുരളീധരനാണ്. മുരളീധരന്റെ തട്ടകമാണ് കഴക്കൂട്ടം. അവിടെ തന്നെ ശോഭ എത്തുന്നു. മുരളീധരന്‍ നിയമസഭയിലേക്ക് മല്‍സരിക്കുമെങ്കില്‍ അത് കഴക്കൂട്ടത്തു നിന്നാവും എന്ന വാര്‍ത്ത നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ അതേ കഴക്കൂട്ടത്തു നിന്നു തന്നെ ശോഭ ജനവിധി തേടുന്നു എന്നത് മുരളീധരന് വലിയ ക്ഷീണം തന്നെയാണ്. തന്നെ പാര്‍ടിയില്‍ അവഗണിച്ചു കൊണ്ടിരിക്കുന്ന ലോബിയോടുള്ള ഒരു മധുരപ്രതികാരം കൂടിയാവും ശോഭാ സുരേന്ദ്രന് കഴക്കൂട്ടത്തെ പോരാട്ടം, ഒപ്പം പാര്‍ടിയില്‍ ചുവടുറപ്പിച്ചു തന്നെ നില്‍ക്കാനുള്ള ഗ്ലൂക്കോസും.