ഒരു കാലത്ത് ആര്‍.എസ.എസില്‍ വലിയ ബൗദ്ധിക സ്വാധീനം ഉണ്ടായിരുന്ന ആര്‍.ബാലശങ്കര്‍ എന്ന മലയാളി എന്തിനാണിപ്പോള്‍ കേരള രാഷ്ട്രീയത്തിലേക്കിറങ്ങി ഒരു നിയമസഭാ സീറ്റില്‍ മല്‍സരിക്കാനൊരുങ്ങുന്നതെന്ന് ആരെങ്കിലും ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടുണ്ടോ എന്നറിഞ്ഞുകൂട. പക്ഷേ ബാലശങ്കറിന്റെ എന്‍ട്രിക്കുള്ള പാഴായ ശ്രമത്തിനു പിന്നില്‍ യഥാര്‍ഥത്തില്‍ കളിച്ചത് ഇന്ന് കേരളത്തിലെ ബി.ജെ.പി.യെ നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആണെന്നത് പരസ്യമായ രഹസ്യം. ബാലശങ്കര്‍-മുരളീധരന്‍ പോരിന് ആധാരമാകുന്നത് ആര്‍.എസ്.എസുമായുള്ള ഇരുവരുടെയും അടുപ്പവും അടുപ്പമില്ലായ്മയും.
്ആര്‍.എസ്.എസിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്നായി പ്രവര്‍ത്തിച്ച ബാലശങ്കര്‍ ആ സംഘടനയുടെ മുഖപത്രത്തിന്റെ മുന്‍ പത്രാധിപര്‍ കൂടിയാണ്. ഒരു കാലത്ത് ഇന്നത്തെ നരേന്ദ്രമോദി പോലും ആര്‍.എസ്.എസില്‍ ബാലശങ്കറിന് കീഴില്‍ തുണയായി പ്രവര്‍ത്തിച്ചിരുന്നു. അതു കൊണ്ടു തന്നെ മോദിക്ക് ഇദ്ദേഹത്തോട് ഇന്നും നേരിട്ട് ഇഷ്ടമുണ്ട്. താന്‍ സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കപ്പെടുന്ന വിവരം മോദിക്ക് വ്യക്തിപരമായി അറിയാമെന്ന് ബാലശങ്കര്‍ തന്റെ ഒരു അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ബോധപൂര്‍വ്വമാണ്, മോദിയുമായുള്ള അടുപ്പം വെളിവാക്കാനാണ്.
കേരളത്തിലെ വി.മുരളീധരന്‍ ഗ്രൂപ്പ് ആര്‍.എസ്.എസിന്റെ ഗുഡ്ബുക്കിലുള്ളതല്ല. മുരളീധരന്റെ ഉറ്റ ആജ്ഞാനുവര്‍ത്തിയായ കെ.സുരേന്ദ്രനോടും ആര്‍.എസ്.എസ്. നേതൃത്വത്തിന് താല്‍പര്യമില്ലായിരുന്നു. ശബരിമല സമരത്തിനു ശേഷമാണ് ആര്‍.എസ്.എസ്. അല്‍പം അയഞ്ഞ് സുരേന്ദ്രനെ അംഗീകരിക്കാന്‍ തുടങ്ങിയിട്ടുള്ളത്. കേന്ദ്രമന്ത്രി വി.മുരളീധരനും കേരള ബി.ജെ.പി.യിലെ ആര്‍.എസ്.എസിന്റെ താല്‍പര്യമില്ലാത്ത നേതാവായാണ് അറിയപ്പെടുന്നത്. എന്നാല്‍ ദേശീയ പ്രസിഡണ്ട് ജെ.പി.നദ്ദയുമായി വളരെയധികം അടുപ്പമുള്ള വ്യക്തിയാണ് മുരളീധരന്‍. നെഹ്‌റു യുവക് കേന്ദ്രയുടെ നാഷണല്‍ ചെയര്‍മാന്‍ ആയിരിക്കുന്ന കാലത്ത് ഒപ്പം ഉണ്ടായിരുന്നതാണ് നദ്ദയുമായുള്ള ബന്ധത്തിന് നിദാനം. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദം കൂടാതെ തന്നെ പാര്‍ടിയില്‍ ഏതു കാര്യവും തന്റെ വഴിക്കു കൊണ്ടുവരുന്നതില്‍ മുരളീധരന് കഴിയുന്നു. കേരളത്തില്‍ സുരേന്ദ്രന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം പിന്നില്‍ മുരളീധരന്റെ താല്‍പര്യമാണെന്നത് പരസ്യമായ രഹസ്യമാണ്. ശോഭാ സുരേന്ദ്രനെതിരായ നീക്കങ്ങളും ഉള്‍പ്പെടെ മുരളീധരന്റെ താല്‍പര്യപ്രകാരമാണ്.
ആര്‍.എസ്.എസിന്റെ സ്വന്തം ആളായ ബാലശങ്കറുമായുള്ള താല്‍പര്യക്കുറവിനു പിന്നില്‍ ഇത്തരം ഘടകങ്ങളാണ് പ്രവര്‍ത്തിച്ചത്. ദേശീയ തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ വന്ന് തന്നെ മറികടക്കുന്നത് മുരളീധരന്‍ താല്‍പര്യപ്പെടുന്നില്ല, പ്രത്യേകിച്ച ആര്‍.എസ്.എസുമായി വലിയ അടുപ്പമുള്ളവര്‍. ബാലശങ്കറിനെ അവഗണിക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്. ബാലശങ്കര്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്ന കാര്യം പോലും തനിക്കറിയില്ലായിരുന്നു എന്ന കെ.സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത് ഈ സാഹചര്യത്തിലാണ്.
അമിത്ഷായുടെ പ്രത്യേക താല്പര്യത്തില്‍ കേരളത്തില്‍ കുതിപ്പിന് ശ്രമിക്കുന്ന ബി.ജെ.പി.ക്ക് മുഖ്യ ശത്രുവായ സി.പി.എമ്മുമായി രഹസ്യഡീല്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബാലശങ്കറിന്റെ ശ്രമം ആണ് ചര്‍ച്ചയായിരിക്കുന്നത്. ദേശീയ തലത്തില്‍ ഇത് ചര്‍ച്ചയാക്കാനും അതിലൂടെ വി.മുരളീധരന്റെ പ്രതിച്ഛായക്ക് സമ്മര്‍ദ്ദമുണ്ടാക്കാനുമുള്ള ബാലശങ്കറിന്റെ ബുദ്ധിയാണ് ചെങ്ങന്നൂര്‍ വിവാദത്തിനു പിന്നിലെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങളിലെ സംശയം. കേരള ബി.ജെ.പി. ഈ നേതൃത്വം വെച്ച് അടുത്ത മുപ്പത് വര്‍ഷത്തേക്കെങ്കിലും രക്ഷപ്പെടാന്‍ പോകുന്നില്ല എന്ന രീതിയിലുള്ള തുറന്ന വിമര്‍ശനവും പ്‌ത്യേക ലക്ഷ്യത്തോടെയാണ് എന്ന് കരുതണം. സീറ്റ് നിഷേധിക്കപ്പെട്ട കാര്യം കേന്ദ്രനേതാക്കളെ അറിയിക്കും എന്ന് ബാലശങ്കര്‍ പറഞ്ഞതും മുരളീധരനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചാണെന്നാണ് അനുമാനിക്കപ്പെടുന്നത്.
അല്ലാതെ ബി.ജെ.പി.യുടെ പ്രസിഡണ്ടിനെ കോന്നിയില്‍ ജയിപ്പിക്കാനും അവിടുത്തെ ഡി.വൈ.എഫ്.ഐ. നേതാവും സംസ്ഥാനത്താകെ പേരുള്ള എം.എല്‍.എ.യുമായ കെ.യു.ജനീഷ് കുമാറിനെ പരാജയപ്പെടുത്താനും സി.പി.എം. രഹസ്യ കരാര്‍ ഉണ്ടാക്കി എന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആര് വിശ്വസിക്കാനാണ്.!! പ്രത്യേകിച്ച ആറന്‍മുളയിലും ചെങ്ങന്നൂരിലുള്‍പ്പെടെ പത്തനംതിട്ട ജില്ലയില്‍ ഇപ്പോള്‍ സി.പി.എം.സിറ്റിങ് എം.എല്‍.എ.മാര്‍ ഉണ്ടെന്നിരിക്കെ.