ആലപ്പുഴയില്‍ രൂപം കൊണ്ട വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ആയ വി-കണ്‍സോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്നവേഷന്‍ ചാലഞ്ചില്‍ വിജയിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്ലിക്കേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് എല്ലാവര്‍ക്കും അറിയാം. അതേ ചാലഞ്ചില്‍ വിജയിച്ച മറ്റൊരു ആപ്ലിക്കേഷന്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനെ ഒതുക്കാനായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു–അതാണ് ‘ കൂ ‘. ഇന്ത്യന്‍ നിര്‍മ്മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം.
കര്‍ഷക സമരത്തില്‍ ട്വിറ്റര്‍ വഴി നടത്തപ്പെട്ട പ്രചാരണത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അസ്വസ്ഥരാവുകയും 1778 അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഇത് പൂര്‍ണമായി ചെവിക്കൊണ്ടില്ല. 500 എണ്ണം മാത്രമാണ് ഒഴിവാക്കാന്‍ ആദ്യം ട്വിറ്റര്‍ തയ്യാറായത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോള്‍ ഒടുവില്‍ ട്വിറ്ററിന് ചിറക് ഒതുക്കേണ്ടിവന്നു.
ഈ സമയത്താണ് ഈ ട്വിറ്റര്‍ പക്ഷിക്കു പകരം മറ്റൊരു പക്ഷിയെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. അതാണ് കൂ.
കൂ എന്നത് പക്ഷിയുടെ കൂവലാണ്. ബി.ജെ.പിക്കു കൂടി പ്രിയമായ ഇളം പീതവര്‍ണമാണ് കൂ-വിന്റെ നിറം. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഇലക്ട്രോണിക്‌സ് മന്ത്രാലയവുമൊക്കെ ട്വിറ്ററിനോട് ആശയവിനിമയം നടത്തിയത് ട്വിറ്റര്‍ ഒഴിവാക്കി കൂ-വിലൂടെയാണ്. പീയൂഷ് ഗോയലാണ് തങ്ങള്‍ ഇനി കൂ-വിലാണ് എന്ന് പ്രഖ്യാപിച്ചത്.