കൊവിഡ് കാലത്തെ കപ്പ വിളവെടുപ്പ് വേറിട്ട അനുഭവമായി ആസ്വദിക്കാന്‍ കപ്പ വിഭവങ്ങളുടെ ഉല്‍സവവുമായി കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭ.
മഹാമാരിക്കാലത്ത് വ്യാപകമായി നടത്തിയ കപ്പക്കൃഷിയിലൂടെ ടണ്‍ കണക്കിന് വിളവാണ് നഗരസഭാ പരിധിയിലുള്ള കൃഷിയിടങ്ങളില്‍ ലഭിച്ചത്. ജില്ലയില്‍ തന്നെ രുചിയില്‍ പ്രത്യേക ആകര്‍ഷണീയതയുള്ളതാണ് ആന്തുര്‍ നഗരസഭാപരിധിയിലുള്ള പുഴത്തുരുത്തുകളിലും പാടങ്ങളിലും വിളയുന്ന കപ്പയ്ക്ക്.
കപ്പ് കപ്പയായി വില്‍ക്കുന്നതിനു പകരം അതിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെയും കപ്പ കൊണ്ടു ഉണ്ടാക്കാവുന്ന നാനാവിധ ആഹാരപദാര്‍ഥങ്ങളെയും പരിചയപ്പെടുത്തുകയും വിപണിയിലെത്തിക്കുകയും ചെയ്യുക എന്നതാണ് കപ്പ ഫെസ്റ്റിന്റെ ഉദ്ദേശ്യമെന്ന് സംഘാടകരായ നഗരസഭാ അധികൃതര്‍ പറയുന്നു. കൃഷിക്കാര്‍ക്ക് വിളവ് വിറ്റഴിക്കാന്‍ സഹായിക്കുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്.
കപ്പയില്‍ നിന്നും വിസ്മയകരമായ വിഭവങ്ങളൊരുക്കാമെന്ന് തെളിയിക്കുന്ന വൈവിധ്യമായ ആഹാരമാണ് കപ്പ ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്. പലര്‍ക്കും പരിചയമുള്ള കപ്പ പുട്ടിനും കപ്പ ബരിയാണിക്കും പുറമേ കപ്പ പ്രഥമനും കപ്പ കേക്കുമൊക്കെ ആസ്വദിക്കാനും വാങ്ങാനും അവസരമുണ്ട്. തലമുറകളുടെ രസമുകുളങ്ങളെ ത്രസിപ്പിച്ച കപ്പയും മത്തിയും, കപ്പയും മുളകു ചമ്മന്തിയും കപ്പ ഫെസ്റ്റില്‍ രുചിയുടെ രസം നിറയ്ക്കാനുണ്ടാകും. ഒപ്പം വാട്ടിയ കപ്പയും പച്ചക്കപ്പയും തുണി സഞ്ചിയില്‍ വാങ്ങി തിരിച്ചു പോകാം.
കപ്പയുടെ പലതരം വിഭവങ്ങള്‍ ആസ്വദിക്കുന്നതിനു പുറമേ, അവ ഉണ്ടാക്കുന്ന വിധം പഠിക്കാനും അവസരം ഒരുക്കുന്നുണ്ട്. ലാഭേച്ഛ ഒട്ടുമില്ലാതെ, കൃഷിച്ചെലവ് മാത്രം തിരിച്ചുകിട്ടുംവിധമാണ് വിഭവങ്ങളുടെ വില നിശ്ചയിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഫെബ്രുവരി 27-ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ ധര്‍മശാല ദേശീയപാതയോരത്തായിരിക്കും കപ്പ ഉല്‍സവം. വൈകീട്ടു വരെ നീളുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത് ആന്തൂര്‍ നഗരസഭ, കൃഷിവകുപ്പ്, കര്‍ഷക കുട്ടായ്മ എന്നിവ സംയുക്തമായാണ്.