കോളേജ് കാമ്പസിലെ ഫാസിസ്റ്റ് അക്രമത്തിനെതിരായ താരനേതാവായിരുന്ന കനയ്യകുമാര്‍ ഒരു ഇടവേളയ്ക്കു ശേഷം ഇപ്പോള്‍ വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിക്കുന്നത് അദ്ദേഹം സി.പി.ഐ. വിട്ട് ബി.ജെ.പി.മുന്നണിയിലേക്കു പോകുന്നു എന്ന അഭ്യൂഹമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബേഗുസരായ് മണ്ഡലത്തില്‍ കനയ്യ മല്‍സരിച്ചു. അദ്ദേഹം വിജയിക്കുമെന്ന് വലിയ പ്രതീക്ഷ നിലനിന്നിരുന്നു. എന്നാല്‍ ബി.ജെ.പി.യോട് തോല്‍ക്കുകയായിരുന്നു ഫലം. അതിനു ശേഷം കനയ്യ ദേശീയ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രതീക്ഷിച്ചതു പോലെ തിളങ്ങിയില്ല എന്നു മാത്രമല്ല പേരു പോലും എവിടെയും അടുത്ത കാലത്ത് കാണുകയുണ്ടായില്ല.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത, കനയ്യയെ അദ്ദേഹത്തിന്റെ പാര്‍ടിയായ സി.പി.ഐ. സെന്‍ഷ്വര്‍ ചെയ്തു എന്നാണ്. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ടി ദേശീയ കൗണ്‍സില്‍ യോഗമാണിത് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് പട്‌നയിലെ സി.പി.ഐ. ഓഫീസില്‍ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷണോട് അപമര്യാദയായി പെരുമാറി എന്ന സംഭവത്തെത്തുടര്‍ന്നാണ് കനയ്യകുമാര്‍ അച്ചടക്കനടപടി നേരിട്ടത്.
ഇതോടെ കനയ്യയും പാര്‍ടിയും തമ്മില്‍ വളരെയധികം അകന്നു.
കഴിഞ്ഞ ഞായറാഴ്ച കനയ്യ കുമാര്‍ ബിഹാര്‍ മന്ത്രിയും ജെ.ഡി.യു.വിന്റെ പ്രമുഖ നേതാവുമായ അശോക് ചൗധരിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതോടെ കനയ്യ ജെ.ഡി.യു.വിലേക്ക് പോകുകയാണ് എന്ന അഭ്യൂഹം ശക്തമായിരിക്കയാണ്. എന്നാല്‍ ഇത് മാധ്യമങ്ങളുടെ ഭാവനാ വിലാസമാണ് എന്നാണ് സി.പി.ഐ. ദേശീയ നേതൃത്വം പ്രതികരിച്ചത്.
ബി.ജെ.പിയുടെ കാമ്പസ് ശത്രുവായി ഉദയം ചെയ്ത് ദേശീയ താരമായി ഇനി ബി.ജെ.പി.മുന്നണിയായ എന്‍.ഡി.എ.യിലെ സഖ്യകക്ഷിയുടെ താവളത്തിലേക്ക് കനയ്യകുമാര്‍ ഒടുവില്‍ എത്തുമോ എന്ന കാര്യമാണ് ചര്‍ച്ചയ്ക്ക് കൊഴുപ്പു കൂട്ടുന്നത്.