Categories
kerala

‘മീശ’യ്ക്ക് പുരസ്‌കാരം: നോവലിന്റെ പേര് കൊടുക്കാതെ മാതൃഭൂമി

യഥാര്‍ത്ഥത്തില്‍ സാഹിത്യ അക്കാദമി പുരസ്‌കാരം കൃതിയ്ക്കാണ്. അതറിയാനുള്ള അവസരം ഒഴിവാക്കിക്കൊണ്ട് വാര്‍ത്ത പൊതിയേണ്ട ഗതികേട് ഇന്ന് നിലവിലുണ്ടോ? പൊതുവില്‍ വിവാദ രചനയായ മീശ അംഗീകാരം നേടുന്നു എന്നതായിരുന്നു വാര്‍ത്തയാവേണ്ടിയിരുന്നത്. ഹിന്ദു ഉള്‍പ്പടെയുള്ള പത്രങ്ങള്‍ അങ്ങനെയാണ് അത് കൊടുത്തിരിക്കുന്നത്

Spread the love

മാതൃഭൂമി എന്ന മതേതര ദേശീയ മാധ്യമത്തിന് അതിന്റെ എക്കാലത്തെയും ചരിത്രത്തില്‍ മറക്കാന്‍ കഴിയാത്ത നാണക്കേടാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരണം പാതി വഴിയില്‍ വെച്ച് അവസാനിപ്പിച്ച സംഭവം. ഏറ്റവുമൊടുവില്‍ കേരളസാഹിത്യ അക്കാദമി മികച്ച നോവലായി മീശ തിരഞ്ഞെടുത്ത വാര്‍ത്തയില്‍ പത്രം നോവലിന്റെ പേര് കൊടുത്തില്ല. മീശയുടെ പേര് മാത്രം ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ അവാര്‍ഡ് നേടിയ എല്ലാ പുസ്തകങ്ങളുടെയും പേരുകള്‍ ഒഴിവാക്കിയതാണെന്ന് എഴുത്തുകാരനായ എന്‍.ഇ.സുധീര്‍ വിമര്‍ശനവുമായി രംഗത്ത്. ട്രൂ കോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് സുധീര്‍ മാതൃഭൂമിക്കെതിരെ പരിഹാസമുതിര്‍ത്തിരിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയതയുടെ ആക്രമണം അതിജീവിച്ച് ഇതിനകം മികച്ച പുരസ്‌കാരങ്ങളോടെ അടയാളപ്പെടുത്തപ്പെട്ട ഒരു നോവലിന്റെ പേര് പോലും അച്ചടക്കില്ല എന്ന പത്രത്തിന്റെ തീരുമാനം സാംസ്‌കാരിക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ലേഖകന്‍ പറയുന്നു.
മീശയുടെ പ്രസിദ്ധീകരണം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഹിന്ദുത്വ ശക്തികളുടെ ഭീഷണി മാനിച്ച് നിര്‍ത്തി വെച്ചെങ്കിലും സുപ്രീംകോടതി നോവലിന് അനുകൂലമായി വിധി പറഞ്ഞു. പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ തുക സമ്മാനമായി ലഭിക്കുന്ന ജെസിബി പുരസ്‌കാരവും മീശ നേടി. മീശ നേടി. കഴിഞ്ഞ ദിവസം കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മീശ നേടിയപ്പോഴും നോവലിന്റെ പേര് നല്‍കിയില്ല.

ഡോ. എന്‍.ഇ. സുധീര്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ രൂപം :

thepoliticaleditor

കേരളത്തിന്റെ മാറിവരുന്ന സാമൂഹ്യ പരിസരത്തെ അടുത്തറിയാന്‍ അവസരമൊരുക്കിയ ഒന്നായിരുന്നു ‘മീശ’  വിവാദം. അതിന്റെ പേരില്‍ മലയാളത്തിലെ പ്രധാനപ്പെട്ട പത്രമായ മാതൃഭൂമിക്ക് വലിയ വില കൊടുക്കേണ്ടി വന്നു എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. വലിയൊരു പാരമ്പര്യത്തിന്റെ പിന്‍ബലമുണ്ടായിട്ടും ആ വിവാദം നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

അതിനെ പുറമെനിന്ന് വിമര്‍ശിക്കുമ്പോഴും വര്‍ത്തമാനകാലത്ത് ഉരുത്തിരിഞ്ഞുവന്ന മാധ്യമ വ്യവസായത്തിന്റെ പൊളിറ്റിക്കല്‍ ഇക്കോണമിയുടെ ഇര കൂടിയാണ് അവരെന്ന് കേരളത്തിലെ ബുദ്ധിജീവി സമൂഹം തിരിച്ചറിഞ്ഞിരുന്നു.

ഇരയായ ഞങ്ങള്‍ സാഹചര്യത്തിന്റെ അടിമകളായി തന്നെ നിലനിന്നുകൊള്ളാമെന്ന നിലപാടിലേക്ക് മാതൃഭൂമി പോലെ ഒരു സ്ഥാപനം പോയി എന്നതാണ് എന്നെപ്പോലുള്ളവരുടെ പരാതി. 

അതില്‍നിന്ന് മോചിതരാവാനുള്ള ഏറ്റവും ആദ്യത്തെ അവസരം മാതൃഭൂമി ഉപയോഗിക്കും എന്നാണ് ആ പത്രസ്ഥാപനത്തിന്റെ പാരമ്പര്യത്തെ ഉള്‍ക്കൊണ്ട വായനാസമൂഹം കരുതിയത്. അതുണ്ടായില്ല എന്നത് വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു.

ആ വിവാദത്തിനു ശേഷവും വിവാദത്തിനു കാരണമായ രചനയും രചയിതാവും ഈ സമൂഹത്തില്‍ തലയുയര്‍ത്തി തന്നെ നിലകൊണ്ടു എന്നത് അഭിമാനകരവും ആഹ്ലാദകരവുമായ കാര്യമാണ്. ഇതാണ് പ്രശ്‌നം. നോവലിന് വേദിയൊരുക്കിയവര്‍ വിവാദാനന്തരം തലപൊക്കുന്നതേയില്ല. വിവാദ നോവല്‍ ജൈത്രയാത്ര തുടരുകയും ചെയ്യുന്നു. ഇത് ഉദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ കഴിയും. 

മീശയുടെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ജെ.സി.ബി പുരസ്‌കാരം നേടി.  

അത് ഒരു മലയാള മാധ്യമത്തെ സംബന്ധിച്ച് ഒരു പ്രധാന വാര്‍ത്ത തന്നെയായിരുന്നു. ദേശീയ പത്രങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെ ഈ പുരസ്‌കാരത്തെ ആഘോഷിച്ചപ്പോള്‍ മാതൃഭൂമി പത്രം ഈ വാര്‍ത്ത കണ്ടതായി പോലും നടിച്ചില്ല. കേവലമായ പത്രധര്‍മം പോലും അവര്‍ ഓര്‍ത്തില്ല. പിന്നെയും ഹരീഷും മീശയും അംഗീകാരങ്ങള്‍ നേടി. മാതൃഭൂമി പത്രം മാത്രം അത്തരം വാര്‍ത്തകളെ കണ്ടില്ലെന്നു നടിച്ചു. ഇപ്പോഴിതാ മീശ കേരള സാഹിത്യ അക്കാദമിയുടെ 2019ലെ മികച്ച നോവല്‍ പുരസ്‌കാരം നേടിയിരിക്കുന്നു.

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഈ വാര്‍ത്ത എങ്ങനെ കൊടുത്തു എന്നത് നോക്കുക. സത്യത്തില്‍ മീശയെപ്പേടിച്ച അവര്‍ സാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്തയെ അപ്പാടെ മറ്റൊരു രീതിയിലാക്കി മാറ്റിക്കളഞ്ഞു. അവരുടെ വാര്‍ത്ത വായിച്ചാല്‍ അംഗീകരിക്കപ്പെട്ട ഒരു കൃതിയുടെയും പേരുകാണില്ല. എഴുത്തുകാരുടെ പേരും ലഭിച്ച വിഭാഗവും മാത്രമാണ് കൊടുത്തിരിക്കുന്നത്. പി. രാമന്‍ ( കവിത ) എസ്. ഹരീഷ് (നോവല്‍) എന്നിങ്ങനെ അതിനെ ഉടച്ചെടുത്തു.

യഥാര്‍ത്ഥത്തില്‍ സാഹിത്യ അക്കാദമി പുരസ്‌കാരം കൃതിയ്ക്കാണ്. അതറിയാനുള്ള അവസരം ഒഴിവാക്കിക്കൊണ്ട് വാര്‍ത്ത പൊതിയേണ്ട ഗതികേട് ഇന്ന് നിലവിലുണ്ടോ? പൊതുവില്‍ വിവാദ രചനയായ മീശ അംഗീകാരം നേടുന്നു എന്നതായിരുന്നു വാര്‍ത്തയാവേണ്ടിയിരുന്നത്. ഹിന്ദു ഉള്‍പ്പടെയുള്ള പത്രങ്ങള്‍ അങ്ങനെയാണ് അത് കൊടുത്തിരിക്കുന്നത്. സാധാരണ നിലയില്‍ നോവലിനുള്ള അവാര്‍ഡിനാണ് പ്രാമുഖ്യം. ഇതൊക്കെ മറന്നുകൊണ്ടാണ് മാതൃഭൂമി കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത്. ഇതെന്തിനാണെന്നാണ് മനസ്സിലാക്കാന്‍ പറ്റാത്തത്. മീശ എന്ന വാക്ക് പത്രത്തില്‍ അടിക്കില്ല എന്ന് കരാറെടുത്തതു പോലെ! 

യഥാർത്ഥത്തിൽ അവരാണ് അതിനെ ആദ്യം അംഗീകരിച്ചത്. അതും കാണാതെ പോകരുത്. ഇന്ത്യയിലെ പരമോന്നത കോടതി മുതൽ സാമൂഹ്യ സാംസ്കാരിക ഇടങ്ങൾ വരെ ഒരു സർഗാത്മക സൃഷ്ടി എന്ന നിലയിൽ മീശയെ നിലനിർത്താനാണ് ശ്രമിച്ചു കൊണ്ടിരുന്നത്. അതൊക്കെ അറിഞ്ഞു കൊണ്ട് തന്നെ നടത്തുന്ന മാതൃഭൂമിയുടെ അവഗണന കേരളത്തിലെ സാംസ്കാരിക സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

വിവാദത്തിനിടയാക്കിയ നോവൽ സർഗ്ഗാത്മക രചന എന്ന തലത്തിൽ ചരിത്രം കുറിക്കുമ്പോൾ, ആ നിലയിൽ വലിയ ഉയരങ്ങൾ താണ്ടുമ്പോൾ അതിനെ വായന സമൂഹത്തിനു മുന്നിലെത്തിച്ച മാതൃഭൂമി ആഴ്​ചപ്പതിപ്പിന്റെ അക്കാലത്തെ പത്രാധിപ സമിതിയുടെ നിലപാടുകൾ ശരിവെക്കപ്പെടുകയാണ്.

ഇത് പത്രധര്‍മല്ല. പത്രാധിപരുടെ വിവേക ബുദ്ധിയില്ലായ്മയാണ്. അതിബുദ്ധി കാണിച്ച് നേരിടാവുന്ന ഒന്നല്ല സാമൂഹ്യ പ്രതിസന്ധികള്‍. മീശ വിവാദവുമായി ബന്ധപ്പെട്ട  വിഷയത്തിലെ നിലപാടില്ലായ്മയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് . മാതൃഭൂമി പോലുള്ള ഒരു പത്രം ഇങ്ങനെ സ്വയം കുഴിച്ച കുഴിയില്‍ കിടന്ന് രാമനാമം ജപിക്കരുത്. കരകയറാനുള്ള അവസരങ്ങളെ ഇങ്ങനെ അവഗണിക്കുക വഴി സ്വന്തം മൂല്യബോധത്തെ കീഴ്മേല്‍ മറിക്കുകയാണ് മാതൃഭൂമി നടത്തിപ്പുകാര്‍ ചെയ്യുന്നത്. കേരളത്തിന്റെ വായനാസംസ്‌കാരത്തോടു ചേര്‍ന്നുനിന്നു എന്ന് അഭിമാനത്തോടെ പറയാന്‍ അവകാശമുള്ള മാതൃഭൂമിയോട് സ്‌നേഹബഹുമാനങ്ങള്‍ കൊണ്ട്  അവരുടെ വായനക്കാരന്‍ എന്ന നിലയില്‍ ഞാനിതോര്‍മിപ്പിക്കുന്നു എന്നു മാത്രം. 

Spread the love
English Summary: CRITICISM TRIGGERS AGAINST MATHRUBHUMI DAILY FOR NOT MENTIONING THE NAME OF AWARD WINNING NOVEL "MEESA"

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick