Categories
exclusive

71 സീറ്റ് കടക്കാനാണ് ബി.ജെ.പി. മല്‍സരിക്കുന്നതെന്ന് സി.പി. രാധാകൃഷ്ണന്‍

കെ.സുരേന്ദ്രന്‍ ഇത്തവണ മല്‍സരിക്കാതെ മൊത്തം പ്രചാരണത്തിന് നേതൃത്വം നല്‍കണമെന്ന് പാര്‍ടി സംസ്ഥാനസമിതിയില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും സുരേന്ദ്രന്‍ അത് അംഗീകരിച്ചിട്ടില്ല

Spread the love

കേരളത്തില്‍ ഏതാനും സീറ്റ് കിട്ടാനല്ല, 71 സീറ്റ് എന്ന മാന്ത്രിക സംഖ്യ കടക്കാനാണ് പാര്‍ടി മല്‍സരിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. നേതാവ് സി.പി.രാധാകൃഷ്ണന്‍ തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് ലക്ഷ്യം 71 സീറ്റ് ആയിരുന്നു. പക്ഷേ കിട്ടിയത് ഒന്നു മാത്രം. ശബരിമല വിഷയത്തില്‍ തീവ്രമായി ഇടപെട്ട് സമരം നയിച്ചതിന്റെ ഫലം 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ദൃശ്യമാകുമെന്ന് പാര്‍ടി കരുതി. എന്നാല്‍ കോണ്‍ഗ്രസിനാണ് നേട്ടം ഉണ്ടായത്.
ഇത്തവണ കോണ്‍ഗ്രസിനുള്ളിലെ ഹിന്ദുവോട്ടുകള്‍ ബി.ജെ.പി. ലക്ഷ്യമിടുന്നുണ്ട്. ഉമ്മന്‍ചാണ്ടി തലപ്പത്ത് വന്നതോടെ ഇത് സാധ്യമാകും എന്നാണ് കണക്കുകൂട്ടല്‍. ചെന്നിത്തലയെ അവഗണിച്ചു എന്ന് പ്രചരിപ്പിച്ചാല്‍, ഉമ്മന്‍ ചാണ്ടിയെ പാഠം പഠിപ്പിക്കണമെന്ന് ഉപദേശിച്ചാല്‍, ഹിന്ദുകോണ്‍ഗ്രസുകാര്‍ ബി.ജെ.പി.യോട് അനുഭാവം കാണിക്കും എന്നാണ് വിശ്വാസം. അതേസമയം ക്രിസ്തീയ സഭകളുടെ കാര്യത്തില്‍ അനുഭാവം ഉണ്ടെന്ന് കാണിച്ച് അവരെ ചേര്‍ത്തു നിര്‍ത്താനും ശ്രമിക്കുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി നടക്കാറുള്ള ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരായ അതിക്രമങ്ങളിലും ഭരണകൂട ഭീകരതയുടെ ഭാഗമായി സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവരെ മാവോയിസ്റ്റ് മുദ്ര കുത്തി ജയലിലിട്ടതു പോലുള്ള സംഭവങ്ങളിലും സഭയുടെ വികാരങ്ങള്‍ക്ക് ഒപ്പം പോകുവാന്‍ ഹിന്ദുഫാസിസ്റ്റ് പാര്‍ടിയായ ബി.ജെ.പി.ക്ക് കഴിയുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. കേരളത്തിലെങ്കിലും സൗഹാര്‍ദ്ദത്തിനും സഖ്യത്തിനും സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. നരേന്ദ്രമോദി നേരിട്ട് താല്‍പര്യമെടുത്ത് പി..എസ്. ശ്രീധരന്‍പിള്ളയെ നിയോഗിച്ച് ഇപ്പോള്‍ നടത്തുന്ന സഭാചര്‍ച്ചകള്‍ക്ക് ഫലം ഉണ്ടാകുമോ എന്നത് അവ്യക്തമാണ്. കാരണം ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം കോടതിയുടെ കൂടി തീര്‍പ്പിന് വിധേയമായതിനാല്‍ അതില്‍ ഇരുപക്ഷത്തെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം എടുക്കുക ബുദ്ധിമുട്ടാണ്. ഓര്‍ത്തഡോക്‌സ് സഭയെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ഒരു പോലെ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിനൊപ്പമാണ് ഈ സഭ പരമ്പരാഗതമായി നിന്നിട്ടുള്ളത്. ഇടതു പക്ഷം തങ്ങളെ തുണയ്ക്കും എന്ന ചിന്തയില്‍ യാക്കോബായ പക്ഷത്തിന് തന്ത്രപരമായ അനുഭാവം കേരളത്തില്‍ ഇടതുമുന്നണിയൊടാണ് താനും.
ആറ് നേതാക്കള്‍ക്ക് നൂറ് ഗ്രൂപ്പ് എന്നതാണ് കേരളത്തില്‍ ബി.ജെ.പി.യുടെ എക്കാലത്തെയും ശാപം. ഇപ്പോഴും ഉന്നത തലത്തില്‍ കടുത്ത ഗ്രൂപ്പിസമാണ്. ഇത് പരിഹരിക്കാന്‍ ദേശീയനേതൃത്വത്തിന് സാധിക്കാറില്ല. കടുത്ത വിഭാഗീയത നിലനിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഫലം എന്താകുമെന്ന് മുന്‍ അനുഭവം കൊണ്ട് നേതാക്കളില്‍ പലര്‍ക്കുമറിയാം. കെ.സുരേന്ദ്രന്‍ ഇത്തവണ മല്‍സരിക്കാതെ മൊത്തം പ്രചാരണത്തിന് നേതൃത്വം നല്‍കണമെന്ന് പാര്‍ടി സംസ്ഥാനസമിതിയില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും സുരേന്ദ്രന്‍ അത് അംഗീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ശോഭാ സുരേന്ദ്രനും അനുഭാവമുള്ള നേതാക്കളും കെ.സുരേന്ദ്രനോട് തീര്‍ത്തും ഇടഞ്ഞു തന്നെ നില്‍പ്പാണ്.

Spread the love
English Summary: kerala bjp targets 71 plus seat in upcoming assembly election.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick