മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് സിനിമയുടെ അണിയറ പ്രവര്‍ത്തനം അവസാനഘടത്തില്‍. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലായ് രണ്ടിന് റിലീസ് ചെയ്യും.
2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെ നയിച്ച സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ നവംബര്‍ 26-ന് താജ് പാലസ് ഹോട്ടലിലുള്ള ഭീകരവാദികളെ നേരിടാന്‍ മുന്നിട്ടിറങ്ങി നയിക്കുകയായിരുന്നു. ഹോട്ടലില്‍ ബന്ദികളാക്കിയവരെ രക്ഷിക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ നേതൃത്വം നല്‍കി. പത്ത് കമാന്‍ഡോകള്‍ക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ ഹോട്ടലിന്റെ ആറാം നിലയിലേക്ക് സ്‌റ്റെയര്‍കേസ് വഴി പോയി. ഈ സമയം മൂന്നാംനിലയില്‍ ബന്ദികളാക്കപ്പെട്ടവരുണ്ടെന്ന് മനസ്സിലാക്കി അവിടേക്ക് തിരിച്ചു. ഏതാനും സ്ത്രീകളെ ബന്ദിയാക്കി വെച്ച മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തേക്കു കയറിയ കമാന്‍ഡോകളെ വെടിയുതിര്‍ത്തുകൊണ്ടാണ് ഭീകരര്‍ നേരിട്ടത്. ഉണ്ണിക്കൃഷ്ണന്റെ സഹചാരിയായ സുനില്‍കുമാര്‍ യാദവിന് ഇരു കാലുകളിലും വെടിയേറ്റു. അദ്ദേഹത്തെ സ്ഥലത്തു നിന്നും മാറ്റിയ ശേഷം ഉണ്ണിക്കൃഷ്ണന്‍ വെടിയുതിര്‍ത്ത ഭീകരര്‍ക്കായി മുന്നോട്ടു നീങ്ങി. അപ്പോള്‍ ഭീകരര്‍ പിന്നില്‍ നിന്നും വെടിയുതിര്‍ത്തു. നേരിട്ടുള്ള ഏറ്റുമുട്ടലിന് ആവേശപൂര്‍വ്വം മുന്നില്‍ നിന്ന് പൊരുതുമ്പോഴായിരുന്നു ഉണ്ണിക്കൃഷ്ണന്റെ വീരമരണം. ഇങ്ങോട്ടു വരരുത്, ഞാന്‍ ഇവരെ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു ഉണ്ണിക്കൃഷ്ണന്റെ അവസാന വാക്കുകളെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞത് ധീരതയുടെ സാക്ഷ്യമായി ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു. യുദ്ധകാലത്തല്ലാത്ത ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര മേജര്‍ ഉണ്ണിക്കൃഷ്ണന് മരണാനന്തരം സമ്മാനിച്ചു.
കോഴിക്കോട് സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ 1977-ലാണ് ജനിച്ചത്. 1999-ല്‍ സൈന്യത്തില്‍ ചേര്‍ന്നു. ബംഗലുരുവിലെ ഹെബ്ബാലില്‍ ആണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. മാതാപിതാക്കള്‍ ബംഗലൂരുവിലാണ് താമസിച്ചിരുന്നത്.
സിനിമയില്‍ അദിവി ശേഷ് ആണ് ഉണ്ണിക്കൃഷ്ണനെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്ക, ഷോബിത ധുലിപാല, സായി മഞ്ച്ുരേക്കര്‍ എന്നിവരും ടൈറ്റില്‍ റോളുകളില്‍ അഭിനയിക്കുന്നു.