എതിര്‍പ്രചാരണങ്ങളെ മുറിച്ചുകടന്ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എതിരാളികളുടെ വായടപ്പിക്കുന്ന വിജയം നേടിയതില്‍ ആഹ്‌ളാദം പങ്കിടാന്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ ഒത്തുചേര്‍ന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ വെള്ളിയാഴ്ചയാണ് ഈ ഒത്തുചേരലിന് വേളയായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ച് ആഹ്‌ളാദം പങ്കിട്ടു.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മറ്റ് ഘടകകക്ഷിനേതാക്കളായ ജോസ് കെ.മാണി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി.ഗണേഷ്‌കുമാര്‍, ആന്റണി രാജു തുടങ്ങിയവരും കേക്ക് പങ്കിട്ട് സന്തോഷനിമിഷത്തില്‍ ഭാഗബാക്കായി. തെരുവുകളില്‍ ഇടത് ആഹ്ലാദപ്രകടനങ്ങള്‍ തുടരുന്നതിനിടയില്‍ കേരളത്തിലെ ഇടതുമുന്നണിയുടെ കേന്ദ്രബിന്ദുവായ എ.കെ.ജി. സെന്ററില്‍ നടന്ന വി.ഐ.പി. ആഹ്ലാദ പ്രകടനം കൗതുകകരമായി.