കേരളം അപകടസിഗ്നല്‍ കടന്നു പോകുകയാണ്–ഇന്ത്യയില്‍ ഇപ്പോള്‍ കേരളമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള, ഏറ്റവും വേഗത്തില്‍ കൊവിഡ് പകരുന്ന സംസ്ഥാനം. നേരത്തെ മഹാരാഷ്ട്രയും യു.പി.യും ഡല്‍ഹിയും മധ്യപ്രദേശുമെല്ലാം കഴിഞ്ഞ് വളരെ താഴെയായിരുന്നു കേരളം. എന്നാല്‍ മറ്റിടങ്ങളില്‍ ഗ്രാഫ് കുത്തനെ താണിട്ടും കേരളത്തില്‍ കേസുകളുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കകം 38,000 പുതിയ കേസുകള്‍ ഇവിടെ ഉണ്ടായി. ദിനംപ്രതി ആറായിരം രോഗികള്‍ ഉണ്ടാവുന്നു. ആക്ടീവ് കേസുകളുടെ കാര്യത്തിലും ഏറ്റവും മുന്നില്‍ കേരളമാണ്. 61,487 പേര്‍ ഇവിടെ ചികില്‍സയിലുണ്ട്. മഹാരാഷ്ട്രയില്‍ ആകട്ടെ 58,376 പേര്‍ മാത്രം.
ഇതുവരെ 74.5 ലക്ഷം പേരെ കേരളത്തില്‍ പരിശോധിച്ചു. ഇതില്‍ ഏഴ് ലക്ഷത്തി പതിനഞ്ചായിരത്തി മുന്നൂറ്റി നാല്‍പത്തി രണ്ടു പേരില്‍ രോഗം കണ്ടെത്തി. ഇവരില്‍ ആറ് ലക്ഷത്തി അമ്പതിനായിരത്തി എണ്ണൂറ്റി മുപ്പത്താറ് പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ 2871 രോഗികള്‍ മരിച്ചു. കഴിഞ്ഞ ആഴ്ച മാത്രം 190 പേര്‍ മരിച്ചു.