ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തിൽ ഉന്നയിച്ച വസ്തുതകൾ
1- അടിയന്തര സാഹചര്യം ഇല്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ട്.
2- ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരം ഇല്ല.
3 – രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിങും തമ്മിലുള്ള കേസിൽ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
4- നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മീഷൻ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണ്.