Categories
exclusive

ഐ.എന്‍.എല്‍. പിളര്‍പ്പിനു പിന്നിലെ രാഷ്ട്രീയ രഹസ്യങ്ങള്‍…

ഇന്ത്യന്‍ നാഷണല്‍ ലീഗ്‌ പിളര്‍ന്നു എന്ന്‌ പറയുന്നതിനെക്കാളും യഥാര്‍ഥ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ പറയാവുന്ന കാര്യം പാര്‍ടി അതിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കി എന്നതായിരിക്കും. കാരണം കാസിം ഇരിക്കൂറിനെതിരായി ഐ.എന്‍.എല്ലിലെ ഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകരില്‍ ഉളവായിരിക്കുന്ന വലിയ എതിര്‍പ്പിന്റെ പ്രതിഫലനമായിരുന്നു ഞായറാഴ്‌ച കൊച്ചിയിലെ യോഗത്തില്‍ ഉണ്ടായത്‌.
പാര്‍ടി സംസ്ഥാന പ്രസിഡണ്ട്‌ പ്രൊഫ.എ.പി. അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയ്‌ക്ക്‌ വ്യക്തിപരമായ സ്വഭാവമല്ല ഉള്ളത്‌. അതേ സമയം ഭിന്നത രൂക്ഷമായി വെളിവായത്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണു താനും. 1994-ല്‍ രൂപീകരിച്ച ഈ പാര്‍ടിക്ക്‌ ആദ്യമായി ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ച ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്‌.

പ്രൊഫ.എ.പി. അബ്ദുള്‍ വഹാബ്‌.

ബാബരി മസ്‌ജിദിന്റെ തകര്‍ച്ചാനന്തരം കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തില്‍ രൂപം കൊണ്ട ഭിന്നതയുടെ സന്തതിയായിരുന്നു ഐ.എന്‍.എല്‍. മുസ്ലീംലീഗില്‍ നിന്നും വേര്‍പിരിഞ്ഞ അന്നത്തെ അഖിലേന്ത്യാ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ ഐ.എന്‍.എല്‍. ഉണ്ടാക്കുമ്പോള്‍ ഇടതു മുന്നണിയോടൊപ്പം രാഷ്ട്രീയമായി നില്‍ക്കാന്‍ കഴിയണം എന്ന ആലോചന ഉണ്ടായി. എന്നാല്‍ അത്‌ സാധ്യമാകണമെങ്കില്‍ പാര്‍ടിയുടെ നാമത്തില്‍ മുസ്ലീം എന്ന്‌ പ്രത്യേകമായി വരാതിരിക്കണം എന്ന്‌ ഉപദേശിച്ചത്‌ അന്ന്‌ സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ്‌ സുര്‍ജിത്‌ ആയിരുന്നു എന്നാണ്‌ കേള്‍വി. അങ്ങനെ പിറന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിനെ പക്ഷേ ഇടതുമുന്നണി ഏറെക്കാലം പുറത്തു നിര്‍ത്തി.

thepoliticaleditor
എൽ.ഡി.എഫ്. നേതാക്കൾ പിണറായി വിജയന് ഒപ്പം എകെജി സെന്ററിൽ വിജയാഹ്ലാദം പങ്കിടുന്നു

നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്‌, കോഴിക്കോട്‌ സൗത്ത്‌ മണ്ഡലങ്ങളില്‍ പ്രൊഫ. അബ്ദുല്‍ വഹാബും അഹമ്മദ്‌ ദേവര്‍ കോവിലും സ്ഥാനാര്‍ഥികളായതില്‍ തന്നെയും ചില സ്വരച്ചേര്‍ച്ചക്കുറവുണ്ടായിരുന്നു എന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. ദേശീയ ജനറല്‍സെക്രട്ടറിയായ അഹമ്മദ്‌ ദേവര്‍ കോവില്‍ അവസാന നിമിഷത്തിലാണ്‌ ചിത്രത്തില്‍ വന്നത്‌. മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍വ്വ സ്വീകാര്യതയും ജനകീയതയും ഉണ്ടായിരുന്ന എൻ. കെ.അബ്ദുൽ അസീസ്സ് വരും എന്നായിരുന്നു കരുതിയിരുന്നത്‌. എന്നാല്‍ അവസാനനിമിഷം ദേവര്‍ കോവില്‍ വന്നു. സൗത്ത്‌ മണ്ഡലത്തിലെ സ്ഥിരം പ്രതിനിധിയായ എം.കെ. മുനീര്‍ മാറുകയും അവിടെ നൂര്‍ബിന റഷീദ്‌ ലീഗ്‌ സ്ഥാനാര്‍ഥിയായി വരികയും ചെയ്‌തു. എന്നാല്‍ ലീഗിലെ അണികളിലെ യാഥാസ്ഥിതികരും സുന്നികളില്‍ ഒരു ഭാഗവും ഇതില്‍ അസംതൃപ്‌തരായിരുന്നു. ഇവരുടെ വോട്ടുകള്‍ കിട്ടിയത്‌ ദേവര്‍കോവിലിനാണെന്ന്‌ പറയപ്പെടുന്നു. ദേവര്‍കോവിലിന്‌ മുസ്ലീംലീഗുമായി രഹസ്യമായ ബന്ധം ഉണ്ടെന്ന്‌ അന്നേ ചില സംശയങ്ങള്‍ ഉയരുകയുണ്ടായി. മുനീര്‍ മാറിയതും ലീഗ്‌ നൂര്‍ബിനയെ നിര്‍ത്തിയതുമെല്ലാം ദേവര്‍കോവിലിനെ സഹായിക്കാനായിരുന്നു എന്നതായിരുന്നു ഉയര്‍ന്ന സംശയം. ദേവര്‍കോവിലിന്‌ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക്‌ മൂന്നുലക്ഷം രൂപ മുസ്ലീംലീഗ്‌ എം.പി. നല്‍കിയെന്ന കാര്യം പിന്നീട്‌ ആരോപണമായി ഉയരുകയും ചെയ്‌തിരുന്നു.

എൻ. കെ.അബ്ദുൽ അസീസ്സ്

ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ്‌ ദേവര്‍കോവിലും സംസ്ഥാന ജനറല്‍സെക്രട്ടറി കാസിം ഇരിക്കൂറും ചേര്‍ന്ന അച്ചുതണ്ട്‌ സംസ്ഥാന പ്രസിഡണ്ട്‌ വഹാബിനെ അവഗണിച്ചുകൊണ്ട്‌ സ്വേഛാപരമായി പെരുമാറുന്നു എന്ന പരാതി പാര്‍ടിയില്‍ ഉയരുകയും അത്‌ സി.പി.എം.നേതൃത്വത്തെ വഹാബ്‌ അറിയിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പിനു മുമ്പ്‌ അത്‌ സി.പി.എം. കാര്യമായി എടുത്തിരുന്നില്ല. സി.പി.എം. നേതൃത്വവുമായി ഏറ്റവും രമ്യതയിലും അനുസരണയിലും പ്രവര്‍ത്തിക്കുന്നതില്‍ ശ്രദ്ധിച്ച, പൊതുവെ സംശുദ്ധമായ വ്യക്തിത്വമുള്ളയാളാണ്‌ വഹാബ്‌.

വഹാബ്‌ വള്ളിക്കുന്നില്‍ തോല്‍ക്കുകയും ദേവര്‍കോവില്‍ കോഴിക്കോട്‌ സൗത്ത്‌ പിടിക്കുകയും ചെയ്‌തതോടെ പാര്‍ടിക്ക്‌ മന്ത്രിയെ കിട്ടുകയാണെങ്കില്‍ അത്‌ ദേവര്‍കോവില്‍ ആകുമെന്ന അവസ്ഥ വന്നു. വഹാബ്‌ ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം ആയിരുന്നേനെ മന്ത്രി. ദേവര്‍കോവില്‍ മന്ത്രിയായതോടെ അദ്ദേഹവും കാസിം ഇരിക്കൂറും ചേര്‍ന്ന സഖ്യം ഭരണത്തിന്റെ സൗകര്യമുപയോഗിച്ച്‌ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചു തുടങ്ങി എന്നതാണ്‌ ഇപ്പോഴത്തെ പിളര്‍പ്പിലേക്ക്‌ നയിച്ചത്‌. ദേശീയ പ്രസിഡണ്ട്‌ പ്രൊഫ. മുഹമ്മദ്‌ സുലൈമാന്റെ പിന്തുണ ദേവര്‍ കോവില്‍ ഉറപ്പാക്കിയിരുന്നു. വഹാബിനെ ഒറ്റപ്പെടുത്തിയായിരുന്നു നീക്കങ്ങള്‍. എന്നാല്‍ പാര്‍ടി അണികള്‍ ഭൂരിപക്ഷവും കാസിം-ദേവര്‍കോവില്‍ ടീമിന്‌ ഒപ്പമായിരുന്നില്ല.

അഹമ്മദ്‌ ദേവര്‍കോവില്‍

മന്ത്രിയെന്നെ നിലയില്‍ ദേവര്‍കോവിലും ഒപ്പം കാസിമും ചെയ്‌ത ചില പ്രവൃത്തികള്‍ സി.പി.എമ്മിനെ പ്രകോപിപ്പിച്ചതോടെ അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണമായി. ഇടതുമുന്നണിയുടെ മന്ത്രി നടത്തുന്ന പര്യടനങ്ങളില്‍ സി.പി.എമ്മിനെ അറിയിക്കുക പോലും ചെയ്യുന്നില്ല എന്നതു മാത്രമല്ല ലീഗ്‌ നേതാക്കളെയും അണികളെയും കൊണ്ടുനടക്കുന്നു എന്നതും സി.പി.എം. ശ്രദ്ധിച്ചു. അത്‌ വലിയ പരാതിയായി സി.പി.എം.സംസ്ഥാന സെക്രട്ടറിയിലേക്കും മുഖ്യമന്ത്രിയിലേക്കും എത്തുകയും ചെയ്‌തു. മന്ത്രിയായ ശേഷം താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ ദേവര്‍കോവില്‍ പോയപ്പോള്‍ ഒപ്പം കൂട്ടിയത്‌ സി.എച്ച്‌ ഇബ്രാഹിംകുട്ടി എന്ന വ്യക്തിയെ ആയിരുന്നു. പേരാമ്പ്രയില്‍ 2016-ല്‍ മുന്‍മന്ത്രിയായ ടി.പി.രാമകൃഷ്‌ണനെതിരെ മല്‍സരിച്ച യു.ഡി.എഫ്‌. സ്ഥാനാര്‍ഥിയായിരുന്നു ഇബ്രാഹിംകുട്ടി.
തിക്കോടിക്കടുത്ത കോടിക്കലില്‍ മന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ രണ്ട്‌ ഡസനിലധികം ബൈക്കുകളില്‍ മുസ്ലീംലീഗ്‌ പ്രവര്‍ത്തകര്‍ മന്ത്രിക്ക്‌ അകമ്പടി സേവിച്ച സംഭവം കൂടിയായതോടെ സി.പി.എം. പ്രവര്‍ത്തകര്‍ കോഴിക്കോട്‌ ജില്ലയിലുടനീളം അവരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ ക്ഷോഭം പങ്കുവെക്കുകയും പാര്‍ടി നേതൃത്വത്തെ തങ്ങളുടെ വികാരം അറിയിക്കുകയും ചെയ്‌തു. ഐ.എന്‍.എല്ലിന്റെ സ്വാധീന കേന്ദ്രമായ തലശ്ശേരിയില്‍ മന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ഉച്ചഭക്ഷണം കഴിച്ചത്‌ ലീഗ്‌ നേതാവ്‌ പി.വി. സൈനുദ്ദീന്റെ വീട്ടിലാണ്‌ എന്നതും വലിയ ചര്‍ച്ചയായി. പാര്‍ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ എസ്‌.എ.പുതിയവളപ്പില്‍ മല്‍സരിച്ചപ്പോള്‍ എതിര്‍പ്രചാരണത്തിന്‌ ചുക്കാന്‍ പിടിച്ചയാളായിരുന്നു സൈനുദ്ദീന്‍. മന്ത്രിയുടെ ഇത്തരം ബാന്ധവം പാര്‍ടിയില്‍ തന്നെ വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കി.

കാസിം ഇരിക്കൂര്‍

ഇതിനു പുറമേയാണ്‌ കാസിം ഇരിക്കൂറിന്റെ ഭരണത്തിലെ ഇടപെടലുകള്‍ സി.പി.എമ്മിന്റെ ശ്രദ്ധയില്‍ വന്നത്‌. പി.എസ്‌.സി.അംഗത്തെ നിയമിക്കുന്നതിന്‌ 40 ലക്ഷം കൈക്കൂലി കാസിം വാങ്ങിയെന്ന ആരോപണം ആയിരുന്നു ഒന്ന്‌. സര്‍ക്കാരിനെയും മന്ത്രിയെയും പോലും അറിയിക്കാതെ അദാനിയുടെ കമ്പനി ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തിയതാണ്‌ മറ്റൊന്ന്‌. കൈക്കൂലി ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ഇ.സി.മുഹമ്മദിനെ കാസിം സസ്‌പെന്റ്‌ ചെയ്‌തു. എന്നാല്‍ ഇത്‌ രംഗം വഷളാക്കി. മുന്‍ സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്‌മായില്‍ ഉള്‍്‌പ്പെടെയുള്ള മൂന്നു നേതാക്കള്‍ കോഴിക്കോട്ട്‌ വാര്‍ത്താ സമ്മേളനം വിളിച്ച്‌ കാസിമിനെതിരെ കൂടുതല്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചു. ആഴ്‌ച തോറും കാസിം തിരുവനന്തപുരത്തേക്ക്‌ വിമാനമാര്‍ഗേണ പോകുന്നതും വരുന്നതും അവിടെ മസ്‌കറ്റ്‌ ഹോട്ടലില്‍ താമസിക്കുന്നതും വലിയ ചര്‍ച്ചയായത്‌ ഇതോടെയാണ്‌.

സെക്രട്ടറി കെ.പി.ഇസ്‌മായില്‍ ഉള്‍്പ്പെടെയുള്ള മൂന്നു നേതാക്കള്‍ കോഴിക്കോട്ട്‌ വാര്‍ത്താ സമ്മേളനം നടത്തിയപ്പോൾ

മാത്രമല്ല, ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ലീഗുകാരുണ്ടെന്ന പരാതിയും ഉണ്ടായി. സ്റ്റാഫിനെ എടുത്തത്‌ സംസ്ഥാന സമിതിയില്‍ പോലും ആലോചിക്കാതെയാണ്‌ എന്ന്‌ സംസ്ഥാനപ്രസിഡണ്ട്‌ തന്നെ പരസ്യമായി സൂചന നല്‍കി.

ഇത്രയുമായതോടെ സി.പി.എം.സംസ്ഥാന നേതൃത്വം ഇടപെട്ടു. കാസിം ഇരിക്കൂര്‍, വഹാബ്‌ ഉള്‍പ്പെടെ നാല്‌ നേതാക്കളെ എ.കെ.ജി. സെന്റിലേക്ക്‌ വിളിച്ചു വരുത്തി. കോടിയേരി ബാലകൃഷ്‌ണനും എ.വിജയരാഘവനും പങ്കെടുത്ത കൂടിക്കാഴ്‌ചയില്‍ ശക്തമായ താക്കീതാണ്‌ കാസിം ഇരിക്കൂറിന്‌ സി.പി.എം.നേതാക്കള്‍ നല്‍കിയത്‌. ഭരണത്തിന്‌ നാണക്കേടുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിച്ചാല്‍ സഹിക്കില്ലെന്ന്‌ വിജയരാഘവന്‍ അറിയിച്ചു. ദേവര്‍കോവിലിന്റെയും കാസിമിന്റെയും നടപടികള്‍ എണ്ണിയെണ്ണി വിജയരാഘവന്‍ സൂചിപ്പിച്ചു എന്നാണ്‌ ലഭ്യമായിരുന്ന വിവരം.

സി പി എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

ഈ രീതിയില്‍ പോവുകയാണെങ്കില്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ തിരിച്ചെടുക്കുമെന്ന്‌ അവര്‍ മുന്നറിയിപ്പും നല്‍കി. പഴ്‌സണല്‍ സ്റ്റാഫില്‍ ചില സി.പി.എം. പ്രവര്‍ത്തകരെ നിയമിക്കാനും തീരുമാനമായി. പക്ഷേ കാസിം ഇരിക്കൂര്‍ എന്നിട്ടും സ്വന്തം രീതികള്‍ തുടര്‍ന്നു എന്നാണ്‌ വഹാബ്‌ അനുകൂലികള്‍ പറയുന്നത്‌. മാസങ്ങളായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സമിതിയോഗം വിളിച്ചുചേര്‍ക്കാന്‍ കാസിം തയ്യാറാകുന്നില്ല എന്ന്‌ പരസ്യമായി പറഞ്ഞുകൊണ്ടുള്ള വഹാബിന്റെ വാട്‌സ്‌ ആപ്‌ സന്ദേശവും അതേ നാണയത്തിലുള്ള കാസിമിന്റെ മറുപടിയും പ്രചരിച്ചത്‌ കഴിഞ്ഞ ദിവസങ്ങളിലാണ്‌. അതേത്തുടര്‍ന്നാണ്‌ ഇപ്പോള്‍ അടിച്ചു പിരിഞ്ഞ യോഗം വിളിച്ചു ചേര്‍ത്തത്‌.

മറ്റൊരു പ്രധാനകാര്യം സി.പി.എം. നിര്‍ദ്ദേശപ്രകാരം ഐ.എന്‍.എല്ലില്‍ ലയിച്ച നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സ്‌ എന്ന പേരിലുള്ള പി.ടി.എ.റഹീമിന്റെ പാര്‍ടിയുമായി ബന്ധപ്പെട്ട കാര്യമാണ്‌. 2016-ല്‍ ഇടതു സ്വതന്ത്രനായി ജയിച്ച്‌ എം.എല്‍.എ. ആയ റഹിം ഐ.എന്‍.എല്ലില്‍ ചേര്‍ന്നില്ലെങ്കിലും അണികളെ ലയിപ്പിച്ചു. ഇവരെല്ലാം കാസിം ഇരിക്കൂറിന്റെ സ്വേച്ഛാ നടപടികളിലും സാമ്പത്തിക ക്രമക്കേടു വിഷയത്തിലും കടുത്ത അമര്‍ഷത്തിലാണ്‌. കാസിം സസ്‌പെന്‍ഡ്‌ ചെയ്‌ത ഇ.സി.മുഹമ്മദ്‌ പഴയ സെക്കുലര്‍കോണ്‍ഫറന്‍സ്‌ നേതാവാണ്‌.

ഏറ്റവും ശ്രദ്ധേയമായ കാര്യം സി.പി.എമ്മിന്റെ അനുഭാവവും വിശ്വാസവും സംസ്ഥാന പ്രസിഡണ്ട്‌ അബ്ദുള്‍ വഹാബിന്റെ പ്രവര്‍ത്തന ശൈലിയിലും പ്രതിബദ്ധതയിലും ആണ്‌ എന്നതാണ്‌. മുസ്ലീംലീഗിലേക്ക്‌ ഐ.എന്‍.എല്ലില്‍ നിന്നും ആളുകളെ മാറ്റാന്‍ ശ്രമം നടന്നേക്കാമെങ്കിലും കാര്യമായ പ്രയോജനം ഉണ്ടാവാനിടയില്ല. കാരണം നേരത്തെ ഐ.എന്‍.എല്ലില്‍ നിന്നും ലീഗിലേക്ക്‌ തിരിച്ചുപോയവരില്‍ പി.എം.എ.സലാമിന്‌ മാത്രമാണ്‌ ലീഗ്‌ കാര്യമായ പരിഗണന നല്‍കിയത്‌ എന്ന കാര്യം എല്ലാവര്‍ക്കും മുന്നിലുണ്ട്‌. മാത്രമല്ല, ഐ.എന്‍.എല്ലിലെ പ്രവര്‍ത്തകരില്‍ ഗണ്യമായ ഭാഗം പണ്ട്‌ ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന അഖിലേന്ത്യാ മുസ്ലീംലീഗിന്റെ പ്രവര്‍ത്തകരാണ്‌ എന്നതാണ്‌.

ശരീ അത്ത്‌ വിഷയത്തില്‍ ഇ.എം.എസിനോട്‌ ഇടഞ്ഞ്‌ അഖിലേന്ത്യാ ലീഗ്‌ പാണക്കാട്ട്‌ തങ്ങളുടെ ലീഗില്‍ ലയിച്ചെങ്കിലും അവരുടെ മാനസികാവസ്ഥയില്‍ ഇടത്‌ ആഭിമുഖ്യം ഇപ്പോഴും ഉണ്ട്‌. 1994-ല്‍ ഐ.എന്‍.എല്‍ രൂപം കൊണ്ടപ്പോള്‍ പഴയ അഖിലേന്ത്യാ ലീഗുകാര്‍ മിക്കവരും ഇേേങ്ങാട്ട്‌ കുടിയേറിയതും അതു കൊണ്ടായിരുന്നു.

ഇപ്പോഴത്തെ തല്ലിപ്പരിയല്‍ മൂലം നഷ്ടമുണ്ടാകാന്‍ പോകുന്നത്‌ ഐ.എന്‍.എല്ലിനായിരിക്കും. ആറ്റുനോറ്റിരുന്ന്‌ കിട്ടിയ സമ്മാനമായ മന്ത്രിസ്ഥാനം നന്നായി കൊണ്ടുപോകാന്‍ കഴിയാത്ത വിധം ഏതാനും നേതാക്കളുടെ നീക്കങ്ങള്‍ ആ പാര്‍ടിയെ ദയനീയമായ പതനത്തിലേക്കാണ്‌ എത്തിച്ചിരിക്കുന്നത്‌ എന്നതിന്‌ സംശയമില്ല.

Spread the love
English Summary: poltical trauma behind the split in indian national league

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick