Categories
kerala

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാക്കിയതില്‍ ലീഗിന് ആശങ്ക…മുസ്ലിങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് പിണറായി, അട്ടിപ്പേറവകാശം ലീഗിനല്ല

സാധാരണ ഗതിയില്‍ മന്ത്രിസഭകളില്‍ ന്യൂനപക്ഷസമുദായാംഗത്തിന് നല്‍കാറുള്ള ന്യൂനപക്ഷക്ഷേമ വകുപ്പ് ഇത്തവണ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തതില്‍ മുസ്ലീംലീഗിന് കടുത്ത ആശങ്ക. സിറോ മലബാർ സഭയടക്കമുളള വിവിധ ക്രൈസ്തവ സഭകളുടെ സമ്മർദ്ദത്തിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന് വാർത്തകൾ വന്നിരുന്നു. കേരളത്തിൽ അടുത്ത കാലത്തായി ക്രിസ്ത്യൻ-മുസ്ലിം സമുദായ കക്ഷികൾക്കിടയിൽ ഉണ്ടായിട്ടുള്ള വർഗീയമായ ചില നീരസങ്ങളുടെ നിഴലും ഈ വിവാദത്തിൽ വ്യക്തമാണ്.

ഐ.എന്‍.എല്‍. മന്ത്രി ഉണ്ടെങ്കിലും സി.പി.എം. നേരിട്ട് മുസ്ലീം സമുദായത്തെ സ്വാധീനിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഇത്തവണത്തെ മാറ്റം എന്ന് മുസ്ലീംലീഗ് കരുതുന്നുണ്ട്. മുസ്ലിം ലീഗിനല്ല മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം എന്നും അവർക്കു തന്നിലും സർക്കാരിലും നല്ല വിശ്വാസം ഉണ്ട് എന്നും പിണറായി വിജയൻ ഈ വിവാദത്തോടു ഇന്നലെ പ്രതികരിച്ചത് മുസ്ലിം ലീഗിന് വ്യക്തമായ മറുപടിയാണ്. മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള വിശദീകരണത്തിനു പിന്നിലുള്ള കാര്യം ഇതാണ്–മുസ്ലീം ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനും പൊതുവെ ഇടതുപക്ഷത്തിനും എതിരെ തിരിഞ്ഞേക്കുമോ എന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായി ഒട്ടേറെ സാധാരണ മുസ്ലീങ്ങള്‍ രാഷ്ട്രീയം മാറ്റി വെച്ചു തന്നെ വോട്ടു ചെയ്തിരുന്നു എന്ന വിലയിരുത്തലുണ്ട്. സി.പി.എമ്മിനോട് മുസ്ലീം ജനസാമാന്യത്തിന് വിശ്വാസം വര്‍ധിക്കുന്നു എന്നും കരുതുന്ന കാലത്ത് മുസ്ലീംലീഗ് ഉയര്‍ത്തിയ വിവാദം സി.പി.എമ്മിനെ തിരിഞ്ഞു കുത്താതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം.

thepoliticaleditor

ഇത്തവണ മലപ്പുറത്ത് ലീഗ് വോട്ടുകള്‍ കണ്ടമാനം ചോര്‍ന്നത് മുസ്ലീംലീഗിന്റെ അടിത്തറയില്‍ ശക്തിക്ഷയം ഉണ്ടായതിന്റെ സൂചനയായി ലീഗിലെ ഒരു വിഭാഗം കാണുന്നു. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തില്‍ സാരമായ കുറവുണ്ടായത് വലിയ ആശങ്ക ഉയര്‍ത്തിയ കാര്യമായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി. ജലീലായിരുന്നു ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ മുഖ്യമന്ത്രി നേരിട്ട് ആ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

ഇന്നലെ മാധ്യമ പ്രവർത്തകർ വാർത്ത സമ്മേളനത്തിൽ ഈ വിവാദത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് വിശദമായിട്ടായിരുന്നു. വകുപ്പ് താൻ ഏറ്റെടുത്തത് ഏല്ലാവരും സ്വാഗതം ചെയ്ത കാര്യമാണെന്നും എതിർപ്പുകളൊന്നും താൻ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലുമൊരു കൂട്ടർക്ക് ആശങ്ക ഉണ്ടാകുമെന്ന് താൻ കരുതുന്നില്ല. എല്ലാവരുംഅതിനെ സ്വാഗതം ചെയ്യുന്ന നിലയാണ് പൊതുവേ ഉണ്ടായിട്ടുള്ളത്.

‘മുസ്ലിം ലീഗ് അല്ലല്ലോ വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലിം ജനവിഭാഗത്തിന്റെ കാര്യം പറഞ്ഞാല് അവര് ന്യൂനപക്ഷ വിഭാഗമാണ് ആ മുസ്ലിം ജനവിഭാഗത്തിന് എന്നിൽ വിശ്വാസമുണ്ട്, ഈ ഗവൺമെന്റിൽ വിശ്വാസമുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം. മുസ്ലിം ലീഗിനല്ല സമുദായത്തിന്റെ അട്ടിപ്പേറവകാശം. അത് പേരിലേയുള്ളൂ. പേരില് മാത്രമേയുള്ളൂ.’-മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ ആർക്കും ആശങ്ക വേണ്ടെന്നും സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല താൻ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിലുള്ള ഒരു ആലോചനയുടെ ഭാഗമായി വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് വന്നതാണ്. നാട്ടിലെ ന്യൂനപക്ഷ ക്ഷേമത്തിന്റെ കാര്യം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് മുഖ്യമന്ത്രി തന്നെ വകുപ്പ് കൈയ്യിൽ വയ്ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം വന്നു. മുഖ്യമന്ത്രി പറഞ്ഞു.

Spread the love
English Summary: chief minister denies the allegetion on the minority portfolio takeover

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick