Categories
kerala

‘കേരള സ്റ്റോറി’ നാളെ റിലീസ് ചെയ്യുമ്പോൾ കേരളം പ്രതികരിക്കുന്നത്…

വിവാദങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും നടുവിൽ ‘ദ കേരള സ്റ്റോറി’ നളെ റിലീസിനെത്തുന്നു. ചെറിയ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
റിലീസിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടത്തിയിരുന്നു. കൊച്ചിയിൽ ഷേണായിസ് തിയേറ്ററിൽ നടന്ന പ്രദർശനത്തിന് പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ഉണ്ടായിരുന്നത്. ബിജെപി, ബിഎംഎസ്, ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയ സംഘടനകളിൽ നിന്നുള്ള 200 ക്ഷണിതാക്കളാണ് സിനിമ കണ്ടത്.

കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഇന്ത്യയിലെ സംഘപരിവാര്‍ ആഘോഷിച്ചതു പോലെ തന്നെയുള്ള പ്രതികരണം ആണ് കേരളത്തിലും ബിജെപിയും സഖ്യസംഘടനകളും പ്ലാന്‍ ചെയ്യുന്നത്. വ്യാപകമായ സിനിമ വിജയിപ്പിക്കാനുള്ള ആള്‍ക്കൂട്ടങ്ങളെ തിയേറ്ററിലേക്ക് അയക്കാന്‍ സംഘപരിവാര്‍ ഒരുങ്ങുന്നുണ്ടെന്നാണ് ചില നേതാക്കള്‍ പറയുന്നത്.
വസ്തുതാപരമായി കാശ്മീര്‍ ഫയല്‍സ് സൃഷ്ടിച്ച വ്യാജമായ അവകാശവാദങ്ങള്‍ക്കു സമമാണ് ദി കേരള സ്റ്റോറി എന്ന സിനിമയും എന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ടെങ്കിലും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ ചിന്തയ്ക്ക് വെള്ളവും വളവും നല്‍കാനും കേരളത്തില്‍ മുസ്ലീം വിരുദ്ധ വൈകാരികത ഒട്ടേറെ പേരില്‍ മൊട്ടിടാന്‍ ഇടയാക്കാനും സിനിമ പോലുള്ള വളരെ ജനകീയവും ശക്തവുമായ മാധ്യമം കൊണ്ട് സാധിക്കും എന്നതാണ് സംഘപരിവാര്‍ കാണുന്ന നേട്ടം. ഇതു തന്നെയാണ് അവരുടെ ലക്ഷ്യവും എന്നത് ഇതുവരെയുള്ള പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.

thepoliticaleditor

കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ മുസ്ലിങ്ങളെ വില്ലനൈസ് ചെയ്യുന്ന സിനിമയുടെ ശില്‍പികള്‍ പക്ഷേ മലയാളികളല്ല എന്നത് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ശക്തമായ ഹിന്ദു-മുസ്ലീം സൗഹാര്‍ദ്ദം നിലനില്‍ക്കുന്ന കേരളത്തില്‍ സവര്‍ണ ഹിന്ദുക്കളില്‍ ബഹു ഭൂരിഭാഗവും ഇടതു പക്ഷത്തോ കോണ്‍ഗ്രസിലെ ശക്തമായ മതേതര പക്ഷത്തോ നിലയുറപ്പിച്ചവരായതിനാല്‍ സംഘപരിവാറിന് വ്യക്തമായ ഹിന്ദു വോട്ട് ബാങ്ക് ഇതുവരെ സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഇതിന് മകുടോദാഹരണമായിരുന്നു ശബരിമല യുവതീ പ്രവേശന വിവാദത്തിനു ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്ക്കു വിപരീതമായി ബിജെപി നിലം പരിശായിപ്പോയത്. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തെ ശിക്ഷിക്കണമെന്ന് ആഗ്രഹിച്ച വോട്ടര്‍മാര്‍ പക്ഷേ വോട്ട് ചെയ്തത് ശബരിമല പ്രക്ഷോഭം ശക്തമായി നടത്തിയ ബിജെപിക്ക് ആയിരുന്നില്ല, പകരം മതേതര പ്രതിച്ഛായയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനായിരുന്നു. അതു കൊണ്ടു തന്നെ ഹിന്ദുസമൂദായത്തില്‍ സ്വാധീനം ഉറപ്പിക്കാനായി വേണ്ടത് അവരില്‍ ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മികച്ച് രീതിയില്‍ സഹവസിച്ച് ജീവിക്കുന്നു മുസ്ലീം ജനസമൂഹത്തോട് സാമുദായികമായ വിദ്വേഷം ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും വളര്‍ത്തിയെടുക്കുക എന്ന മനശ്ശാസ്ത്ര തന്ത്രം ആണ് സംഘപരിവാര്‍ കേരളത്തില്‍ പയറ്റുന്നത്. ഇതിനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ഏറെ ദൂരം മുന്നില്‍ കണ്ടുള്ള ഇത്തരം കേരള സ്റ്റോറികളുടെ പുറപ്പാടുകള്‍ എന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ പറയുന്നത്.

അതേ സമയം സിനിമ കാണാതെ ടീസറിന്റെ അടിസ്ഥാനത്തിൽ മാത്രം ആരോപണങ്ങൾ പരിഗണിക്കേണ്ട ആവശ്യമില്ലെന്ന്, സിനിമയുടെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതി പറഞ്ഞു. ‌‌‌‌‌കേരള സ്റ്റോറിക്കെതിരായ ഹര്‍ജികളില്‍ അടിയന്തര ഇടപെടല്‍ നടത്താൻ വിസമ്മതിച്ച സുപ്രീംകോടതി, ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു. ഹൈക്കോടതിയിലെത്തുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ‍ബെ‍ഞ്ചാണ് നിർദേശിച്ചത്.

2022 നവംബർ 3ന് റിലീസ് ചെയ്ത ടീസറിനു സെൻസർ ബോർഡിന്റെ അനുമതിയില്ലെന്നായിരുന്നു ഹർജിക്കാരൻ ഹൈകോടതിയിൽ വാദിച്ചത്. എന്നാൽ അന്ന് പുറത്തിറക്കിയ ടീസറിനെ കുറിച്ചാണു പരാതിയെങ്കിൽ ഹർജിക്കാരൻ നേരത്തെ കോടതിയെ സമീപിക്കേണ്ടതായിരുന്നു എന്ന് ജസ്റ്റിസ് എൻ.നഗരേഷ്, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.

സിനിമയുടെ നാളത്തെ റിലീസ് തടയാൻ നിർദേശിക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയ ഡിവിഷൻ ബെഞ്ച് ഹർജി നാളെ പരിഗണിക്കാനാണ് മാറ്റിയിരിക്കുന്നത്.

അതേ സമയം ‘ദ കേരള സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ചിത്രം ബഹിഷ്കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.

സിനിമയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതി സ്വീകരിക്കാത്ത സാഹചര്യത്തിലും സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമ നിരോധിക്കാനാകുമോ എന്ന സംശയം നിലനിൽക്കുന്നത് കൊണ്ടുമാണ് സിനിമ ബഹിഷ്കരിക്കുകയെന്ന ഇടതുനേതാക്കളുടെ നിലപാടിനൊപ്പം മുന്നോട്ടുപോകുന്നത്.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ഇതേ അഭിപ്രായക്കാരനാണ്.

വിദഗ്ദ്ധ സമിതി രൂപീകരിച്ച് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം അറിയിച്ചത്.

Spread the love
English Summary: The Kerala Story movie releases tomorrow

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick