ആം ആദ്മി പാര്‍ടി അഴിമതിയില്‍ മുങ്ങിയിരിക്കയാണെന്ന് ആരോപിച്ചു കൊണ്ട് ഡൽഹി എംഎൽഎയും മന്ത്രിയുമായ രാജ് കുമാർ ആനന്ദ് അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. ബുധനാഴ്ച ഉച്ചയോടെ പാർട്ടിയിൽ നിന്നും രാജി വെക്കുകയും ചെയ്തു.
സാമൂഹ്യക്ഷേമം ഉൾപ്പെടെ നിരവധി വകുപ്പുകൾ വഹിച്ചിട്ടുള്ള മന്ത്രിയാണ് ഇദ്ദേഹം.കഴിഞ്ഞ മാസങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡുകൾ നേരിട്ട എഎപി നേതാക്കളിൽ ഒരാളാണ് ആനന്ദ്.
രാജ്കുമാര്‍ ആനന്ദിന്റെ അടുത്ത നീക്കം വ്യക്തമല്ല. ബിജെപിയിലേക്ക് ഇല്ലെന്ന് അദ്ദേഹം പരസ്യമായി പറയുന്നുണ്ടെങ്കിലും അങ്ങോട്ട് തിരിയാന്‍ സാധ്യത ഏറെയുണ്ട്. എന്നാല്‍ പുറത്തു നിന്ന് ആം ആദ്മി പാര്‍ടിയെ പരമാവധി നാണംകെടുത്തും വിധം പ്രചാരണം നടത്താനാണ് രഹസ്യമായി ബിജെപിയുമായി ബന്ധം സ്ഥാപിച്ചു കൊണ്ട് ഇദ്ദേഹം ശ്രമിക്കുക എന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രാജ്കുമാറിനെ കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തിയാണ് രാജി വെപ്പിച്ചതെന്ന് ആം ആദ്മി പാര്‍ടി ആരോപിച്ചിട്ടുണ്ട്. ഡെല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കിയത് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് വിവരം. കാരണം ഈ ജയിലിലാക്കല്‍ ആണ് ആം ആദ്മി പ്രധാനമായും തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കുന്നത്. ഇതോടെ ആം ആദ്മിയെ നാണം കെടുത്താനുള്ള നീക്കങ്ങള്‍ ബിജെപി നടത്തുകയാണെന്നും ആരോപണമുണ്ട്.