Categories
latest news

ഷാജഹാന്‍ ഷെയ്ഖിനെ രക്ഷപ്പെടുത്തുന്ന എഫ്.ഐ.ആര്‍…മമതയുടെ കുശാഗ്രബുദ്ധി ഇങ്ങനെ…സന്ദേശ്ഖാലി കേസില്‍ സുഖമായി രക്ഷപ്പെടാം

സന്ദേശ് ഖാലി കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാവായിരുന്ന ഷാജഹാന്‍ ഷേയ്ഖിന്റെ എഫ്.ഐ.ആര്‍. വിചിത്രം. കേസിലെ പ്രധാന പരാതി ലൈംഗികാതിക്രമങ്ങളായിരുന്നിട്ടും എഫ്.ഐ.ആറില്‍ അതു സംബന്ധിച്ച പരാമര്‍ശമില്ലെന്ന് പറയുന്നു.

11 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അതില്‍ ഒറ്റ ബലാല്‍സംഗക്കേസും ഇല്ല. കേസ് ദുര്‍ബലപ്പെടാന്‍ മാത്രം ഇടയാക്കുന്ന ഈ എഫ്.ഐ.ആറും ഈ അറസ്റ്റ് തന്നെയും ഷാജഹാന്‍ ഷെയ്ഖിനെ രക്ഷിച്ചെടുക്കാന്‍ സഹായിക്കുന്ന മമതയുടെ തന്ത്രമാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

thepoliticaleditor

ലൈംഗികാതിക്രമ പരാതി ഉയരും മുമ്പേ ഗുരുതരമായ മറ്റൊരു ക്രമക്കേടിന്‍രെ പേരിലായിരുന്നു ഷാജഹാന്‍ ഷെയ്ഖ് ബംഗാളില്‍ വിവാദത്തിലായത്. അത് അരി,ഗോതമ്പ് കുംഭകോണമായിരുന്നു. ഗോതമ്പും അരിയും പശ്ചിമ ബംഗാളിൽ പൊതുവിതരണ സമ്പ്രദായത്തിന് (പിഡിഎസ്) കീഴിലാണ് വിതരണം ചെയ്യേണ്ടത്. ധാന്യം ജനങ്ങൾക്ക് നൽകുന്നതിന് പകരം ഉയർന്ന വിലയ്ക്ക് വിപണിയിൽ വിറ്റുവെന്നാണ് ഇഡി പറയുന്നത്. ഏകദേശം 10,000 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഈ അഴിമതിയിൽ പല ടിഎംസി നേതാക്കളുടെ പേരുകളും ഉയർന്നു. അത്തരത്തിലുള്ള ഒരു പേരാണ് ഷാജഹാൻ ഷെയ്ഖ്.

ജനുവരി അഞ്ചിന് നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലുള്ള ഷാജഹാൻ ഷെയ്ഖിൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. അദ്ദേഹത്തിൻ്റെ അനുയായികൾ ഇഡി സംഘത്തെ ആക്രമിച്ചു. ഷാജഹാൻ ഒളിവിൽ പോയി. ആക്രമണത്തിന് ശേഷം ഷാജഹാനും അനുയായികൾക്കും എതിരെ ഇഡി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം ഫെബ്രുവരി 8 ന് ആണ് വിവാദമായ സന്ദേശഖാലി കേസ് രൂപപ്പെടുന്നത്. സന്ദേശ്ഖാലിയിലെ ചില സ്ത്രീകൾ, ഷാജഹാൻ ഷെയ്ഖ് അദ്ദേഹത്തിൻ്റെ പങ്കാളി ഷിബു ഹസ്ര, ഉത്തം സർക്കാർ എന്നിവർ വർഷങ്ങളായി തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ചു രംഗത്തു വന്നു . എപ്പോൾ വേണമെങ്കിലും പാതിരാത്രിയിൽ പോലും ഷാജഹാൻ ഷെയ്ഖ് സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നുവെന്നാണ് പരാതി. പുലർച്ചെ മാത്രമേ വിട്ടയക്കൂ. ടിഎംസി ഓഫീസിൽ ജോലിയുടെ പേരിൽ ദിവസങ്ങളോളം ഈ സ്ത്രീകളെ തടഞ്ഞു വെക്കുകയും പതിവായിരുന്നു.

ഫെബ്രുവരി 13ന് കൊൽക്കത്ത ഹൈക്കോടതി ഈ പരാതി സ്വമേധയാ സ്വീകരിച്ചു. ഫെബ്രുവരി 26 ന് ഹൈക്കോടതി മമത സർക്കാരിനെ ശാസിക്കുകയും ഷാജഹാനെ ഇഡിയോ സിബിഐയോ പോലീസോ ആർക്കു വേണമെങ്കിലും അറസ്റ്റ് ചെയ്യാമെന്ന് നിർദേശിക്കുകയും ചെയ്തു.

ഷാജഹാൻ ഷെയ്ഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ, പശ്ചിമ ബംഗാൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്താൽ കേസ് വളരെ ദുർബലമായേക്കുമെന്ന് ഇഡി മുന്നറിയിപ്പ് നൽകിയിരുന്നു.

ഷാജഹാൻ ഷെയ്ഖിനെതിരെ 11 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഒരു വിഭാഗവും ബലാത്സംഗത്തെക്കുറിച്ചോ കൂട്ടബലാത്സംഗത്തെക്കുറിച്ചോ അല്ല. ധാന്യ കുംഭകോണക്കേസില്‍ ഇ.ഡി.യുടെ വല മുറുകവേ അതില്‍ നിന്നും ഷാജഹാനെ ഫലത്തില്‍ രക്ഷിക്കാനും കൂടിയാണ് 55 ദിവസം ഒളിവില്‍ താമസിച്ചിട്ടും പിടിക്കാന്‍ കഴിയാതിരുന്ന ഷെയ്ഖിനെ ഒരു ദിവസം പെട്ടെന്ന് പൊലീസ് പിടികൂടിയത് എന്നാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്. മാത്രമല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത സന്ദേശ്ഖാലി കേസില്‍ ബലാല്‍സംഗമോ കൂട്ട മാനഭംഗമോ പരാമര്‍ശിക്കുന്നുമില്ല എന്ന വൈചിത്ര്യവും ഉണ്ട്. കോടതിയില്‍ നിന്നും പരമാവധി നേരത്തെ ജാമ്യം കിട്ടി പുറത്തു വരാന്‍ ഇത് സഹായിക്കും.
അറസ്റ്റിലായപ്പോള്‍ മുഖം രക്ഷിക്കാന്‍ പാര്‍ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും ഷാജഹാന്‍ ഷെയ്ഖിനെ പൂര്‍ണമായി സഹായിക്കുന്ന നടപടികളാണ് മമത സര്‍ക്കാര്‍ ചെയ്തുവെച്ചിരിക്കുന്നത്. ഇതാണ് മമതയുടെ തന്ത്രങ്ങള്‍. ബംഗാള്‍ ജനത നീതി തേടി എന്തു ചെയ്യണം എന്നതാണ് ഈ സാഹചര്യത്തില്‍ പരമപ്രധാനം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick