ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഎമ്മുമായി രമ്യതയിലായി എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഡെല്‍ഹിയിലെത്തി രാജേന്ദ്രന്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയാകുന്നു.
രാജേന്ദ്രൻ ബിജെപിയോട് അടുക്കുന്നു എന്ന അഭ്യൂഹം ഉയർത്തി ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായിട്ടാണ് കൂടിക്കാഴ്ച നടന്നത് . ഡൽഹിയിലെ ജാവദേക്കറുടെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ നടത്തിയത് വെറും സൗഹൃദസന്ദർശനം മാത്രമായിരുന്നു എന്നും ബിജെപിയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് എസ് രാജേന്ദ്രൻ വ്യക്തമാക്കിയത്. പ്ലാന്റേഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നും .സിപിഎമ്മുമായുളള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്നും രാജേന്ദ്രൻ പറഞ്ഞതായി മാധ്യമ റിപ്പോർട്ട് ഉണ്ട്.
ദേവീകുളം മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ഥി എ.രാജയെ തോല്‍പിക്കാനായി നീക്കം നടത്തി എന്നാരോപിച്ചാണ് നേരത്തെ എം.എല്‍.എ.യായിരുന്ന രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കിയിലെ പ്രമുഖ നേതാവ് എം.എം.മണിയുമായുള്ള ഉരസലാണ് രാജേന്ദ്രനെതിരായ നടപടിയിലേക്കെത്തിയത്.
സസ്‌പെന്‍ഷനിലായ രാജേന്ദ്രന്‍ പാര്‍ടിയുടെ പരിപാടികളുമായി നിസ്സഹകരിക്കുകയും അംഗത്വം പുതുക്കാനുള്ള നടപടിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. താന്‍ ഇനി പാര്‍ടിയിലേക്കില്ലെന്ന് പ്രതികരിച്ചിരുന്ന രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുന്നു എന്ന ശ്രുതിയും പരന്നു. എന്നാല്‍ നാടകീയമായ നീക്കത്തിലൂടെ സിപിഎം രാജേന്ദ്രനുമായി രമ്യത പ്രഖ്യാപിക്കുകയും തുടര്‍ന്ന് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം സിപിഎം സമരവേദിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അന്നു തന്നെ എം.എം.മണി രാജേന്ദ്രനുമായി പ്രശ്‌നമൊന്നുമില്ലെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്വം നല്‍കാമെന്ന ധാരണയുണ്ടെന്നും അഭ്യൂഹം പരന്നിരുന്നു.