Categories
kerala

ഇവിടെ സുനിലിന്റെ പോസ്റ്ററുകളില്‍ കവിത തുളുമ്പുന്നു…

സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും സവിശേഷതകളുമെല്ലാം പ്രതിഫലിക്കുന്നു എന്നിടത്താണ് ആ ക്യാപ്ഷനുകള്‍ വിജയിക്കുന്നത്

Spread the love

ഒരു പക്ഷേ, കേരളത്തിലെ ലോക്‌സഭാസ്ഥാനാര്‍ഥികളുടെ പോരാട്ട മണ്ഡലങ്ങളില്‍ ഇത്രയധികം കാവ്യാത്മകമായ ടാഗ് ലൈനുകളും ക്യാപ്ഷനുകളുമായി നിറയുന്ന ഇടതു പക്ഷ സ്ഥാനാര്‍ഥി പോസ്റ്ററുകള്‍ തൃശ്ശൂരിലല്ലാതെ ഉണ്ടാവാനിടയില്ല. വി.എസ്.സുനില്‍കുമാറിനു വേണ്ടി ഇറക്കിയിരിക്കുന്ന പോസ്റ്ററുകളിലെ വാചകങ്ങളില്‍ ആ സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും സവിശേഷതകളുമെല്ലാം പ്രതിഫലിക്കുന്നു എന്നിടത്താണ് ആ ക്യാപ്ഷനുകള്‍ വിജയിക്കുന്നത്.

കണ്ണില്‍ നിന്നും മറഞ്ഞാലും മനസ്സില്‍ ബാക്കിയാകുന്ന വാചകങ്ങള്‍ സുനില്‍കുമാറിന്റെ ചിരി പോലെ ബാക്കി നില്‍ക്കുക തന്നെ ചെയ്യും.
‘നമ്മളിലുള്ളൊരാള്‍, നന്മകളുള്ളൊരാള്‍..’ -ഇതാണ് ഒരു പോസ്റ്ററിലെ ക്യാപ്ഷന്‍. രണ്ടു വാക്കുകളില്‍ പ്രാസഭംഗി മാത്രമല്ല സുനില്‍കുമാര്‍ എന്താണ് എന്നും കാച്ചിക്കുറുക്കി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

thepoliticaleditor

നാട്യങ്ങളില്ലാത്ത നാട്ടുകാരന്‍– ഇതാണ് മറ്റൊരു പോസ്റ്ററിലെ ക്യാപ്ഷന്‍. അതും സുനില്‍കുമാറിനെപ്പറ്റി ആരം പറയുന്ന ആദരവാചകമത്രേ.
ഇനി ഇംഗ്ലീഷിലുള്ള ഒരു പോസ്റ്റര്‍ കൂടുതല്‍ പരസ്യഭംഗി നിറഞ്ഞ ക്യാപ്ഷന്‍ അടങ്ങിയതാണ്. WE YES SUNILKUMAR the human voice of politics എന്നതാണ് ക്യാപ്ഷന്‍. സുനില്‍കുമാറിന് ഞങ്ങള്‍ യെസ് എന്ന് പറയുന്നതായി പ്രത്യക്ഷത്തില്‍ വ്യക്തമാക്കുന്ന വാക്യത്തില്‍ V എന്നും S എന്നും politics എന്നും വേറൊരു നിറത്തില്‍ കൊടുത്ത് സുനില്‍കുമാറിന്റെ രാഷ്ട്രീയം ഇതാണ് എന്ന് ധ്വനിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പോസ്റ്ററിലുമുണ്ട് അര്‍ഥവത്തായ ക്യാപ്ഷന്‍. മുന്നേറാന്‍ മുരളീധരന്‍ എന്നാണ് ആദിപ്രാസഭംഗി ചേര്‍ന്ന വാചകം. മുന്നേറാന്‍ എന്ന വിശേഷണത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആദ്യം തീരുമാനിച്ചത് മാറ്റി ഇപ്പോള്‍ മുന്നേറ്റത്തിനായി യഥാര്‍ഥ ആള്‍ എത്തിയിരിക്കുന്നു എന്ന അര്‍ഥം പോലും കണ്ടെത്താന്‍ കഴിയും.

ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ക്യാപ്ഷന്‍ അദ്ദേഹത്തിന്റെ സിനിമാ ഡയലോഗ് പോലെ പറഞ്ഞു തേഞ്ഞതാണെന്നു പറയാതെ വയ്യ. തൃശ്ശൂരിനൊരു കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരന്റി എന്ന പുതുമയില്ലാത്ത വാചകം തന്നെ താരത്തിന്റെ സ്വര്‍ണവളയിട്ട കൈ നീട്ടിയുള്ള നില്‍പിനു കീഴെ മുദ്ര ചെയ്തിരിക്കുന്നു.
മൂന്നു മുന്നണികളുടെയും പോസ്റ്ററുകളില്‍ സുനില്‍കുമാറിന്റെ പോസ്റ്ററുകളിലെ ക്യാപ്ഷനുകള്‍ ഒരു വ്യക്തിയുടെ ഗുണഗണങ്ങളില്‍ കേന്ദ്രീകരിക്കുന്നതും രണ്ടു വാക്കുകളില്‍ അവ മനസ്സില്‍ മായാതെ പതിപ്പിക്കുന്നതുമായ കാവ്യഗുണമുള്ളതാണ് എന്നു പറയാതെ വയ്യ.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick