ഇന്ത്യയുമായുള്ള ബന്ധം വഷളാവുകയും ചൈനയുമായി പുതിയ ബന്ധുത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം ഇപ്പോള്‍ വീണ്ടും മാലിദ്വീപ് സര്‍ക്കാര്‍ ഇന്ത്യയോട് അടുക്കുന്നു. തങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിയായി ഇന്ത്യയെ പ്രസിഡണ്ട് മുഹമ്മദ് മുയിസു വിശേഷിപ്പിച്ചു. പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുയിസു ഇങ്ങനെ പറഞ്ഞത്. മാലിദ്വീപിന്റെ കടബാധ്യത പരിരഹരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള തുടര്‍ച്ചയായ പിന്തുണ അനിവാര്യമാണെന്ന് മുയിസു തുറന്നു പറയുകയും ചെയ്തു.
കഴിഞ്ഞ വർഷം അവസാനത്തോടെ, മാലിദ്വീപ് ഇന്ത്യയോട് ഏകദേശം 400.9 മില്യൺ ഡോളർ കടപ്പെട്ടിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.
“ഇന്ത്യ മാലിദ്വീപിൻ്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി തുടരും, അതിനെക്കുറിച്ച് മറിച്ചൊരു ചോദ്യവുമില്ല”– മുയിസു അദ്ദേഹം പ്രാദേശിക ദിവേഹി ഭാഷാ പ്രസിദ്ധീകരണമായ ‘മിഹാരു’ വിലെ അഭിമുഖത്തിൽ പറഞ്ഞു . കഴിഞ്ഞ നവംബറിൽ അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യത്തെ അഭിമുഖത്തിലാണ് ഈ വ്യക്തമാക്കൽ.