മുതിർന്ന കോൺഗ്രസ് നേതാവും കാൺപൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയുമായ അജയ് കപൂർ ബുധനാഴ്ച ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് അയച്ചതായി കപൂർ പറഞ്ഞു.
ഇന്ന് തനിക്ക് ഒരു പുനർജന്മം പോലെയാണെന്ന് ബിജെപി നേതാക്കളുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ കപൂർ പറഞ്ഞു. “രാജ്യത്തിൻ്റെ പ്രധാനമന്ത്രി മോദിയുടെ കുടുംബത്തോടൊപ്പം ചേർന്നതിൽ ഞാൻ ആഹ്ലാദിക്കുന്നു”– അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായുള്ള 35 വർഷത്തിലേറെ നീണ്ട ബന്ധത്തിൽ താൻ വളരെ സത്യസന്ധമായാണ് പ്രവർത്തിച്ചതെന്ന് കപൂർ പറഞ്ഞു. രാജ്യത്തിൻ്റെ പുരോഗതിക്കായി ഓരോ വ്യക്തിയും മോദിജിയുടെ കുടുംബത്തോടൊപ്പം ചേരണമെന്ന് എനിക്ക് തോന്നുന്നുവെന്നും കപൂർ കൂട്ടിച്ചേർത്തു.