Categories
kerala

ഇടതുപക്ഷ പട്ടികയില്‍ വനിതകള്‍ മൂന്ന് മാത്രം…സഭകളിലെ സ്ത്രീശക്തി മിഥ്യ

നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ കൂടുതല്‍ ഉണ്ടാവണമെങ്കില്‍ രാഷ്ട്രീയ കക്ഷികള്‍ അവരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ജനറല്‍ സീറ്റുകളില്‍ മല്‍സരിക്കാന്‍ അവസരം നല്‍കണം എന്നത് ഒരു സാമാന്യ യുക്തി മാത്രമാണ്. ഒരേ സമയം സ്ത്രീകള്‍ നേതൃപദവിയിലേക്ക് വരണമെന്ന വാദം പൊതുമണ്ഡലത്തില്‍ ഉയര്‍ത്തുകയും അതേസമയം പല പരിഗണനകളില്‍ പെട്ട് സ്ത്രീ പ്രാതിനിധ്യം സ്ഥാനാര്‍ഥി പട്ടികയില്‍ നാമമാത്രമാവുകയും ചെയ്യുന്ന പതിവിന് ഉത്തമ ഉദാഹരണമാണ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കിയ സി.പി.എം. ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടിക. 15 സ്ഥാനാര്‍ഥികളില്‍ രണ്ടു പേരാണ് വനിതകള്‍. പത്തു ശതമാനം പോലുമില്ല പ്രാതിനിധ്യം. മൊത്തം ഇടതു പട്ടിക നോക്കിയാല്‍ മൂന്ന് വനിതകള്‍. നാല് പേരുടെ സിപിഐ പട്ടികയില്‍ ഒരാള്‍ വനിതയാണ്. പൊതുമണ്ഡലത്തില്‍ ഏറ്റവുമധികം സ്ത്രീപ്രാതിനിധ്യത്തിന് വാദിക്കുന്നവര്‍ ഇടതു പക്ഷമാണ് എന്നത് കൗതുകകരമായ വൈരുദ്ധ്യമായി ഇത്തവണയും തുടരുന്നു.

കെ.കെ.ശൈലജ

പ്രമുഖരെ രംഗത്തിറക്കി ലോക്‌സഭാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് സിപിഎം ഇത്തവണ സ്വീകരിച്ച രീതി. അതില്‍ സ്ത്രീകള്‍ കുറയുന്നത് സ്വാഭാവികമെന്ന മട്ടിലാണ് പല നേതാക്കളുടെയും സ്വകാര്യ പ്രതികരണം. കനല്‍ ഒരു തരി മതി എന്ന നിലയില്‍ ഇടതു പട്ടികയില്‍ രണ്ട് ദേശീയ വനിതാ നേതാക്കള്‍ ഉണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റില്‍ വനിതാ സംവരണം നടപ്പായാല്‍ മാത്രമേ കേരളത്തിലെ ജനസംഖ്യയില്‍ ഏറ്റവുമധികം പ്രാതിനിധ്യമുള്ള സ്ത്രീസമൂഹത്തിന് അര്‍ഹിച്ച എണ്ണം ലോക്‌സഭാംഗങ്ങള്‍ വനിതകളായി വരികയുള്ളൂ എന്നത് ഉറപ്പാകുകയാണ് പ്രധാന പാര്‍ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ. കോണ്‍ഗ്രസിന്റെ പട്ടിക ഇതുവരെ വന്നിട്ടില്ലെങ്കിലും അതിലും സ്ത്രീ പ്രാതിനിധ്യം നാമമാത്രമാകാനേ ഇടയുള്ളൂ എന്ന് നിലവിലുള്ള കാലാവസ്ഥയില്‍ അനുമാനിക്കാന്‍ പ്രയാസമുണ്ടാവില്ല.

thepoliticaleditor
ആനി രാജ


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാസംവരണം അമ്പത് ശതമാനം ആവുന്നതോടെയാണ് അത്തരം പ്രാദേശിക സഭകളില്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും നല്ല പദവികള്‍ കിട്ടുകയുണ്ടായുള്ളൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഇടതു പക്ഷം കുറച്ചുകൂടി മികച്ച സമീപനം സ്വീകരിച്ചിരുന്നു നേരത്തെ തന്നെ. കേരളത്തില്‍ ആദ്യമായി കോര്‍പറേഷന്‍ മേയര്‍ ആയി വനിത വരുന്നതു മുതല്‍ക്ക് പല മാതൃകകളും സിപിഎം സൃഷ്ടിച്ചത് സംവരണം വരുന്നതിനും മുമ്പാണ് എന്നത് എടുത്തുപറയണം. എന്നാല്‍ നിയമസഭ, ലോക്‌സഭ തുടങ്ങിയ തലങ്ങളിലേക്കെത്തുമ്പോള്‍ ചങ്കരന്‍ വീണ്ടും തെങ്ങേല്‍ത്തന്നെ എന്ന മട്ടിലാണ് തീരുമാനങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നത്.

കെ.ജെ.ഷൈൻ

കേരളത്തില്‍ ആദ്യമായി ഒരു വനിത മുഖ്യമന്ത്രിയാകുന്നത് ഇടതുപക്ഷത്തിന്റെ കാര്‍മികത്വത്തിലാവുമെന്ന സ്വപ്‌നം പോലും കാണുന്നവര്‍ ധാരാളമാണ്. എന്നാല്‍ അതിനുള്ള കാലാവസ്ഥ സംസ്ഥാനത്തെ പാര്‍ടിയിലും മുന്നണിയിലും ഉണ്ടായിട്ടില്ലെന്നു വേണം ഇതുവരെയുളള സമീപനത്തില്‍ നിന്നും അനുമാനിക്കാന്‍.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick