Categories
kerala

ടി.പി.വധക്കേസ്: വെറുതെ വിട്ടിരുന്ന പ്രതികള്‍ക്കും ജീവപര്യന്തം, പലര്‍ക്കും പരോളില്ലാത്ത ഇരട്ട ജീവപര്യന്തമാക്കി ഉയര്‍ത്തി

പ്രതികൾക്കെല്ലാം ഇരുപത് വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നും കോടതി നിർദ്ദേശമുണ്ട്. അതായത് ബാക്കിയുള്ള എട്ട് വർഷത്തിൽ ഇനി പരോൾ ലഭിക്കില്ല

Spread the love

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കെല്ലാം തിരിച്ചടി നല്‍കി ഹൈക്കോടതിയുടെ ഉയര്‍ന്ന ശിക്ഷ. വധശിക്ഷ വിധിച്ചില്ലെങ്കിലും 20 വര്‍ഷത്തേക്ക് പരോള്‍ കിട്ടാത്ത ഇരട്ട ജീവപര്യന്തമാക്കി ശിക്ഷ ഉയര്‍ത്തിയിരിക്കയാണ്. പ്രതികളുടെ അപേക്ഷകളെല്ലാം തള്ളിക്കളഞ്ഞാണ് ശിക്ഷാവിധി. ടി.പി.കേസ് പ്രതികള്‍ക്ക് ഈ വിധി വലിയ തിരിച്ചടിയാണ്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ് ആയി കോടതി പരിഗണിക്കാതിരുന്നതിനാലാണ് വധിശിക്ഷയുടെ പരിധിയിലേക്ക് വരാതിരുന്നത് എന്നും അനുമാനിക്കാം.

വധ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെയും ടി.പി.യുടെ ഭാര്യ കെ.കെ.രമയുടെയും ആവശ്യം അംഗീകരിച്ചില്ലെങ്കിലും വിചാരണക്കോടതി നല്‍കിയിരുന്ന ശിക്ഷ ഉയര്‍ത്തിയാണ് ഹൈക്കോടതി വിധിച്ചത്. മാത്രമല്ല, നേരത്തെ വെറുതെ വിട്ടിരുന്ന കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ബഞ്ച് ആണ് ശിക്ഷ വിധിച്ചത്.

thepoliticaleditor

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളും ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ, 18ാം പ്രതി പിവി റഫീഖ്, കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ വിധിച്ചത്. ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതികൾക്കെതിരെയും എട്ടാം പ്രതിയ്ക്ക് എതിരെയും ഗൂഢാലോചന കുറ്റം ഹൈക്കോടതി അധികമായി ചുമത്തിയിട്ടുണ്ട്. കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരാണ് ഹൈക്കോടതി പുതുതായി കുറ്റക്കാരണെന്ന് കണ്ടെത്തിയവർ. ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിർമാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി എന്നിവർക്ക് നേരത്തെ ജീവപര്യന്തം തടവ് എന്ന ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. ഏഴാം പ്രതി കെ സിനോജിനും ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. ആറാം പ്രതി അണ്ണൻസിജിത്തിന് നേരത്തെ വിധിച്ചിരുന്നത് ഇരട്ട ജീവപര്യന്തമായിരുന്നു. അതിൽ ഇളവ് വരുത്തി ജീവപര്യന്തമാക്കി. ഈ പ്രതികൾക്കെല്ലാം ഇരുപത് വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നും കോടതി നിർദ്ദേശമുണ്ട്. അതായത് ബാക്കിയുള്ള എട്ട് വർഷത്തിൽ ഇനി പരോൾ ലഭിക്കില്ല.

രാഷ്ട്രീയ കൊലപാതകത്തെ അപൂർവ്വങ്ങളിൽ അപൂർവമായി കാണാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതീകൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും വിധിച്ചത്. വിചാരണക്കോടതി നല്‍കിയ ശിക്ഷ ഇളവു ചെയ്യണമെന്ന ആവശ്യം പരിഗണിക്കാതെ ഗണ്യമായി ഉയര്‍ത്തി ശിക്ഷ നിശ്ചയിച്ച ഹൈക്കോടതി വിധി കേരളത്തിലെ രാഷ്ട്രീയ കൊലപാതക ശിക്ഷകളില്‍ വേറിട്ടു നില്‍ക്കുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick