Categories
latest news

ബിജെപി ഇങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ ഒരുങ്ങുന്നത്…എല്ലാം ഡിജിറ്റല്‍

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 12-ലും സ്വന്തം സർക്കാർ, 5 സംസ്ഥാനങ്ങളിൽ സഖ്യസർക്കാർ, രാജ്യത്തിൻ്റെ 58 ശതമാനം ഭൂവിസ്തൃതിയിലും 57 ശതമാനം ജനസംഖ്യയിലും ഭരണം- ലോക് സഭാ തിരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കുന്ന ബിജെപിയുടെ പ്രൊഫൈൽ ഇതാണ്.

2014-ന് മുമ്പ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഒരു പൊടി പോലും ഇല്ലായിരുന്നു, ഇന്ന് അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര എന്നീ 4 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുണ്ട്. മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ഭരിക്കുന്ന സഖ്യത്തിൻ്റെ ഭാഗമാണ് പാർട്ടി.

thepoliticaleditor

2014 മുതല്‍ ബിജെപി സംഘടനാ സംവിധാനം സമ്പൂര്‍ണമായി ഡിജിറ്റലായി മാറിയിരിക്കുന്നു. നമോ ആപ് വഴിയുള്ള ഏകോപനമാണ് ഉത്തരേന്ത്യയിലെ അടിസ്ഥാന പ്രവര്‍ത്തനത്തിന്റെ നട്ടെല്ല്. ഡാറ്റയെല്ലാം ഡിജിറ്റലാക്കിയതോടെ അവലോകനം എളുപ്പമായി. അപ്‌ഡേറ്റ് ചെയ്യലും സുഗമമായി. ഇതോടെ സംഘടനാ പ്രവര്‍ത്തനത്തില്‍ ശാസ്ത്രീയമായ അവലോകനത്തിന് ബിജെപിക്ക് കൂടുതല്‍ സാധ്യത കൈവന്നു. തന്ത്രങ്ങള്‍ മെനയുന്നതില്‍ കൂടുതല്‍ കൃത്യതയും ഉണ്ടായി.

“പന്ന പ്രമുഖർ എന്ന വിഭാഗം ഉണ്ട്. എല്ലാ മാസവും അവസാന ഞായറാഴ്ച “പന്ന പ്രമുഖർ” ഒത്തുകൂടും . ആദ്യം ഞങ്ങൾ പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ പരിപാടി കേൾക്കും. തുടർന്ന് ഈ മാസത്തെ പ്രവൃത്തി അവലോകനം ചെയ്യും. പ്രവർത്തനങ്ങൾ കൃത്യമായി നടന്നോ, ഇല്ലെങ്കിൽ എന്തുകൊണ്ട് ചെയ്തില്ല എന്നതും വിശകലനം ചെയ്യും.”– മധ്യപ്രദേശിലെ ഒരു പ്രവർത്തകൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു.

“നിലവിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ബിജെപിയുടെ പന്ന പ്രമുഖർ. രാമക്ഷേത്രവുമായി ബന്ധിപ്പിച്ചാണ് ഈ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. സംഘടനയുടെ ആപ്പ് വഴി കൃത്യമായ അവലോകനവും നടത്തുന്നുണ്ട് . സംസ്ഥാനത്തിന് പുറത്ത് പോയവരും സജീവമല്ലാത്തവരുമായ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രധാനമന്ത്രി മോദിയുടെ പദ്ധതികൾ പരമാവധി ആളുകളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തം തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്.”– ഒരു പന്ന പ്രമുഖൻ പറയുന്നത് ഇങ്ങനെ.

ബിജെപി എങ്ങനെയാണ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതെന്ന് അടുത്തിടെ നടന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രവർത്തനത്തിൽ നിന്ന് മനസ്സിലാക്കാം. അവിടെ കടുത്ത ഭരണ വിരുദ്ധത കൊണ്ട് പൊറുതി മുട്ടുകയായിരുന്നു ബിജെപി. അത് മറികടക്കാൻ പാർട്ടി വിവിധ ജില്ലകളിലായി 14 മുതിർന്ന ദേശീയ നേതാക്കൾക്കാണ് ചുമതല നൽകിയത്. 42,000-ത്തിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ചു.

40 ലക്ഷത്തിലധികം ബൂത്ത് ലെവൽ പ്രവർത്തകരെയാണ് തിരഞ്ഞെടുപ്പ് തന്ത്രം നടപ്പാക്കാൻ നിയോഗിച്ചത്. 95 ലക്ഷത്തിലധികം മിസ്‌ഡ് കോളുകളാണ് മിസ്‌ഡ് കോൾ കാമ്പെയ്‌നിന് കീഴിൽ ചെയ്തത്. ഇതിൽ 68 ലക്ഷം പേർ യുണീക് നമ്പറുകളും 17 ലക്ഷം പേർ പുതിയ അംഗങ്ങളുമായിരുന്നു . 10,916 ശക്തി കേന്ദ്രങ്ങൾ രൂപീകരിക്കുകയും ബൂത്തുകളിൽ പന്ന പ്രമുഖരെ നിയമിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് വരെ മോശം അവസ്ഥയിലായിരുന്ന ബി.ജെ.പി ഏകപക്ഷീയമായ വിജയം നേടി എന്നതാണ് ഇതിൻ്റെയെല്ലാം ഫലം.

കോണ്‍ഗ്രസിനാവട്ടെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനത്തിന് ആളുകള്‍ പോലും ഫലപ്രദമായി വിന്യസിക്കപ്പെട്ടിരുന്നില്ല. സ്വന്തം ആളുകളെ കൃത്യമായി വോട്ടു ചെയ്യിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല. എന്നാല്‍ ബിജെപി ഇത് കൃത്യമായി ചെയ്തു. വിജയിക്കുമെന്ന് അവകാശവാദം പറഞ്ഞിരുന്ന കോണ്‍ഗ്രസ് തറ പറ്റുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എത്ര കൃത്യമായി സംഘപരിവാര്‍ സംഘടനാ ശേഷി കൂടി ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം നടത്തും എന്നതിന്റെ ഉത്തമ സൂചനകളാണ് മേല്‍പ്പറഞ്ഞ വസ്തുതകളില്‍ നിന്ന് ലഭിക്കുന്നത്. ഉത്തര-വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ബിജെപിയുടെ ആസൂത്രിതമായ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനെ മറികടക്കാന്‍ ജനമനസ്സിനെ മറ്റൊരു രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യം ബാക്കിയാവുന്നു.

തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ അന്തിമമാക്കാനായി ഫെബ്രുവരി 17-ന് അതായത് ഇന്ന് ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഡല്‍ഹിയില്‍ ആരംഭിച്ചിരിക്കയാണ്. എന്തൊക്കെ ഒരുക്കങ്ങളാണ് വേണ്ടതെന്ന് രണ്ടു ദിവസത്തെ യോഗത്തില്‍ തീരുമാനിക്കപ്പെടും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick