Categories
kerala

മൈരന്‍ എന്ന വിളിയില്‍ എന്താ കുഴപ്പം? കോണ്‍ഗ്രസിന് ഇത് സുവര്‍ണാവസരമാണ്…

എന്നാല്‍ വളരെ ഗൗരവത്തില്‍ ആലോചിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. അതു കൂടി പറയാം

Spread the love

ഒരു രാഷ്ട്രീയപാര്‍ടിയുടെ തലവന്‍ പാര്‍ടിയിലെ തനിക്ക് സമനായ മറ്റൊരു പ്രമുഖനെ “മൈരന്‍” എന്നു പരാമർശിക്കാൻ സ്വാതന്ത്ര്യം ഉള്ള രാഷ്ട്രീയ സൗഹൃദം സാധ്യമാകുമെങ്കില്‍ അതിലേറെ മഹത്തരമായ ജനാധിപത്യം ലോകത്തിലെവിടെയുമില്ല എന്നാണ് തോന്നുന്നത്. “ആ മൈരന്‍ എവിടെപ്പോയി” എന്ന് പറയാന്‍ തക്ക സ്വാതന്ത്ര്യവും അത് പറഞ്ഞാലും കുഴപ്പമില്ലാത്ത ബന്ധങ്ങളും വ്യക്തികള്‍ക്കിടയിലും രാഷ്ട്രീയത്തിലും രൂപപ്പെടുകയാണ് ശരിക്കും വേണ്ടത്.

മനുഷ്യര്‍ തമ്മില്‍ വളരെ സ്വാഭാവികമായ സ്‌നേഹം വളരുമ്പോഴാണ് സഭ്യേതരമായ വാക്കുകള്‍ സൗഹൃദവിളികളായിത്തീരാറുള്ളത്, അല്ലാത്ത സമയത്തെ വിളികളെല്ലാം വെറും ഔപചാരികവും കപടവുമാണ്. എടാ നായിന്റെ മോനെ, എടാ പുല്ലേ, എടാ കോപ്പേ, എടാ മൈരേ എന്നൊക്കെ രണ്ടു പേര്‍ തമ്മില്‍ വിളിക്കുന്നതില്‍ എന്താണ് നാട്ടുനടപ്പിന് വിപരീതമായിട്ടുള്ളത്. ആ മൈരന്‍ എന്താണിത്ര സമയമായിട്ടും വരാത്തത് എന്ന് പറയാത്ത ഒറ്റ ആത്മാര്‍ഥ ചങ്ങാതിയും ഈ ഭൂമിമലയാളത്തില്‍ കാണാനിടയില്ല. അത്ര സ്വാഭാവികമായ സൗഹൃദഭാഷണശകലമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്ന പ്രയോഗമാണിതെല്ലാം. മൈര് എന്നു പറയാത്ത മലയാളി സൗഹൃദം വെറും ‘മൈര്’ ആണ് എന്ന് പറയേണ്ടി വരും.

thepoliticaleditor

ഇനി “മൈര്” എന്ന പദത്തിന്റെ യഥാര്‍ഥ അര്‍ഥവും നിഷ്പത്തിയും നോക്കിയാലും അത് അശ്ലീലമാണെന്ന വാദം നിരര്‍ഥകമാണ്. തമിഴ് നാട്ടുകാരനോട് മൈര് എന്നു പറഞ്ഞാല്‍ അയാള്‍ പറയും അത് മുടി എന്നാണല്ലോ അര്‍ഥം എന്ന്. നമ്മുടെ മലയാളം രൂപപ്പെട്ടു വന്ന തായ്ഭാഷയായ തമിഴില്‍ മുടി എന്ന വാക്കിന്റെ ചൊല്‍പ്പേരാണ് മൈര്. ഇത് മലയാളത്തില്‍ അശ്ലീലമാക്കിയത് മലയാളിബോധം തന്നെ. അതിരിക്കട്ടെ. അശ്ലീലമായ മൈര് രണ്ടു പേര്‍ തമ്മില്‍ വിളിക്കുന്നതില്‍ സാഹചര്യവശാല്‍ ഇഷ്ടവും അനിഷ്ടവും വന്നു ചേരുന്നു എന്നതാണ് നമ്മുടെ വ്യാഖ്യാനനിഘണ്ടുവില്‍. അത് ശരിയാണ്. സാഹചര്യം പ്രധാനമാണ്.

എന്നിരിക്കിലും ഒരു രാഷ്ട്രീയപാര്‍ടിയില്‍ ഒരു പ്രമുഖന്‍ മറ്റൊരു പ്രമുഖനെ കാത്തിരുന്ന് മുഷിഞ്ഞ ശേഷം ആ മൈരന്‍ എന്താ ഇനിയും വരാത്തത് എന്ന് ആത്മഗതം ചെയ്താല്‍ അതിലെ മനുഷ്യ സ്വാഭാവികതയും ഇനി ഇങ്ങനെ പറഞ്ഞാലും വീണ്ടും തുടരാവുന്ന സൗഹൃദത്തിന്റെ ജനാധിപത്യവും മലയാളി തുറന്നു ചര്‍ച്ച ചെയ്യുക തന്നെ വേണ്ടതാണ്.

മറിച്ച് എതിര്‍ രാഷ്ട്രീയക്കാരനെയാണ് മൈരന്‍ എന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ പൊതുവേദിയില്‍ വിളിക്കുന്നതെങ്കില്‍ അതിന്റെ ഗൗരവം വേറെയാണ്. അതില്‍ സൗഹൃദവും ജനാധിപത്യവും ഉല്‍പാദിപ്പിക്കപ്പെടണം എന്നില്ല. മാത്രമല്ല ആര് ആരെയാണ് വിളിക്കുന്നതെന്നതും വിളി കേള്‍ക്കേണ്ടി വരുന്നയാളിന്റെ മാനസിക നിലയും എല്ലാം പ്രധാനമാകും.
കെ.സുധാകരന് വി.ഡി.സതീശനെ ശകാരരൂപത്തില്‍ ഇമ്മാതിരി സംബോധന ചെയ്യാനുള്ള സ്‌പേസ് കോണ്‍ഗ്രസില്‍ ഉണ്ടെങ്കില്‍, ഇത്തരം വിളികള്‍ കൊണ്ടും അവരുടെ രാഷ്ട്രീയ സൗഹൃദത്തില്‍ തുടര്‍ച്ചയ്ക്ക് തടസ്സമില്ലെങ്കില്‍ തീര്‍ച്ചയായും കോണ്‍ഗ്രസിലെ ജനാധിപത്യം ലോകോത്തരമാണെന്നു പറയാതെ വയ്യ. ഇത്ര ഉദാരത ഒരിടത്തെ രാഷ്ട്രീയത്തിലും ഉണ്ടാകില്ല തന്നെ. കോണ്‍ഗ്രസ് ഇതൊരു സ്വാഭാവിക സംഭവമായി എടുക്കുകയാണ് വേണ്ടത്. എടാ മൈ…സുധാകരാ എന്ന് സതീശനും എന്താടാ മൈ….സതീശാ എന്ന് സുധാകരനും പരസ്പരം വീണ്ടും വിളിക്കുക തന്നെ ചെയ്യട്ടെ. കോണ്‍ഗ്രസില്‍ ഇത്തരം വിളികള്‍ പരസ്പരം പതിവാകട്ടെ. സ്വാഭാവിക സംബോധനകളിലൂടെ രാഷ്ട്രീയ ജനാധിപത്യത്തിന്റെ പുതിയൊരു മേഖല കോണ്‍ഗ്രസിന് കേരളത്തില്‍ അവതരിപ്പിക്കാനാകും.
വലിയ അശ്ലീലമാണെന്ന് സദാചാര മൂല്യവ്യവസ്ഥയുടെ ഫ്യൂഡല്‍ മേലാളന്‍മാര്‍ അടിച്ചേല്‍പ്പിച്ച പല പ്രയോഗങ്ങളും സാഹിത്യത്തില്‍ ഒരു പുല്ലുമല്ലെന്ന് പറഞ്ഞ് പൊളിച്ചു പണിഞ്ഞ പച്ചമലയാള പ്രസ്ഥാനം തൊട്ടിങ്ങോട്ട് കാരണവന്‍മാരുടെ മൂല്യവ്യവസ്ഥകളെ നിഷേധിച്ച് കുടുമ മുറിച്ചു കളഞ്ഞ, ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങിയ മാധവനും ഇന്ദുലേഖയും മുതല്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. പഴയ സദാചാര പ്രമാണിമാര്‍ എന്തോ ഭയങ്കര അശ്ലീലമാണെന്ന് പച്ചകുത്തി പാതിത്യം കല്‍പിച്ച പല പച്ചമലയാള സംബോധനകളും ഇന്നത്തെ യുവ തലമുറ അനായാസം ഒരു അങ്കലാപ്പുമില്ലാതെ നല്ല സൗഹൃദസംഭാഷണത്തിനായും ചങ്ങാതികളെ സംബോധന ചെയ്യാനായും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നു. അതിലൊരു പ്രയോഗം മാത്രമാണ് മൈരന്‍ എന്നത്. ‘മൈര് പരിപാടിയായിപ്പോയി’ എന്നിങ്ങനെ മികച്ച വിമര്‍ശനത്തിനായും യുവതലമുറ ഇത്തരം പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെ ചെയ്യാത്ത ആരെങ്കിലും ഇപ്പോഴുണ്ടോ.

നമ്മുടെ ഭാഷയിലെ പ്രാദേശിക ഉപയോഗങ്ങളില്‍ ഇതിലും വലിയ അശ്ലീല പദങ്ങള്‍ ഗാഢ സൗഹൃദക്കാര്‍ തമ്മില്‍ പൊതു സ്ഥലത്തു പോലും ഉപയോഗിക്കുന്നു. ഇതൊന്നും അസാധാരണമല്ലെന്ന് ഇനിയെങ്കിലും പാരമ്പര്യവാദികളായ അധികാര ദുരന്ധരന്‍മാര്‍ ഓര്‍ക്കുന്നത് നല്ലത്.
അതിനാല്‍ കോണ്‍ഗ്രസ് കഴിയുമെങ്കില്‍ ഈ സന്ദര്‍ഭം ഒരു പൊളിച്ചെഴുത്തിനായി ഉപയോഗിക്കുകയാണ് വേണ്ടത്. പാര്‍ടി പ്രവര്‍ത്തകരാവട്ടെ, നേതാക്കളാവട്ടെ പരസ്പരം തോന്നുകയാണെങ്കില്‍ ഇത്തരം സംബോധനകളിലൂടെ സ്വാഭാവികമായി സംസാരിക്കട്ടെ. എല്ലാവരും എല്ലാവരെയും ഇങ്ങനൊക്കെ വിളിക്കട്ടെ. അതെല്ലാം സൗഹൃദത്തിന്റെ ഭാഗമാക്കി മാറ്റട്ടെ. എന്നിട്ടും ആകാശമൊന്നും ഇടിഞ്ഞു വീഴുന്നില്ലെങ്കില്‍ ഇതിലും മികച്ചൊരു രാഷ്ട്രീയ ജനാധിപത്യമാതൃക കേരളത്തില്‍ ഇനി ആരും അവതരിപ്പിക്കാനില്ല എന്നാണ് തോന്നുന്നത്.

പിന്നെ ഈ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ടിയുടെ അധ്യക്ഷന് എന്തോ പ്രത്യേക പ്രൗഢിയും ഏതോ ഫ്യൂഡല്‍ മാന്യതയുമൊക്കെ ഇപ്പോഴും കല്‍പിച്ചുകൊടുക്കുന്ന സദാചാര പ്രഭുക്കളോട് ഒന്നും പറയാനില്ല. കെ.പി.സി.സി.യുടെ അധ്യക്ഷന്‍ തന്റെ ഏറ്റവും സമാന സഹപ്രവര്‍ത്തകനായ പ്രതിപക്ഷ നേതാവിനെ ഉദ്ദേശിച്ച് ‘ഈ മൈ…എന്താ വരാത്തത്’ എന്ന് ആത്മഗതം ചെയ്തത് കൊണ്ട് ഏത് പ്രൗഢ രാഷ്ട്രീയ മാന്യതയാണ് നഷ്ടമായത് എന്ന് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് വിലയിരുത്തട്ടെ. അച്ചടിവടിവില്‍ സംസാരിച്ച് കേരളത്തിലെ ലൈംഗിക അതിക്രമത്തിനിരയാകുന്ന സകല പെണ്‍കുട്ടികളെയും അമാന്യമായി അധിക്ഷേപിച്ച ഒരു മുന്‍ കെ.പി.സി.സി. അധ്യക്ഷന്റെ ഭാഷാകുലീനതയാണോ ഇത്ര വിലപ്പെട്ടത് എന്ന് സമൂഹവും ചിന്തിച്ചു നോക്കട്ടെ.

എന്നാല്‍ വളരെ ഗൗരവത്തില്‍ ആലോചിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. അതു കൂടി പറയാം. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെയാണ് ഒരു അണ്‍പാര്‍ലമെന്ററിയായ കമന്റിലൂടെ പരാമര്‍ശിച്ചത്, അതും പൊതുമണ്ഡലത്തില്‍ അബദ്ധത്തിലാണെങ്കിലും കേള്‍ക്കാവുന്ന വിധം. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു തെറ്റായ മാതൃക കാണിച്ചു തരുന്നുണ്ട്. അതിന്റെ സൂചനയും ഉടനെ തന്നെ കണ്ടു തുടങ്ങിയിട്ടുണ്ട്. സുധാകരന്റെ പരാമര്‍ശം വന്നതിനു തൊട്ടു പിറകെ, പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്ത് രാഷ്ട്രീയ എതിരാളികള്‍ സ്ഥാപിച്ച ഒരു ബോര്‍ഡ് തന്നെ ഇതിനുള്ള ഉത്തരമാണ്. ഇനി സതീശനെ ജനക്കൂട്ടത്തില്‍ നിന്ന് ആരെങ്കിലും ‘എടാ…മൈ..ഡിയര്‍…സതീശാ’ എന്ന് വിളിച്ചെങ്കില്‍ അത് വലിയ ക്രിമിനല്‍ കുറ്റമാണെങ്കിലും തെറ്റ് പറയാന്‍ പറ്റില്ല ! കാരണം ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആ വിളികള്‍ക്കെല്ലാം വഴിമരുന്നിട്ടിരിക്കുന്നത് ബഹുമാന്യനായ കെ.സുധാകരന്‍ തന്നെയാണ്, സതീശന്റെ സ്വന്തം പാര്‍ടിയുടെ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ നേതാവ്!

ഒരു ന്യായീകരണം: സുധാകരന്‍ സതീശനെ പരാമര്‍ശിച്ചു കമന്റിയത് പൊതുവേദിയില്‍ ഇരുന്നാണെങ്കിലും പൊതുജനത്തോടല്ല, അതൊരു സ്വകാര്യമായ ആത്മഗതമായിരുന്നു. ഇങ്ങനെ ഓഫ് ദി റെക്കോര്‍ഡ് ആയി നേതാക്കള്‍ എന്തെല്ലാം, ആരെയെല്ലാം പറയുന്നു…ഇതൊക്കെ മൈക്ക് ഓണ്‍ ചെയ്ത് വെച്ച് പകര്‍ത്തി വാര്‍ത്തയാക്കുന്നതിലെ അശ്ലീലം കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്…ഇല്ലേ.?

(അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ വ്യക്തിപരം)

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick