Categories
kerala

അനീഷ്യയുടെ ആത്മഹത്യ…മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണമെന്ന് ആരോപണം, കേസ് ക്രൈംബ്രാഞ്ചിന്‌

കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയ അനീഷ്യ (44)​മേലുദ്യോഗസ്ഥന്റെയും സഹപ്രവർത്തകരിൽ ചിലരുടെയും മാനസിക പീഡനത്തിന്റെ ഫലമാണെന്ന് സംശയിക്കുന്നു, ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഞായറാഴ്ച രാവിലെയാണ് അനീഷ്യയെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്നത് വീട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പ് അനീഷ്യ അയച്ച ശബ്ദരേഖയിലും 19 പേജുള്ള ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണം ഉണ്ടായിരുന്നു. അനീഷ്യ അടുത്ത സുഹൃത്തുക്കൾക്കയച്ചതാണ് ശബ്ദ സന്ദേശങ്ങൾ.

കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മിഷണർ പുറത്തിറക്കി.

thepoliticaleditor

അനീഷ്യയുടെ ഭർത്താവ് അജിത്ത്‌കുമാർ മാവേലിക്കര സെഷൻസ് കോടതി ജഡ്ജിയാണ്. അനീഷ്യ സംഭവത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വലിയ വിവാദം ഉയര്‍ന്നെങ്കിലും പൊലീസ് മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചതെന്ന് ആരോപണം ഉണ്ട്. മരണം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം തുടങ്ങിയില്ല. ഇന്നലെ കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രതിഷേധവും ഒരു ദിവസത്തെ ജോലി നിസ്സഹരണവുമായി വന്നപ്പോഴാണ് അല്‍പമെങ്കിലും പ്രതികരണം ഉണ്ടായത്.

അരോപണ വിധേയനായ അസി. പബ്ലിക് പ്രോസിക്യൂട്ടർ ജോലിക്കെത്താത്ത ദിവസങ്ങളിലും ഹാജർ രേഖപ്പെടുത്തുന്നതും ഓഫീസ് മുറി തുടർച്ചയായി അടച്ചിട്ടിരിക്കുന്നതുമായ ചിത്രങ്ങൾ സഹിതം അനീഷ്യ പരാതി നൽകിയിരുന്നു. ഇതേ ഉദ്യോഗസ്ഥൻ ജോലിക്കെത്താത്ത ദിവസം അദ്ദേഹം കൈകാര്യം ചെയ്യേണ്ട കേസ് രേഖാമൂലം ചുമതല നൽകാത്തത് ചൂണ്ടിക്കാട്ടി അനീഷ്യ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ചതും ഒരു വിഭാഗം ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരുന്നു. അവധിയെടുക്കാതെയും എന്നാല്‍ ജോലിക്ക് ഹാജരാകാതെയും ചില എ.പി.പി.മാര്‍ മുങ്ങുന്നതിനെതിരെ പ്രതികരിച്ചിരുന്ന അനീഷ്യ ഇക്കാര്യം സംബന്ധിച്ച് വിവരാവകാശരേഖ ആവശ്യപ്പെട്ട് കുണ്ടറ ജോസ് എന്ന അഭിഭാഷകന്‍ വഴി നീക്കവും നടത്തിയിരുന്നു.

അത് അറിഞ്ഞ മേലധികാരി അനീഷ്യയെ ഭീഷണിപ്പെടുത്തുകയും കാസര്‍ഗോഡേക്ക് സ്ഥലം മാറ്റുമെന്ന് പറയുകയും ചെയ്തതായും പറയുന്നു. തങ്ങള്‍ ഭരിക്കുന്നവരുടെ ആളുകളാണെന്ന് പറഞ്ഞാണ് ഭീഷണി മുഴക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
അസ്വാഭാവിക മരണത്തിന് പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും വേണ്ടത്ര ജാഗ്രത ഇല്ല എന്ന ആക്ഷേപം ഉയർന്നു.

“കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമായി വായിച്ച ശേഷം കൂട്ടത്തോടെ അധിക്ഷേപിച്ചു”

ജനുവരി 19ന് ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വിളിച്ചുചേർത്ത യോഗം കഴിഞ്ഞ് പുറത്തുവന്ന അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ തന്നെക്കണ്ട് വിങ്ങിപ്പൊട്ടി കരഞ്ഞുവെന്ന് കൊല്ലം ബാറിലെ അഭിഭാഷകനായ കുണ്ടറ ജോസ് പറഞ്ഞു. ആരോപണ വിധേയനായ പരവൂർ മജിസ്ട്രേട്ട് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂർക്കെതിരെ അഭിഭാഷകനായ കുണ്ടറ ജോസ് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയ്ക്കു പിന്നിൽ അനീഷ്യയാണെന്ന് ആരോപിച്ചാണ് 19ന് നടന്ന യോഗത്തിൽ മേലുദ്യോഗസ്ഥനടക്കം പരസ്യമായി അധിക്ഷേപിച്ചതെന്ന് കുണ്ടറ ജോസ് പറഞ്ഞു. “കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമായി വായിച്ച ശേഷം യോഗത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്ന് മാഡം പറഞ്ഞു. പിന്നെ എങ്ങലടിച്ച് പൊട്ടിക്കരയുകയായിരുന്നു. ആശ്വസിപ്പിക്കാനായി ബാർ അസോസിയേഷൻ ഹാളിൽ പോയി ചായ കുടിക്കാമെന്നു പറഞ്ഞെങ്കിലും തയ്യാറായില്ല. പെട്ടെന്ന് കാറിൽ കയറി പോവുകയായിരുന്നു”.–കുണ്ടറ ജോസ് പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick