തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ “കാഷ് ഫോർ ക്വറി” അഴിമതി ആരോപിച്ച് ലോക്‌സഭാംഗത്വത്തിൽ നിന്ന് പുറത്താക്കി. ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി നേരത്തെ തന്നെ പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നു, ചെയർപേഴ്‌സൺ വിനോദ് സോങ്കർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെന്റിന്റെ തലത്തിലുള്ള അന്വേഷണവും ശുപാർശ ചെയ്തു. മൊയ്‌ത്രയുടെ എം പി ലോഗിൻ പാസ് വേർഡ് മറ്റുള്ളവരുമായി പങ്കുവെച്ചതിനും ഒരു ബിസിനസുകാരനിൽ നിന്ന് ഉപഹാരങ്ങൾ സ്വീകരിച്ചതിനും സഭ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് സ്‌പീക്കർ പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത് പാർലമെന്റിന്റെ കറുത്ത ദിനമാണെന്ന് സി.പി.എം. ദേശീയ നേതൃത്വം. മൊയ്‌ത്രയ്‌ക്കെതിരായ നടപടി അമിതാധികാര പ്രയോഗമാണെന്ന് വിശേഷിപ്പിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി, ലോക്‌സഭയിലെ ബിജെപിയുടെ മൃഗീയ ഭൂരിപക്ഷത്തിന്റെ പ്രകടനമാണിതെന്ന് പറഞ്ഞു. ഇന്ന് പാർലമെന്റിന് കറുത്ത ദിനമാണെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. പരാതിക്കാരനായ ബിജെപി ലോക്‌സഭാംഗം നിഷികാന്ത് ദുബെയെ ക്രോസ് വിസ്താരം ചെയ്യാൻ മൊയ്‌ത്രയ്ക്ക് അവസരം നൽകിയിട്ടില്ലെന്ന് സുജൻ ചക്രവർത്തി പറഞ്ഞു.