Categories
kerala

ഇതെന്തൊരു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍…! രഞ്ജിത്ത് ഡോ.ബിജുവിനെതിരെ പറഞ്ഞത് വഷളത്തരം

കേരള സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതു സ്ഥാപനമായ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് പ്രമുഖ സംവിധായകനായ ഡോ.ബിജുവിനെക്കുറിച്ച് പറഞ്ഞ അധിക്ഷപങ്ങള്‍ സര്‍ക്കാരിനെക്കുറിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അവമതിപ്പിലേക്ക് നയിക്കുന്നു. ഇടതുപക്ഷവുമായി നന്നായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോ.ബിജു അധിക്ഷേപത്തില്‍ പ്രതിഷേധിച്ചാണെന്നു പറയുന്നു, കേരള സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഇന്ന് രാജിവെച്ചിരിക്കയാണ്. ഹോമിയോ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉന്നതോദ്യോഗസ്ഥനായ ആയ ബിജു തന്റെ രാജിക്കു പിന്നില്‍ തൊഴില്‍ പരമായ കാരണങ്ങള്‍ ആണെന്ന് പറയുന്നത് കൂടുതല്‍ വിവാദം ഒഴിവാക്കാന്‍ മാത്രമാണ്.

തിരുവനന്തപുരത്ത് നടന്നു വരുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ഡോ.ബിജുവിന്റെ അദൃശ്യജാലകങ്ങള്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സിനിമയ്ക്ക് ആരും കാണികളായി ഇല്ലെന്നും സ്വന്തം സ്ഥാനം എത്ര ചെറുതാണെന്ന് ഡോ.ബിജു സ്വയം ആലോചിക്കണമെന്നും തുടങ്ങി പല അധിക്ഷേപങ്ങളും അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് കഴിഞ്ഞ ദിവസം ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞത് ഇപ്പോള്‍ വന്‍ വിവാദമായിരിക്കയാണ്.
‘അദൃശ്യജാലകങ്ങള്‍’ ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ചതായിരുന്നു. മാത്രമല്ല, കഴിഞ്ഞ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള പാനലിലേക്ക് ഈ സിനിമയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ട്. സിനിമയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഡോ.ബിജു തന്റെ സിനിമ ചലച്ചിത്രോല്‍സവത്തില്‍ നല്‍കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്ന് പറയുന്നു.

thepoliticaleditor

ലോകത്തിലെ ചില ചലച്ചിത്രമേളകളില്‍ ഈ സിനിമ വളരെ ശ്രദ്ധിക്കപ്പെടുകയും നടീ നടന്‍മാര്‍ പ്രശംസിക്കപ്പെടുകയും ചെയ്തതോടെ ചലച്ചിത്രോല്‍സവത്തിലെ തിരഞ്ഞെടുപ്പു സമിതി ഡോ.ബിജുവിനെ അങ്ങോട്ട് ബന്ധപ്പെട്ട് സിനിമ തരണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.
എന്നാല്‍ ചലച്ചിത്രോല്‍സവം തുടങ്ങുന്നതിന്റെ മുന്നോടിയായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് ഡോ.ബിജുവിനെതിരെ അധിക്ഷേപകരമായ പ്രതികരണങ്ങള്‍ നടത്തുകയായിരുന്നു.
ഇതിനെതിരെ ഡോ.ബിജു തുറന്ന കത്തെഴുതി രഞ്ജിത്തിനോട് പ്രതികരിച്ചിരിക്കയാണ്.

ഭീമന്‍ രഘു

മുന്‍പു തന്നെ രഞ്ജിത്തിന്റെ നിലപാടുകളും അഹങ്കാരം നിറഞ്ഞ പെരുമാറ്റവും ചലച്ചിത്ര അക്കാദമി മേഖലയിലും ഇടതു രാഷ്ട്രീയ വേദികളിലും വലിയ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ഈയിടെ നടന്‍ ഭീമന്‍ രഘുവിനെ കുറിച്ച് രഞ്ജിത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ സകല സുജനമര്യാദയുടെയും ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പിന്നാലെയാണ് ഡോ.ബിജുവിനെ അപമാനിക്കുന്ന പരാമര്‍ശങ്ങളും വന്നിരിക്കുന്നത്.

ഡോ. ബിജു എഴുതിയ തുറന്ന കത്ത് :

കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകൻ ശ്രീ രഞ്ജിത്തിന് ഒരു തുറന്ന കത്ത്..
താങ്കൾ ഒരു മാധ്യമത്തിന് നൽകിയ വീഡിയോ ഇന്റർവ്യൂ ചില സുഹൃത്തുക്കൾ എന്റെ ശ്രദ്ധയിൽ പെടുത്തുക ഉണ്ടായി . അതിൽ താങ്കൾ എന്നെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങൾ കണ്ടു .
താങ്കൾ പറയുന്നത് ഇതാണ് .
ഡോ. ബിജു ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി . അദ്ദേഹത്തിന്റെ സിനിമ ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്തു . അതിനു തിയറ്ററിൽ ആളുകൾ കയറിയില്ല . അതെ സമയം മറ്റൊരു സംവിധായകന്റെ സിനിമ (പേര് പറയുന്നത് ശരിയല്ലാത്തതിനാൽ ഞാൻ പറയുന്നില്ല ) തിയറ്ററിൽ വന്നു അതിനു നല്ല ആൾ തിരക്ക് ആയിരുന്നു . ആ സിനിമയ്ക്ക് തിയറ്ററിൽ ആൾ വന്നു ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു . ഇനി അടുത്ത സംസ്ഥാന അവാർഡിൽ ചിലപ്പോൾ ആ സിനിമയ്ക്ക് അവാർഡുകളും കിട്ടും. അപ്പോൾ തിയറ്ററിൽ ആള് വരികയും അവാർഡുകൾ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു . ഇവിടെയാണ് ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടത് .
തിയറ്ററിൽ ആളുകൾ കയറാത്ത സിനിമ ഒക്കെ എടുക്കുന്ന ഡോക്ടർ ബിജുവിന് ഒക്കെ എന്താണ് റെലവൻസ് ഉള്ളത് .—ഇതാണ് താങ്കൾ പറഞ്ഞത് .


ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയിൽ സഹതാപം രേഖപ്പെടുത്തട്ടെ . തിയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല . കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും . തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല . ഒന്ന് രണ്ടു കാര്യം മാത്രം സൂചിപ്പിക്കാം . നെറ്റ്ഫ്ലിക്സ് ഉയർന്ന തുകയ്ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് ഈ സിനിമ . ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ധാരാളം ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന , വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കൾ ചെയർമാൻ ആയ മേള യിൽ താങ്കളുടെ സുഹൃത്തിനെ വെച്ച് സിനിമകൾ തിരഞ്ഞെടുത്തപ്പോൾ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ മത്സര വിഭാഗത്തിൽ ഇടം പിടിക്കുകയും ചെയ്തത് കൊണ്ട് മാത്രം ഫെസ്റ്റിവൽ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ എന്നോട് അനുമതി ചോദിച്ചു പ്രദർശിപ്പിക്കുകയും ചെയ്തതാണ് എന്റെ സിനിമ . അതിന്റെ ആദ്യ പ്രദർശനത്തിന് അഭൂത പൂർവമായ തിരക്കും ആയിരുന്നു ഐ എഫ് എഫ് കെ യിൽ . രണ്ടാമത്തെ പ്രദർശനം നാളെ നടക്കുമ്പോൾ അതും റിസർവേഷൻ ആദ്യത്തെ അഞ്ചു മിനിറ്റിൽ ഫുൾ ആയതുമാണ് . അതൊന്നും താങ്കൾ അറിഞ്ഞിട്ടുണ്ടാവില്ല . അത്തരത്തിൽ ഐ എഫ് എഫ് കെ യിൽ ഡെലിഗേറ്റുകൾ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താൻ താങ്കൾ ആളായിട്ടില്ല.
ഒരു കാര്യം ചോദിച്ചോട്ടെ , വിവിധ ലോക രാജ്യങ്ങളിൽ നിന്നായി ഈ മേളയിൽ പ്രദർശിപ്പിക്കുന്ന നിരവധി സിനിമകൾ ഉണ്ട് . ലോകത്തെ പ്രധാന ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകൾ ഇവിടെ മേളയിൽ കാണിക്കുന്നത് . അല്ലാതെ ആ സിനിമകൾ അവിടങ്ങളിൽ തിയറ്ററുകളിൽ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത് . അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങൾ ആണല്ലോ കേരളാ സർക്കാരിന്റെ ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നുണ്ട് .
കഴിഞ്ഞ മേളയിൽ ഡെലിഗേറ്റുകളെ പട്ടിയോടു ഉപമിച്ച താങ്കൾ ഇത്തവണ താങ്കൾ ചെയർമാനായ മേളയിൽ ഏറ്റവും പ്രെസ്റ്റീജിയസ് ആയ ഒരു വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംവിധായകനോട് പറയുകയാണ് , നിങ്ങളുടെ സിനിമ തിയറ്ററിൽ ആളെ കൂട്ടാത്തത് കൊണ്ട് നിങ്ങൾക്ക് എന്താണ് റെലവൻസ് എന്ന് .
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ താങ്കൾക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ .അതിങ്ങനെ ആയിരുന്നു എന്റെ റെലവൻസ് തീരുമാനിക്കുന്നത് മിസ്റ്റർ രഞ്ജിത്ത് അല്ല . കേരളത്തിനപ്പുറവും , ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല . താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി , സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാൻ താങ്കൾക്കു പേഴ്‌സണൽ മെസ്സേജ് അയച്ചത് . “മറു വാക്കുകൾക്ക് നന്ദി ” എന്നും പിന്നീട് “മതി നിർത്തിക്കോ ” എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കൾ മറുപടി ആയി നൽകിയത് .
മതി നിർത്തിക്കോ എന്ന ആജ്ഞ അനുസരിക്കാൻ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കൾക്ക് ഞാൻ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട് . താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വെച്ചാൽ മതി . എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പ് .
എന്റെ റെലവൻസ് എന്താണ് എന്ന് ഞാൻ ചിന്തിക്കണം എന്നാണല്ലോ താങ്കൾ ആവശ്യപ്പെടുന്നത് . ചിന്തിച്ചു . ഏറ്റവും ഒടുവിലായി കിട്ടിയ വലിയ അന്താരാഷ്‌ട്ര പുരസ്കാരം നൽകിയത് നൂറി ബിൽഗേ സെയ്ലാൻ എന്ന സംവിധായകൻ ചെയർമാൻ ആയ ഒരു ജൂറി ആയിരുന്നു . ആ സംവിധായകൻ ആരാണെന്നു താങ്കൾ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുമല്ലോ . തിയറ്ററിൽ ആളെ കൂട്ടുന്ന സംവിധായകൻ അല്ലാത്തത് കൊണ്ട് താങ്കൾക്ക് അദ്ദേഹത്തിന്റെ റെലവൻസും അറിയില്ലായിരിക്കാം . ഏതായാലും എനിക്ക് താങ്കൾ ഒരു ഉപദേശം നല്കിയല്ലോ , തിരിച്ചു ഞാൻ താങ്കൾക്കും ഒരു ഉപദേശം നൽകിക്കോട്ടെ ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ .


സ്നേഹപൂർവ്വം,

തിയറ്ററിൽ ആളെക്കൂട്ടാൻ വേണ്ടി മാത്രം സിനിമ എടുക്കാൻ യാതൊരു ഉദ്ദേശവും പണ്ടും ഇപ്പോഴും ഇനിയും ഇല്ലാത്ത ഒരു ചലച്ചിത്ര സംവിധായകൻ.

ബിജുവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇടതു പക്ഷ ചലച്ചിത്ര പ്രവർത്തകർ

ബിജുവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇടതു പക്ഷത്തുള്ള ചലച്ചിത്ര പ്രവർത്തകർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ സെക്രട്ടറിയും പ്രമുഖ ഇടതുപക്ഷക്കാരനുമായ വി.കെ.ജോസഫ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് രഞ്ജിത്തിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ്.

ജോസഫ് എഴുതിയത് ഇങ്ങനെ:

“തിയേറ്ററിൽ ഓടി പണം വാരിയ സിനിമകളൊന്നും കാലത്തെ അതിജീവിച്ചിട്ടില്ല. ഇന്ന് നമ്മൾ ചരിത്രത്തിൽ നിന്ന് കണ്ടെടുക്കുന്ന സിനിമകളുടെ കൂട്ടത്തിൽ അത്തരം സിനിമകൾ അപൂർവ്വത്തിൽ അപൂർവ്വമായിരിക്കും.
ലോകത്തെ ചലച്ചിത്ര ക്ലാസിക്കുകളൊന്നും
തിയേറ്ററിൽ ഓടിയ കണക്ക് നോക്കിയല്ല
ചരിത്രത്തിലേക്ക് നടന്നു കയറിയത്.”

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick