കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിയമനക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വിസി പുനര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാൽ വിസിയുടെ പുനര്‍നിയമനം സുപ്രീംകോടതി അസാധുവാക്കിയത് സംസ്ഥാന ഭരണാധികാരികള്‍ക്കുള്ള കനത്ത തിരിച്ചടിയായെങ്കിലും രണ്ടു കാര്യങ്ങളില്‍ കേരള ഹൈക്കോടതി സ്വീകരിച്ച നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.
വിസിയുടെ പുനർ നിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വി സി പുനർനിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്. 60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. സർവ്വകലാശാല ചാൻസലർ എന്ന രീതിയിലാണ് ഗവർണർ ഈ നിയമനം നടത്തേണ്ടത്.
വൈസ് ചാന്‍സലറെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും ഇത്തരം നിയമനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. നാലു വിഷയങ്ങളാണ് കേസില്‍ പരിഗണിച്ചതെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ഗവർണർക്ക് തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന് വഴങ്ങിയതിലൂടെ ഗവര്‍ണര്‍ അധികാരം ദുർവിനിയോഗം നടത്തിയെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കേരള ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തെ ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.