ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, കേന്ദ്ര സഹമന്ത്രി ജനറൽ (റിട്ട) വികെ സിങ്ങിനൊപ്പം രക്ഷപ്പെടുത്തിയ തൊഴിലാളികളെ കണ്ടു.
17 ദിവസത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് സിൽക്യാര തുരങ്കത്തിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ പൈപ്പ് സ്ഥാപിക്കൽ ഇന്ന് രാവിലെ പൂർത്തിയാക്കിയത്. ഖനിത്തൊഴിലാളികളാണ് അവസാന 12 മീറ്ററും കുഴിച്ച് കുടുങ്ങിയ മനുഷ്യരുടെ അടുത്തെത്തിയത്.
രാത്രി 8 മണിയോടെ ആദ്യത്തെ തൊഴിലാളിയെ പുറത്തെടുത്ത് ആംബുലൻസിൽ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. രക്ഷപ്പെടുത്തിയ തൊഴിലാളികൾക്കായി സിൽക്യാരയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ചിന്യാലിസൗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 41 ഓക്‌സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകളുള്ള ഒരു പ്രത്യേക വാർഡ് ദിവസങ്ങൾക്ക് മുമ്പ് തയ്യാറാക്കിയിരുന്നു.