വിവിപാറ്റ്- വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപിഎടി)- ഉപയോഗിച്ച് ഇവിഎം വോട്ടുകളുടെ പൂർണമായ ക്രോസ് വെരിഫിക്കേഷൻ ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജി സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയാൻ മാറ്റി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രതികരണം കേട്ട ശേഷം വിധി പറയാൻ മാറ്റിയത്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ എന്നിവർ ഹാജരായി.
വിവിപാറ്റ് മെഷീനുകളിലെ സുതാര്യമായ ഗ്ലാസ് മാറ്റി ഏഴ് സെക്കൻഡ് നേരം ലൈറ്റ് ഓണായിരിക്കുമ്പോൾ മാത്രം വോട്ടർക്ക് സ്ലിപ്പ് കാണാൻ കഴിയുന്ന തരത്തിൽ കാഴ്ച പരിമിതപ്പെടുത്തുന്ന അതാര്യമായ ഗ്ലാസ് ഘടിപ്പിക്കാനുള്ള 2017 ലെ തിരഞ്ഞെടുപ്പ് പാനലിൻ്റെ തീരുമാനം റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
