നിയമ സഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ വൈകീട്ട് 5 മണി വരെ 71.11% പോളിംഗ് രേഖപ്പെടുത്തി. ഛത്തീസ്ഗഢിൽ 67.34% വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് മണിവരെയുള്ള താൽക്കാലിക വോട്ടിംഗ് ശതമാനം 67 ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉൾപ്രദേശങ്ങളിലേത് ഉൾപ്പെടെ എല്ലാ പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള റിപ്പോർട്ട് ലഭിക്കുമ്പോൾ വോട്ടിംഗ് ശതമാനം ഉയരാൻ സാധ്യതയുണ്ട്.
മധ്യപ്രദേശ് നിയമസഭയിൽ 230 സീറ്റുകളിലേക്ക് ഒറ്റത്തവണ ആയിട്ടാണ് വോട്ടെടുപ്പ് നടന്നത്. ഛത്തീസ്ഗഡിൽ 70 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള രണ്ടാമത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പാണ് നടന്നത്. ഛത്തീസ്ഗഡിലെ 90 നിയമസഭാ മണ്ഡലങ്ങളിൽ 70 മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. നവംബർ 7നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 3ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ (ഐടിബിപി) ഒരു ജവാൻ കൊല്ലപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ ജോഗീന്ദർ സിംഗ് ആണ് കൊല്ലപ്പെട്ടത്.
ബഡേ ഗോബ്ര ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഒരു പോളിംഗ് ഉദ്യോഗസ്ഥ സംഘം വോട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.