Categories
kerala

പാലസ്തീന്‍ ഐക്യദാര്‍ഢ്യം: ദേശീയ നേതൃത്വം വഴികാട്ടിയിട്ടും കേരളത്തിലെ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിൽ

പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വവിരുദ്ധമായ കൂട്ടക്കൊലയിലും അധിനിവേശത്തിലും ശക്തമായി പ്രതികരിക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ കടുത്ത ആശയക്കുഴപ്പം. ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം ഉയര്‍ന്നതിനു തൊട്ടു പിറകെ തന്നെ രാഹുല്‍ഗാന്ധിയുടെ പ്രതികരണം ഉണ്ടായി. കോണ്‍ഗ്രസ് എങ്ങിനെയാണ് പാലസ്തീനെ ചേര്‍ത്തുപിടിച്ചതെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് രാഹുല്‍ മോദി സര്‍ക്കാരിന്റെ ഇസ്രായേല്‍ വിധേത്വത്തെ വിമര്‍ശിച്ചു, ന്യൂനപക്ഷങ്ങളുടെ ഉല്‍കണ്ഠ പങ്കുവെച്ചു.

ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാകട്ടെ കൂട്ടക്കൊലയെ അപലപിക്കുകയും ഇസ്രായേല്‍ പക്ഷത്ത് നില്‍ക്കുന്ന ലോകരാജ്യങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. വിശാല ഹിന്ദു ബെല്‍റ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നതിന്റെ തൊട്ടു തലേദിവസങ്ങളിലായിരുന്നിട്ടു പോലും പ്രിയങ്കാ ഗാന്ധി മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സ്വരം ഉയര്‍ത്തിയത് ബിജെപിയുടെ ഹമാസ് വിരുദ്ധ പ്രചാരണങ്ങളെ പരിഗണിക്കാതെയാണ്.

thepoliticaleditor

കോണ്‍ഗ്രസിന്റെ പരമോന്നത നേതാവായ സോണിയാ ഗാന്ധി ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പാലസ്തീന്‍ ജനതയ്ക്കു വേണ്ടി ശക്തമായ പ്രതികരണമാണ് നടത്തിയത്. ലോക മാധ്യമങ്ങള്‍ പലതും ഇത് ഉദ്ധരിച്ച് വാര്‍ത്ത നല്‍കി. പക്ഷേ കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ പാര്‍ടിയായ മുസ്ലീംലീഗുമായി മുന്നണിയായ കോണ്‍ഗ്രസ് പാലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടും പരസ്യമായ കാമ്പയിനുമായി വരാന്‍ തയ്യാറാവാത്ത രീതിയില്‍ ആശയക്കുഴപ്പത്തിലാണ്.

കോണ്‍ഗ്രസിനകത്തുള്ള മുസ്ലീങ്ങളായ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പാര്‍ടിയുടെ രീതിയെ ചൊല്ലി വലിയ വീര്‍പ്പുമുട്ടലുണ്ട്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരിലൊരാളും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മുഖവുമായ ആര്യാടന്‍ ഷൗക്കത്ത് സ്വന്തമായി നേതൃത്വം നല്‍കി ഒരു പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയത് വന്‍ വിവാദത്തിലായിരിക്കുന്നു. ജമാ അത്തെ ഇസ്ലാമി മലപ്പുറത്തും മുസ്ലീംലീഗ് കോഴിക്കോട്ടും പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ നടത്തിയതോടെയാണ് ഷൗക്കത്ത് പാര്‍ടി തീരുമാനമില്ലാതെ തന്നെ പ്രതികരണത്തിനിറങ്ങിയത്. ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകുകയാണ് പാര്‍ടി നേതൃത്വം ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അച്ചടക്കനടപടിക്കപ്പുറം ഷൗക്കത്ത് ഉയര്‍ത്തിയ വിഷയം കോണ്‍ഗ്രസിനകത്തെ ന്യൂനപക്ഷ വിഭാഗത്തിന്റെ വികാരമായി കാണാന്‍ നേതൃത്വം തയ്യാറാകുമോ എന്നാണ് കാര്യം.

മുസ്ലീം ലീഗിനകത്തും കോണ്‍ഗ്രസിന്റെ ഈ അഴകൊഴമ്പന്‍ നിലപാടിനെതിരെ ശക്തമായ വികാരമുണ്ട്. മുസ്ലീം ലീഗിന്റെ കോഴിക്കോട്ടെ റാലിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ നടത്തിയ പ്രസംഗവും വിവാദത്തിലായി. ഹമാസിനെ ഭീകരര്‍ എന്ന് തരൂര്‍ ലീഗ് വേദിയില്‍ വിശേഷിപ്പിച്ചത് മുസ്ലീം ലീഗിന്റെ നിലപാടിന് വിരുദ്ധമായാണ്. എന്നു മാത്രമല്ല കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കാതിരുന്ന നിലപാടുമാണ് തരൂര്‍ പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വം പാലസ്തീന്‍ വിഷയത്തില്‍ സുവ്യക്തമായ പ്രതികരണം നടത്തിയിട്ടും അത് പിന്‍പറ്റി കേരളത്തില്‍ പരസ്യമായി നീങ്ങാനും പരിപാടി സംഘടിപ്പിക്കാനും കേരളത്തിലെ നേതൃത്വം മടിക്കുന്നു എന്ന തോന്നല്‍ ഇതിനകം ഉണ്ടായിട്ടുണ്ട്.

ഈ സാഹചര്യം മുതലെടുക്കാന്‍ സി.പി.എം. വളരെ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതും ശ്രദ്ധേയമാണ്. സി.പി.എം. പാലസ്തീന്‍ വിഷയത്തില്‍ കേരളത്തിലും ഡല്‍ഹിയിലും ഐക്യദാര്‍ഢ്യപരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. മുസ്ലീങ്ങള്‍ കൂടുതലുള്ള മലബാര്‍ മേഖലയില്‍ വീണ്ടും ശക്തമായ ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും മുസ്ലീംലീഗിനെ തന്ത്രപരമായി ഈ സദസ്സിലേക്ക് ക്ഷണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പു കൂട്ടിയെന്ന് ലോകത്തിനാകെ വ്യക്തമായപ്പോഴാണ് ലീഗ് സമര്‍ഥമായി ആ സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ടു തന്നെ തങ്ങള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ സിപിഎം ക്ഷണം സ്വീകരിക്കില്ലെന്ന് പ്രതികരിച്ചത്. പറഞ്ഞ ആ സാങ്കേതികത യു.ഡി.എഫ്. എന്ന മുന്നണിയിലെ ബന്ധം ആണെന്ന് കോണ്‍ഗ്രസിന് മനസ്സിലാകുവിധം വ്യക്തമായിരുന്നു. ലീഗിന്റെ നിരാസം കോണ്‍ഗ്രസിനെ തല്‍കാലം രക്ഷിച്ചെങ്കിലും ആര്യാടന്‍ ഷൗക്കത്ത് ഉയര്‍ത്തിയ മനോഭാവം ഉള്ള വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ പാര്‍ടിയിലുണ്ടെന്നത് മറക്കാന്‍ പാടില്ലാത്ത കാര്യമാണ്. പാര്‍ടി പരിഗണനയ്ക്കപ്പുറത്ത് വോട്ട് കാന്‍വാസ് ചെയ്യാന്‍ ഇടതു പക്ഷം നടത്തുന്ന നീക്കങ്ങളിലേക്ക് ചായാന്‍ കേരളത്തിലെ മുസ്ലീം ന്യൂനപക്ഷങ്ങളില്‍ പരമ്പരാഗത യു.ഡി.,എഫ്. പക്ഷപാതിത്വമുള്ളവരില്‍ കുറേ പേര്‍ തയ്യാറായാല്‍ അത് മുന്നണി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് സമ്മാനിക്കുക.

കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ നേരത്തെ തന്നെ ആര്‍.എസ്.എസ്. മൃദു മനോഭാവം ആരോപിക്കപ്പെട്ട നേതാവാണ്. രമേശ് ചെന്നിത്തലയെക്കുറിച്ചും സിപിഎം ഇതേ ആരോപണം നേരത്തെ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാത്ത പാര്‍ടി എന്ന പ്രതിച്ഛായയിലൂടെ കൊണ്ടു പോയി ഇടതുപക്ഷത്തേക്ക് മുസ്ലീം ജനവിഭാഗത്തെ കൂടുതല്‍ അടുപ്പിക്കുക എന്ന തന്ത്രം സി.പി.എം. നടപ്പാക്കുമ്പോള്‍ വേലിപ്പുറത്തിരുന്ന് കളി കാണുന്ന കോണ്‍ഗ്രസിനെതിരെ മുസ്ലീംലീഗിലും അമര്‍ഷം പുകയുന്നുണ്ട്.

ദേശീയ നേതൃത്വം കാണിച്ചു കൊടുത്ത വഴി പോലും സ്പഷ്ടമായി പിന്തുടരാത്ത നിലപാടില്ലാത്ത സമീപനം കേരളത്തില്‍ കോണ്‍ഗ്രസ് പിന്തുടരുന്നത് ഇടതു പക്ഷത്തിന് നല്ല അവസരമായി മാറുകയും ചെയ്യുന്നു. പാലസ്തീന്‍ കേരളത്തില്‍ എല്ലാ മുന്നണികള്‍ക്കും സുപ്രധാനമായ രാഷ്ട്രീയ വിഷയം ആയി മാറുന്ന രസകരമായ കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമായി വരുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick