പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജില്‍ അധ്യാപകനായിരുന്നു.
2007ൽ കേന്ദ്രസർക്കാരിന്റെ വൃക്ഷമിത്ര പുരസ്കാരം ടി. ശോഭീന്ദ്രനെ തേടിയെത്തി. ഗുരുവായൂരപ്പൻ കോളജ് അധ്യാപകനായിരുന്ന ശോഭീന്ദ്രൻ വിദ്യാർഥികൾക്കിടയിൽ ഐക്യം വളർത്താനായി കണ്ടെത്തിയ വഴിയും പ്രകൃതിസ്‌നേഹത്തിന്റേതായിരുന്നു.

ക്യാമ്പസ് റിസർച്ച് സെന്റർ സ്‌ഥാപിച്ച് അദ്ദേഹം വിദ്യാർഥികളെ പരിസ്ഥിതിയെയും അത് വഴി സ്നേഹ സൗഹാർദ്ദങ്ങളും വളർത്താൻ ശ്രമിച്ചു. പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരം ഇടപെട്ടു. സ്വന്തം വസ്ത്രം കൊണ്ടും ഈ അധ്യാപകൻ ഒരു “പച്ച മനുഷ്യ”നായി. വസ്ത്രം തന്നെയും ഒരു സന്ദേശം പോലെ അദ്ദേഹം കൊണ്ടുനടന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.