Categories
kerala

ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ വാക് തര്‍ക്കങ്ങള്‍…

സംസ്ഥാന നേതാവായ എം.സ്വരാജിന്റെയും കേന്ദ്രകമ്മിറ്റി അംഗമായ കെ.കെ.ശൈലജയുടെയും ഫേസ്ബുക്ക് കുറിപ്പുകള്‍ എടുത്ത് രണ്ട് പക്ഷമായി തിരിഞ്ഞുള്ള ആശയത്തര്‍ക്കമാണ് നടക്കുന്നത്

Spread the love

ഹമാസ് ‘ഭീകരസംഘടന’യാണെന്ന് ബിജെപി പറയുമ്പോള്‍ സി.പി.എം.നേതാക്കള്‍ ഹമാസ് ഭീകരരാണോ അല്ലയോ എന്ന വിഷയത്തില്‍ പല നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുള്ള ആശയക്കുഴപ്പം, വ്യക്തതയില്ലായ്മ തുടരുന്നു.

പല ഇടതു-സി.പി.എം. ഗ്രൂപ്പുകളിലും വലിയ വാഗ്വാദങ്ങളാണ് ഇതു സംബന്ധിച്ച് ദിവസങ്ങളായി നടന്നു വരുന്നത്. സംസ്ഥാന നേതാവായ എം.സ്വരാജിന്റെയും കേന്ദ്രകമ്മിറ്റി അംഗമായ കെ.കെ.ശൈലജയുടെയും ഫേസ്ബുക്ക് കുറിപ്പുകള്‍ എടുത്ത് രണ്ട് പക്ഷമായി തിരിഞ്ഞുള്ള ആശയത്തര്‍ക്കമാണ് നടക്കുന്നത്.

thepoliticaleditor

കേരളത്തിലെ പരമോന്നത സി.പി.എം.നേതാക്കള്‍ ആരും തന്നെ അന്തിമമായ വ്യക്തത ഇക്കാര്യത്തില്‍ പരസ്യമായി പ്രഖ്യാപിക്കാത്തത് അണികളെയും ആശയവ്യക്തതയില്ലാത്തവരാക്കിയിട്ടുണ്ട്.

പാര്‍ടിയുടെ പ്രസ്താവന മാത്രമാണ് അവര്‍ക്ക് ആശ്രയം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നടത്തിയ പാലസ്തീന്‍ അനുകൂല പ്രതികരണം കേരളത്തിലെ പ്രവര്‍ത്തകര്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ഹമാസിനെ ഭീകരര്‍ ആയി പരാമര്‍ശിച്ച് കെ.കെ.ശൈലജയുടെതായി വന്ന ഫേസ്ബുക്ക് കുറിപ്പാണ് വിവാദത്തിന് തുടക്കമിട്ടത്. ഹമാസിനെ ഐക്യരാഷ്ട്ര സംഘടനയോ ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളോ പ്രത്യേകിച്ച് ചൈനയോ, റഷ്യയോ, അമേരിക്കയോ എന്തിന് ഇന്ത്യയിലെ സി.പി.എം.കേന്ദ്രനേതൃത്വമോ ഒന്നും ഭീകര സംഘടന എന്ന് പരാമര്‍ശിക്കാത്ത സാഹചര്യത്തില്‍ കേന്ദ്രക്കമ്മിറ്റി അംഗമായ ശൈലജട്ടീച്ചറുടെ പരാമര്‍ശം വലിയ വാര്‍ത്തയായി. ഈ പക്ഷത്താണോ നില്‍ക്കേണ്ടതെന്ന അവ്യക്തതയില്‍ പാര്‍ടി അണികള്‍ നില്‍ക്കുമ്പോഴാണ് അവരുടെ വിശദീകരണം കൂടി ഫേസ്ബുക്കില്‍ വരുന്നത്.

ആദ്യ കുറിപ്പില്‍ ഹമാസിനെ മാത്രം കുറ്റപ്പെടുത്തുമ്പോള്‍ രണ്ടാംകുറിപ്പില്‍ ഇസ്രായേലിന്റെ ക്രൂരതകളെയും പറ്റി പറയുന്നു. എന്നാല്‍ ഹമാസ് ഭീകരര്‍ എന്ന പ്രയോഗം തിരുത്താന്‍ ശൈലജ തയ്യാറായില്ല എന്നത് വീണ്ടും ചര്‍ച്ചാവിഷയമായി.

അപ്പോഴാണ് , പൊടുന്നനെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എം.സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വരുന്നത്. അതില്‍ പാലസ്തീന്‍ വിമോചനപോരാളിയെന്ന നിലയിലുള്ള ലേബലാണ് ഹമാസിന് നല്‍കിയിരിക്കുന്നത്. ഇതോടെ സി.പി.എം.അണികള്‍ രണ്ടുതട്ടിലായിരിക്കുന്നു. ചേരി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ വിവിധ വാട്‌സ് ആപ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമ വീഡിയോകളിലും കുറിപ്പുകളിലും പ്രകടമാണ്.

ശൈലജയുടെയും സ്വരാജിന്റെയും കുറിപ്പുകള്‍ ചുവടെ കൊടുക്കുന്നു. ഇവ വായിച്ചാല്‍ വ്യത്യസ്തമായ ചിന്തകളുടെ അന്തര്‍ധാര വ്യക്തമാകും.

ശൈലജയുടെ ആദ്യ കുറിപ്പ് :

അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും
അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ
അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം
കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ
ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത
അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള
ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും
അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളു
മാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.
മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ
യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി
നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി
ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.

ശൈലജയുടെ വിശദീകരണ കുറിപ്പ് :

ഇസ്രയേൽ_പലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ പല രീതിയിൽ ചർച്ച
ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ പലസ്തീൻ
ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ
ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തിക
ളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്.ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന
ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ യുദ്ധതടവുകാരോടും സാധാരണ
ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതി
യിരുന്നു.

പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ
ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു.
യുദ്ധങ്ങൾ നിരപരാധികളായ
മനുഷ്യരെയാണ് വേട്ടയാടുന്നത്.ഇസ്രയേൽ ഇപ്പോൾ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ
ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ
വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി
വരിക.ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും
നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും
അനാഥരാകുന്ന കുട്ടികളുമായിരിക്കും.

എം.സ്വരാജിന്റെ കുറിപ്പ്:

(പ്രശസ്തനായ എഴുത്തുകാരൻ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’
എന്ന നോവലിലെ ഒരു ഭാഗം എടുത്തെഴുതിയാണ് സ്വരാജിന്റെ കുറിപ്പ് തുടങ്ങുന്നത്)

അവൻ
എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും
അവൻ നിരപരാധിയാണ്…

  • * * * * * * * * * * * * * *
    സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂറിലെ ഗോത്രവർഗ്ഗത്തിലെ നായാടി സമുദായത്തിൽപെട്ട ധർമപാലനോട് ഓഫീസർമാരിലൊരാൾ ചോദിക്കുന്നു :
    ” …. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്ത് തീരുമാനമാണ് എടുക്കുക ?. “
    ഇന്റർവ്യൂ ബോർഡിലെ ഓഫീസറുടെ ചോദ്യത്തിന് ഉറച്ച ശബ്ദത്തിൽ ധർമപാലൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു :
    ” സർ ,
    ന്യായം എന്നു വെച്ചാൽ എന്താണ് ?.
    വെറും നിയമങ്ങളും സമ്പ്രദായങ്ങളും ആണോ ന്യായത്തെ തീരുമാനിക്കേണ്ടത്? . ന്യായം എന്നു പറഞ്ഞാൽ അതിൻറെ കാതലായി ഒരു ധർമ്മം ഉണ്ടായിരിക്കണം. ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്. “
    ധർമപാലന്റെ മറുപടി കേട്ടുകഴിഞ്ഞപ്പോൾ ഒരു തുടർ ചോദ്യം കൂടി ഓഫീസർ ധർമപാലനു നേരെ ഉയർത്തുന്നു.
    ” അത് കൊലപാതകമാണെങ്കിലോ ?
    മിസ്റ്റർ ധർമപാലൻ, കൊലപാതകമാണെങ്കിൽ നിങ്ങൾ എന്തു പറയും ?”
    യാതൊരു സംശയവും ആശയക്കുഴപ്പവുമില്ലാതെ ധർമപാലന്റെ മറുപടിയിങ്ങനെ:
    ” സാർ , കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി …
    അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത് ” .
    പ്രശസ്തനായ എഴുത്തുകാരൻ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’
    എന്ന നോവലിലെ ഒരു ഭാഗമാണ് മുകളിൽ പരാമർശിച്ചത്.

    എന്തുതന്നെ ചെയ്താലും, അത് കൊലപാതകമായാൽ പോലും ഒരു നായാടി നിരപരാധിയാകുന്നത് എങ്ങനെയാണന്ന് എല്ലാവർക്കും എളുപ്പത്തിൽ മനസിലായിക്കൊള്ളണമെന്നില്ല. സാമ്പ്രദായികവും പരമ്പരാഗതവുമായ നീതിബോധത്തിന്റെ ഗോപുരങ്ങൾക്കകത്ത് പാർക്കുന്ന ‘നീതിമാന്മാർക്ക് ‘ ഇതൊട്ടും മനസിലാവുകയുമില്ല.
    അതു മനസിലാകണമെങ്കിൽ ആരാണ് നായാടി എന്നറിയണം. അവരോട് കാലവും ലോകവും ചെയ്തതെന്താണെന്ന് അറിയണം.
    ജയമോഹന്റെ നോവലിൽ , സിവിൽ സർവീസ് ഇന്റർവ്യൂവിനിടയിൽ നായാടികളെപ്പറ്റിയുള്ള ചോദ്യത്തിന് ധർമപാലൻ വിശദമായി മറുപടി പറയുന്നുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിലെ പ്രസ്തുത ഭാഗം ധർമപാലന് മന:പാഠമായിരുന്നു
    അത് ഇങ്ങനെയാണ് :
    “നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകൽ വെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. ഇവരെ നേർക്കുനേർ കണ്ടാൽ ഉടൻ തന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നി കളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവർ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവർക്ക് തവിട്, എച്ചിൽ, ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവ ചിലർ വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവർ കൈയിൽ കിട്ടുന്ന എന്തും തിന്നും, പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ – എല്ലാം ചുട്ടു തിന്നും . മിക്കവാറും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പച്ചയായിത്തന്നെ കഴിക്കും. പൊതുവേ ഇവർ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവർക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയിൽ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവർക്ക് സ്ഥിരമായ പാർപ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാൻ കഴിയുകയുമില്ല. തിരുവിതാംകൂറിൽ ഇവർ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാൻ കഴിയില്ല. ഇവരെക്കൊണ്ട് സർക്കാരിന് യാതൊരു വരുമാനവും ഇല്ല. “
    ഇങ്ങനെയാണ് നോവലിൽ നായാടികളെപ്പറ്റി വിശദീകരിക്കുന്നത്.
    ഇങ്ങനെ ഒരു വിഭാഗത്തെ സങ്കൽപ്പിക്കാനാവുന്നുണ്ടോ ?
    നീതിയെന്ന വാക്കിന്റെ പ്രകാശവർഷങ്ങൾക്ക് അകലെ നിർത്തിയിരിക്കുന്ന ഈ മനുഷ്യരോട് ഏത് നീതിയെക്കുറിച്ചാണ് നാം സംസാരിക്കുന്നത് ?
    ഇത്രയും പറഞ്ഞത് ഇസ്രായേൽ – പലസ്തീൻ യുദ്ധത്തെക്കുറിച്ചാണ്.
    വിശദീകരിക്കാനും നിലപാടു പറയാനും കഷ്ടപ്പെടുന്നവരുണ്ട്. ഇതിനിടയിൽ ചില സമദൂരക്കാരുമുണ്ട് !
    ഹമാസ് 5000 റോക്കറ്റ് അയച്ചത് തെറ്റായിപ്പോയന്ന് ആവർത്തിക്കുന്ന ‘സമാധാനവാദികൾ ‘…
    ഇപ്പോൾ സംഘർഷം തുടങ്ങി വെച്ചത് പലസ്തീനാണെന്ന് രോഷം കൊള്ളുന്നവർ…
    അത് ഇസ്രായേലിന് തിരിച്ചടിക്കാൻ അവസരമായെന്ന് വിലപിക്കുന്നവർ …
    തങ്ങൾ നിഷ്പക്ഷരാണ്, യുദ്ധത്തിനെതിരാണ് , ഇസ്രായേലും പലസ്തീനും യുദ്ധം അവസാനിപ്പിക്കണം എന്ന് ഉപന്യാസമെഴുതുന്നവർ…
    ഉറപ്പിച്ചു പറയുന്നു,
    ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞു.
    പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്.
    അതെ, അതെന്തു തന്നെയായാലും …
    ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോരവീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിർക്കുകയും ചെയ്യും.
    എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.
    പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്.
    കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോൾ നിശബ്ദരായിരുന്നവരാണ്.
    അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളർന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാൻ അറച്ചുനിന്ന മനുഷ്യ സ്നേഹികളിൽ നിന്നും ആരും നീതി പ്രതീക്ഷിക്കുന്നില്ല.
    ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണ്…
    മുക്കാൽ നൂറ്റാണ്ടായി
    കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ.
    സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ.
    സഹോദരങ്ങളായ പതിനായിരങ്ങൾ കണ്മുന്നിൽ കൊല്ലപ്പെടുന്നത് ശ്വാസമടക്കി കണ്ടു നിൽക്കേണ്ടി വന്നവർ…
    സ്വന്തം രാജ്യവും തെരുവുകളും വീടും സഹോദരങ്ങളും നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരാണവർ.
    ലോക ഭൂപടത്തിൽ ഒരു പിടി മണ്ണു വാരിവിതറിയതുപോലെ ചില ചെറിയ കുത്തുകൾ മാത്രമാണിന്നു പലസ്തീൻ .
    ആ ചെറുതരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ പലസ്തീനിയെയും കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളർന്നു നിൽക്കുമ്പോൾ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനു മുമ്പ് ഒടുവിലായവർ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികൾ തന്നെ..

കെ.കെ.ശൈലജയുടെ പരാമര്‍ശം സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടുമായി ചേര്‍ന്നു പോകുന്നതല്ല എന്ന വിമര്‍ശനം ശക്തമായി വരുന്നതിനിടെയാണ് ഒരു ദിവസം കഴിഞ്ഞ് വിശദീകരണം വരുന്നത്. ഇതിന് സമൂഹമാധ്യമത്തില്‍ വലിയ പ്രചാരമാണ് ലഭിച്ചത്. എന്നാല്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചതിനെപ്പറ്റി പാര്‍ടി നേതൃത്വം എതിര്‍വിശദീകരണമൊന്നും നല്‍കിയിട്ടുമില്ല.
സ്വരാജിന്റ കുറിപ്പിന്റെ തലക്കെട്ടു തന്നെ ചര്‍ച്ചയായി. ഇടതു ഗ്രൂപ്പുകളും വ്യക്തികളും ശൈലജയുടെ പരാമര്‍ശത്തിന് അനുകൂലമായും സ്വരാജിനെ തള്ളിയും നേരെ തിരിച്ച് സ്വരാജിന്റെതാണ് സിപിഎം നിലപാട് എന്ന് പിന്തുണച്ചും വലിയ ചര്‍ച്ചകളാണ് ഇപ്പോഴും നടത്തിവരുന്നത്.

അതേസമയം ഇരുവരെയും പൂര്‍ണമായി പിന്തുണയ്ക്കാതെയും വാദങ്ങളുയരുന്നുണ്ട്. ഹമാസിന്റെ ആക്രമണത്തിന്റെ ക്രൂരതകള്‍ക്കപ്പുറത്ത് വലിയ ക്രൂരതയ്ക്കിരയായി വരുന്നവരാണ് പാലസ്തീനികള്‍ എന്നും ഏക പക്ഷീയമായി ഇസ്രായേല്‍ അനുകമ്പയില്‍ കാര്യമില്ലെന്നും ഹമാസിനപ്പുറം പാലസ്തീനിന്റെ സ്വാതന്ത്ര, അഭിമാന പോരാട്ടത്തെ പിന്തുണയ്ക്കാതെ പോകരുതെന്നുമുള്ള അഭിപ്രായവും സി.പി.എമ്മില്‍ പ്രബലമാണെന്ന് സമൂഹമാധ്യമചര്‍ച്ചകളിലൂടെ തെളിയുന്നുണ്ട്. ഭൂരിപക്ഷാഭിപ്രായം ഇതാണെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ശൈലജട്ടീച്ചറുടെ നിലപാട് വര്‍ഗീയ സ്വഭാവമുള്ളതെന്ന് വ്യാഖ്യാനിക്കുന്ന ചിലരുടെ സമീപനത്തെ എതിര്‍ത്ത് ഹമാസിനെ അപലപിക്കണമെന്നും യഹൂദരെ പിന്തുണയ്ക്കണമെന്നും എന്നാല്‍ ഇസ്രായേലിന്റെ സയണിസത്തെ അനുകൂലിക്കുന്നില്ലെന്നുമുള്ള വാദവും ഉയരുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ പലര്‍ പറയുന്നതിലെ വൈരുദ്ധ്യം പാര്‍ടി അണികളില്‍ ഉണ്ടാക്കിയ അങ്കലാപ്പ് നിലനില്‍ക്കുകയാണ്. ഹമാസ് ആക്രമണത്തെ തള്ളിപ്പറയണമെന്നും എന്നാല്‍ പാലസ്തീനിന്റെ വികാരത്തിനൊപ്പം ഇസ്രായേലിനെതിരെ നില്‍ക്കണമെന്നുമുള്ള വികാരമാണ് ശക്തം.

ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പാലസ്തീനികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വാര്‍ത്തയായി. കേരളത്തിലെ നേതാവ് രമേശ് ചെന്നിത്തലയാണ് ആ ദിവസം നടന്നിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഈ പ്രമേയം അവതരിപ്പിച്ചതും അംഗീകരിപ്പിച്ചതും.

പാലസ്തീന്‍ രാജ്യത്തിന്റെ ഭാഗമായി ഇന്ന് നിലവിലുള്ള വെസ്റ്റ് ബാങ്ക്, ഗാസ എന്നിവയില്‍ ഗാസയില്‍ ഭരണം പിടിച്ചെടുത്ത് നടത്തുന്ന തീവ്രവാദി പ്രസ്ഥാനമാണ് ഹമാസ്. പാലസ്തീന്‍ ഭരണാധികാരികളെ നിരാകരിച്ചാണ് ഹമാസ് ഗാസ് നിയന്ത്രിക്കുന്നത്. ദശാബ്ദങ്ങള്‍ക്കു മുമ്പേ സ്വതന്ത്ര പാലസ്തീന്‍ രൂപീകരണത്തിന് നേതൃത്വം നല്‍കിയ നേതാവ് യാസര്‍ അറാഫത്തിന്റെ ശ്രമങ്ങള്‍ തുരങ്കം വെക്കാന്‍ അമേരിക്കന്‍ ഒത്താശയോടെ ഇസ്രായേല്‍ പ്രോല്‍സാഹിപ്പിച്ച് ഉടലെടുത്ത തീവ്ര പ്രസ്ഥാനമാണ് ഹമാസ് എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ അവര്‍ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ സായുധ മാര്‍ഗത്തിലൂടെ തിരിച്ചടിക്കുന്ന സംഘടനയായി മാറി.

Spread the love
English Summary: CONFLICT IN CPM ON ATTITUDE TOWARDS HAMAS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick