Categories
latest news

ഇസ്രയേല്‍ യുദ്ധം തുടങ്ങി, 200 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാലസ്തീന്‍ സായുധ പ്രസ്ഥാനമായ ഹമാസ് ഇസ്രയേലിലിനു നേരെ നടത്തിയ ആക്രമണത്തിന് ഇസ്രയേലിന്റെ കനത്ത തിരിച്ചടി. ഞങ്ങള്‍ യുദ്ധത്തിലാണ് എന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ കനത്ത ആക്രമണമാണ് ഇസ്രായേല്‍ ഗാസ മുനമ്പിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതുവരെ 200 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇസ്രയേല്‍-പാലസ്തീന്‍ ഏറ്റുമുട്ടലുകളില്‍ ഇതേ വരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും മാരകമായ ഒന്നാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

thepoliticaleditor

യഹൂദരുടെ വിശ്രമദിനമായ ശനിയാഴ്ച തന്നെയാണ് ഹമാസ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. ഹമാസ് പോരാളികള്‍ ഗാസയ്ക്കടുത്ത സെഡ്രത്തില്‍ കേന്ദ്രീകരിച്ചിരിക്കയാണ്. അവിടെ നിന്നും ഇസ്രയേലിലേക്ക് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പറയുന്നത്. നിരവധി ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കി. ഇതിനു തിരിച്ചടിയായി ഗാസയിലേക്ക് ഇസ്രയേല്‍ അതിഭീകരമായി തിരിച്ചടിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ ഹമാസ് എന്ന പലസ്തീൻ തീവ്ര സംഘടനയിൽ നിന്നുള്ള ഡസൻ കണക്കിന് തോക്കുധാരികൾ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി വെടിയുതിർത്തു. ഹമാസ് നടത്തിയ ആക്രമണത്തില്‍ 40 ഇസ്രയേല്‍കാര്‍ കൊല്ലപ്പെട്ടതിനു പിറകെയാണ് ഇസ്രയേല്‍ അതിശക്തമായി തിരിച്ചടിച്ചത്.

തെക്കൻ ഇസ്രായേലിലെ ഒഫാകിം നഗരത്തിന്റെ പ്രാന്തപ്രദേശമായ കിബ്ബട്ട്സ് ഉറിമിന് സമീപം ഒരു ഔട്ട്ഡോർ പാർട്ടിയിൽ പങ്കെടുത്ത ഇസ്രായേലി സിവിലിയന്മാർക്ക് നേരെ പലസ്തീൻ തോക്കുധാരികൾ വെടിയുതിർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിവിലിയൻമാരും ആരോഗ്യ പ്രവർത്തകരും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് എല്ലാവരോടും ആഹ്വാനം ചെയ്തു.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യുഎസ് പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നോട് പറഞ്ഞതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇസ്രയേലിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേലില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസ് എയര്‍ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്.

ആറായിരത്തിലധികം മലയാളികളുൾപ്പടെ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രായേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇസ്രായേൽ ഹമാസ് സംഘ‌ർഷം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കേന്ദ്രസർക്കാർ. സംഘർഷം രൂക്ഷമായി തുടരുകയാണെങ്കിൽ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.

ആക്രമണത്തെ യൂറോപ്യൻ രാജ്യങ്ങൾ അപലപിച്ചു. യുകെ, ഫ്രാൻസ്, ജ‍ര്‍മ്മനി, സ്പെയിൻ അടക്കം രാജ്യങ്ങൾ ആക്രരമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.

ഇസ്രായേലിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു . ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറിൽ തന്നെ കഴിയുന്നതിനാണ് നിർദ്ദേശം ലഭിച്ചതെന്നും മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രായേൽ മേഖലയിലുള്ള ജനങ്ങൾക്കുള്ള നിർദ്ദേശം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick