ഇന്ത്യ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്തിലും ഗുരുതരമായ ജനാധിപത്യ ധ്വംസന കാലത്തേക്ക് തിരിച്ചു പോയേക്കാന്‍ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് കാര്‍മ്മികനാവുമെന്നും ഇന്ത്യയിലെ ചില രാഷ്ട്രീയ വിശകലനവിദഗ്ധരമായ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് പൗരാവകാശങ്ങളെ മറികടക്കുന്നതിനായി ഇന്ദിരാഗാന്ധിയുടെ ഭരണകൂടം നിരന്തരം പ്രചരിപ്പിച്ച ഒരു കാര്യം പൗരന്‍മാരുടെ കടമ എന്ന വിഷയം ആയിരുന്നു. “നാവടക്കൂ പണിയെടുക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അര്‍ഥവും പൗരന്‍മാരുടെ കടമ എന്നതില്‍ ഊന്നിയായിരുന്നു. കടമയെക്കുറിച്ചാണ് ഭരണകൂടം അന്ന് നിരന്തരം ഓര്‍മിപ്പിച്ചത്.
തികച്ചും ആകസ്മികമെന്നു തന്നെ പറയണം, ഇപ്പോള്‍ നരേന്ദ്രമോദിയും നിരന്തരം സംസാരിക്കുന്നത് കടമകളെക്കുറിച്ചു മാത്രമാണ് എന്നതാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അവകാശങ്ങളെക്കുറിച്ച് മോദി ഒരിക്കലും ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതും രസകരമായ കാര്യമാണ്.
പ്രധാനമന്ത്രി എന്ന നിലയില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങളെക്കുറിച്ച് ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ലാത്ത മോദി എന്നാല്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നാല് തവണയാണ് കടമയെക്കുറിച്ച് ഓര്‍മിപ്പിച്ചത്. ഇത് നമ്മുടെ കടമയാണ്, ഓരോ പൗരന്റെയും കടമയാണ്, ഈ യുഗം “അമൃത്കാല്‍” “കര്‍ത്തവ്യ കാല”മാണ്, കടമയുടെ യുഗമാണ്-ഇങ്ങനെ ഒറ്റ ശ്വാസത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകയായ വന്ദന മേനോനും ഹുമ്ര ലയീഖും നിരീക്ഷിക്കുന്നു.
അടുത്ത 25 വര്‍ഷം ഇന്ത്യയുടെ “കര്‍ത്തവ്യകാല”മായിരിക്കുമെന്ന് മോദി മറ്റൊരു പ്രധാന പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നു. അതായത് കര്‍ത്തവ്യ കാലഘട്ടം. എന്നാല്‍ കടമകളെക്കുറിച്ചല്ലാതെ അവകാശങ്ങളെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടുന്നേയില്ല.
ഡെല്‍ഹിയിലെ പുരാതനപ്രസിദ്ധമായ ‘രാജ്പഥ്’ എന്ന പാതയുടെ പേരു മാറ്റിയ ബിജെപി സര്‍ക്കാര്‍ പകരം ഇട്ട പേരും ശ്രദ്ധിക്കണം-‘കര്‍ത്തവ്യ പഥ്’ എന്നതാണത്. അതിലും കടമ, കര്‍ത്തവ്യം പ്രധാന പദമായി മാറുന്നത് യാദൃശ്ചികം മാത്രമാണോ.
കഴിഞ്ഞ ദിവസം പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ തന്റെ അവസാനത്തെ പ്രസംഗത്തിലും പ്രധാനമന്ത്രി കടമകളെക്കുറിച്ചു മാത്രം ഓര്‍മിപ്പിച്ചതും ശ്രദ്ധേയമാണ്. നമ്മുടെ കടമകള്‍ നിറവേറ്റാന്‍ സെന്‍ട്രല്‍ ഹാള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു എന്നാണ് മോദി പ്രസംഗിച്ചത്. അതേസമയം ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ട ഈ വിശുദ്ധ മന്ദിരത്തിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തെപ്പറ്റി ഒരക്ഷരം പ്രധാനമന്ത്രി മിണ്ടിയില്ല എന്നത് ഞെട്ടിക്കുന്നതുമാണ്. അവകാശങ്ങളെക്കാള്‍ കടമകള്‍ക്ക് ഊന്നല്‍ നല്‍കുന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മാത്രമല്ല, ഫാസിസ്റ്റ് പാര്‍ലമെന്ററി തത്വശാസ്ത്രത്തിന്റെ തന്ത്രവുമാണ്. ഇന്ദിരാഗാന്ധി ഇതുപയോഗിച്ചാണ് പൗരാവകാശധ്വംസനത്തിന് ന്യായീകരണം കണ്ടെത്തിയത്.
അടിയന്തിരാവസ്ഥയുടെ നാളുകളില്‍ 1976-ല്‍ ഇന്ദിരാഗാന്ധി നടത്തിയ ഭരണഘടനാ ഭേദഗതികളില്‍ നമ്മള്‍ എപ്പോഴും ഓര്‍ക്കുന്നത് ആമുഖത്തിലെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് എന്നത് പുതുക്കി പരമാധികാര, സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക് എന്ന് ഭേദഗതി വരുത്തിയതാണ്. എന്നാല്‍ നമ്മളാരും അറിയാത്ത ഒരു കാര്യമുണ്ട്. പൗരന്‍മാരുടെ പത്ത് അടിസ്ഥാന കടമകള്‍, അഥവാ ചുമതലകള്‍ ഭരണഘടനയില്‍ പുതിയതായി ഉള്‍പ്പെടുത്തിയതും ഇതേ ഭേദഗതി വഴിയായിരുന്നു. മാത്രമല്ല നിലവിലുള്ള ഡസന്‍കണക്കിന് വകുപ്പുകളില്‍ ഭേദഗതി വരുത്തുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്കു ശേഷം വന്ന സര്‍ക്കാര്‍ 42-ാം ഭരണഘടനാ ഭേദഗതിയുടെ ഭൂരിഭാഗവും റദ്ദാക്കി. പക്ഷേ കടമകള്‍ മാറ്റമില്ലാതെ നില നിര്‍ത്തി. ഇവ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് ഇപ്പോള്‍ മോദിയുടെ പിന്തുണക്കാരായ നിയമജ്ഞര്‍ വാദിക്കുന്നതും ഇപ്പോള്‍ കാണുന്നു.
ചുരുക്കത്തില്‍ പൗരാവകാശങ്ങള്‍ക്കെതിരെ ഒരു മുഖംമൂടിയായിട്ടാണ് കടമകള്‍ എന്നോ കര്‍ത്തവ്യങ്ങള്‍ എന്നോ ഉള്ള ആശയത്തിന് മാത്രം ഊന്നല്‍ കൊടുത്ത് ഭരണകൂടം സംസാരിക്കുന്നത് എന്ന് നിരീക്ഷിക്കാവുന്നതാണ്. അതാണ് കഴിഞ്ഞ കാലത്തെ ഇന്ത്യ കണ്ട യാഥാര്‍ഥ്യവും. അത് ആവര്‍ത്തിച്ചേക്കാമെന്നതിന് സൂചനയാണ് നരേന്ദ്രമോദി ആവര്‍ത്തിച്ച് കടമകളെക്കുറിച്ചു മാത്രം ഓര്‍മിപ്പിച്ചു നടത്തിവരുന്ന പ്രസംഗങ്ങള്‍. അദ്ദേഹത്തിന്റെയും സംഘപരിവാറിന്റെയും മനസ്സിലിരിപ്പ് വെളിവാക്കുന്ന ഒരു ആശയപ്രകാശനമാണത്. അടിയന്തിരാവസ്ഥയെ അര്‍ധ ഫാസിസ്റ്റ് ഭീകരത എന്നാണ് പിന്നീട് അടയാളപ്പെടുത്തിയതെങ്കില്‍ ഇതാ അതിലും വലിയ ഒന്നിലേക്ക് ജനാധിപത്യ ഇന്ത്യയെ നയിക്കാന്‍ പുതിയ ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണാധികാരികള്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഭരണഘടനാ ദിനം എങ്ങിനെ ആഘോഷിക്കണം എന്നതിനെ സംബന്ധിച്ച് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അഥവാ വിദ്യാഭ്യാസ മന്ത്രാലയം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തിലെ ഒമ്പത് നിര്‍ദ്ദശങ്ങളില്‍ അഞ്ചും കടമകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. ആ നിര്‍ദ്ദശങ്ങളിലൊന്നില്‍ പോലും അവകാശങ്ങളെക്കുറിച്ച് പരാമര്‍ശമില്ല എന്നത് ഞെട്ടിക്കുന്നതല്ലേ…!!!